ആത്മനൊമ്പരങ്ങൾ – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
ഈ ലോകമെന്റേതല്ലല്ലോ
ഞാനതിനെ സ്വീകരിക്കണൊ
ഈ ലോകം ശരിയല്ലല്ലോ
അതിനെക്കുറിച്ചു എന്തു മിണ്ടാൻ
കണങ്ങളുടെ നിർഝരിയിൽ
നെഞ്ചകത്ത് മുദ്ര വെച്ച് പൂട്ടിയ
ആത്മനൊമ്പരങ്ങളുമായ്
ക്രൂരകപടലോകമേ
എന്റെ തന്നെ ആഴങ്ങളിലേക്ക്
ഞാൻ പടിയിറങ്ങട്ടെ!
2
പഥികനില്ലാത്ത
പാതയിൽ നീ
പാഥേയമൊരുക്കി
കാത്തു നിൽക്കുവതെന്തിനു!
3
നീയുച്ചരിച്ചതെല്ലാം മറക്കാം
നിന്റെ ചെയ്ത്തും ചതിയും മറക്കാം
മറക്കാനാവില്ലയെന്നാൽ
നീയെൻ പ്രാണനെ
പൊള്ളിച്ച നിമിഷങ്ങൾ.
4
പുറമില്ല വലുപ്പത്തിനു
ചെറുപ്പത്തിനുള്ളുമില്ല
ഉള്ളിലൊന്നുമില്ലാത്ത നിലയ്ക്ക്
ജഡതയിലിരുളിൽ
വെളിയിലെന്തന്വേഷിപ്പാൻ.
5
മഞ്ഞുമുത്തുമണിയോരോന്നിലും
ഉരുൾ കൊണ്ടു പോയെന്റെ
വീട് കാണുന്നു ഞാൻ
ഇപ്പോൾ നിശ്ശബ്ദത,
ഹുങ്കാരത്തിന്റെ അഭാവം
മാത്രമല്ലെന്നറിയുന്നു ഞാൻ.
6
ഏതൊ ഒരു വെളിച്ചത്തിന്റെ
തിളങ്ങുന്ന നിഴൽ രൂപമാകാം ഞാൻ
നിഴലിനു നിഴൽ വീഴ്ത്തുവാനാകുമൊ
സൂര്യന്റെ നിഴൽ എവിടെയാണ്
രാത്രിയെ ഓർമ്മിപ്പിക്കുന്ന
എന്റെ നെഞ്ചകത്തൊ
ദാഹം തീർക്കാൻ മുറിച്ചിട്ട
ഒരു ചെറുനാരങ്ങാപ്പാതിയിലൊ?