പഗോതിപ്പായസം – സിന്ധു സൂര്യ എഴുതിയ കവിത
Mail This Article
×
ഒടപ്പെറന്നോൻ
വണ്ടിമുട്ടി ചത്തേന്റെയന്നാണ്
നാലുമുക്കിലെ
അടച്ച പീടിക തുറപ്പിച്ച്
കൊയ്ത് കിട്ടിയ
കൂലികൊണ്ടവൾ
പുന്നെല്ലരിപ്പായസത്തിനു
കോപ്പ് കൂട്ടിയത്.
പിന്നാമ്പുറച്ചായ്‌പ്പിൽ
കൊതുമ്പും ചൂട്ടുമെരിഞ്ഞു.
പ്രാന്തെന്നും,
ചത്തവന്റെ ബാധയെന്നും കൂട്ടീട്ട്
നാലു ചുറ്റിലും കരക്കാര്
മിണ്ടി നിറച്ചു.
"ന്റെ.. പഗോതിയേയ്..!" ന്ന്
അലറിപ്പൊട്ടിയ
നിലവിളിയിൽ
ശ്രീലകമടച്ച് ഭഗവതിയുറങ്ങി
ഉറക്കക്കണ്ണിൽ
ചുണ്ടും നെഞ്ചും
മുറിഞ്ഞ പെണ്ണിന്റെ
രക്തം നനഞ്ഞ്
ഭഗവതിയുണർന്നു
കുളക്കല്ലിൽ തല്ലിയുടച്ച
പൂങ്കുല പോലൊരുവൾ!
നെഞ്ച് തല്ലിക്കരഞ്ഞ്
പഗോതി കോവിലിറങ്ങുന്നു!
ചീന്തിയ പുടവയും
തനുവും കടന്ന്
പഗോതി അവളിലിറങ്ങി
കവലച്ചരിവിൽ
ചിതറിപ്പോയൊരു
പന്തീരടിപ്പൂവ്!
അവൾ ചിരിച്ചു,
പഗോതിയും.
നനഞ്ഞ മണ്ണ്
നൈവേദ്യ മധുരം!
പഗോതിക്ക്
നിറഞ്ഞ നീരാട്ട്!
English Summary:
Malayalam Poem ' Pagothippayasam ' Written by Sindhu Surya
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.