എനിക്ക് നിന്നോട് പ്രണയമാണ്, നിന്റേതാകാൻ കഴിയില്ല എന്നറിഞ്ഞിട്ടും...!
Mail This Article
എടോ മാഷേ,
എനിക്ക് തന്നോട് പ്രണയമാണ്...
ഈ ജന്മം എന്നല്ല, ഇനി ഒരു ജന്മവും എനിക്ക് നിന്റേതു ആകാൻ കഴിയില്ല എന്നറിഞ്ഞിട്ടും... ഇനി ഉള്ള ഓരോ ജന്മങ്ങളും നീ പലർക്കുമായി പങ്കു വെച്ച് കൊടുത്തു എന്നറിഞ്ഞിട്ടും... എനിക്ക് നിന്നോട് അസ്ഥിക്കു പിടിച്ച പ്രണയം ആണ്... ഇമചിമ്മാതെ നിന്നെ നോക്കി ഇരിക്കുന്ന എന്റെ കണ്ണുകൾക്ക്, നിന്റെ കണ്ണുകളുമായി കൂട്ടി മുട്ടുമ്പോൾ, എന്തൊരു ആനന്ദം ആണെന്നോ.. വിരൽ തുമ്പിൽ തൊട്ടു കടന്നു പോകുന്ന, നിന്റെ ഓരോ സ്പർശനവും എന്റെ വിരലുകൾക്ക് ആലിംഗനങ്ങൾ ആണ്...
കോട മഞ്ഞു തഴുകി കടന്നു പോകാൻ ജനാല തുറന്നിട്ടപ്പോഴും, പിന്നീട് തണുത്തു വിറങ്ങലിച്ചപ്പോൾ ജനാല വിരി വലിച്ചിട്ടപ്പോഴും, നിന്റെ പ്രണയം ഞാൻ അറിഞ്ഞിരുന്നു.. നിന്നെ ചുംബിക്കണം എന്ന് തോന്നുമ്പോൾ ഒക്കെയും, ഞാൻ എന്റെ ഇടതു കൈയിലെ മോതിര വിരലിൽ ചുംബിക്കും... ആ വിരലിനു ഹൃദയത്തിലേക്കു ഉള്ള ദൂരം കുറവ് ആണത്രേ... നീ എന്റെ ഹൃദയത്തിൽ കുടിയിരിക്കുക അല്ലെ... എനിക്ക് നിന്നോട് പ്രണയം ആണ്... അസ്ഥിക്ക് പിടിച്ച പ്രണയം...