മാർജാരം – അരുൺ മങ്ങാട്ട് എഴുതിയ കവിത
Mail This Article
ഹോ ഞാനെന്ന ക്ളീഷേ!
പ്രേതപ്പടങ്ങളിൽ
യക്ഷിയുടെ ആഗമനത്തിന് തൊട്ട്മുമ്പ്.
അതുമല്ലെങ്കിൽ
അടുക്കളയിലെ എന്റെ സ്ഥിര
ഒബ്സെഷനുകളോടൊത്ത്.
തട്ടി മറിച്ചിട്ടൊരു ചൂട് പാൽ
പാത്രമുടഞ്ഞ പ്രതിധ്വനികളിൽ,
മൂന്നുകാലങ്ങളിലേക്ക് തെറിച്ചു
വീഴാൻ വെമ്പുന്നൊരു നീണ്ട കരച്ചിലിൽ....
ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒറ്റയ്ക്കാകുമ്പോഴും
പ്രതിബിംബങ്ങളിൽ തട്ടി ഞാൻ വീഴാറില്ല
നിലാവിറ്റിക്കാത്ത നിരർഥതകളിൽ
ഇരുട്ടൊരു തിരിച്ചറിവും.
ഈ പ്രപഞ്ചം മുഴുവൻ ഞാനെന്ന ഗരിമ.
എത്ര എളുപ്പമാണ് നിങ്ങളെന്നെ
വരകളിലും വരികളിലും കുരുക്കിയിട്ടത്.
അമാവാസികളിലെ അബോധപർവ്വങ്ങളിൽ
ശ്യാമദ്രഹവിത്രാസ്സങ്ങളിൽ.
നിലവിളികൾ എഡിറ്റ് ചെയ്യാനാകാത്ത
നിസ്സംഗതകളിൽ.
കാറലുകൾകൊടുവിലെ ന്യൂനോക്തികളിൽ..
തണുത്തുറഞ്ഞ മൗനങ്ങളിൽ.
പൊന്നുരുക്കുന്നിടങ്ങളിലെ
കാര്യമില്ലായ്മകളിൽ.
കണ്ണടച്ച് വറ്റിച്ച കാൽപനികതകളിൽ...
മൂന്നോ നാലോ വരകളിൽ,
അത്ര തന്നെ വരികളിൽ
കഥയായ്, കവിതയായ്, പതിരില്ലാത്തതായ്..
ഓഷ് വിറ്റ്സിനൊടുവിൽ കവിതമരിച്ചെന്ന് ചിലർ.
ഏതു ദുഷ്കാലത്തും കവിത
പിറക്കുമെന്ന് മറ്റ് ചിലർ.
എങ്ങനെവീണാലും നാല് കാലിലെന്നു ഞാനും...
എല്ലാവരും എന്നെ ഓമനിച്ചോമനിച്ചായുസ്സേറിയവർ
ആയുസ്സറ്റുറങ്ങാതെ ഈ ഞാനും.
ഒരു കാര്യം നേരാണ്
മച്ചിൽ എലികളുടെ എണ്ണം കുറഞ്ഞ് വരുന്നു..
ഒരു ചോദ്യം തികട്ടിവെയ്ക്കുന്നു
പൂച്ചയ്ക്കാര് മണികെട്ടും...