പ്രണയ ഭേദം – സാനിയോ ഡെന്നി എഴുതിയ കവിത
Mail This Article
ചുവന്ന പൂക്കള്‍ ചിറകു തുന്നിയ
പ്രണയ ശാഖിയിൽ
ഇണക്കിളികളായിരുന്ന നേരത്തും..
ഒരേ വർണ തൂവലെങ്കിലും രണ്ടു
ലോകങ്ങളിലായിരുന്നു നമ്മൾ.
നിന്നിലേക്ക് പകർന്ന കാതലായ
ഹൃദയ നീരുറവയ്ക്കു തടയണയൊന്നും
തീർക്കാതെയൊഴുക്കി ഞാൻ..
നീയതിനെയറിഞ്ഞത് വെറും
പ്രണയമായി മാത്രം..
വിരഹവേദന എനിക്ക് പ്രാണന്റെ
പിടച്ചിലായിരുന്നെങ്കിൽ നിനക്കതു
പിരിഞ്ഞിരിക്കുന്ന സന്ധ്യകൾ മാത്രമായിരുന്നു..
തളിർ ചില്ല കാറ്റിൽ ഉലയുന്ന നേരത്തു
തെളിഞ്ഞ വാനിൽ മഴവില്ല് തെളിയിച്ചയെൻ
സ്വപ്നങ്ങളൊക്കെ.. നിനക്ക്
നേരം പോക്കിയ ജൽപ്പനങ്ങളായിരുന്നു.
മൗന നോവു വിരിയിച്ച സാന്ദ്രമാം മിടിപ്പിനാൽ
ഞാണൊലി മുഴക്കിയൊരു പേമാരിയായി
പെയ്തു തീർന്ന രാഗ ഭേദങ്ങൾ..
കാറ്റിൽ ചിന്നിചിതറിയ ജലകണികകൾ
മാത്രമായി അറിഞ്ഞു നീ.
സങ്കട ചിമിഴിന്റെ പാതി കുമ്പിളിൽ മന്ത്രിച്ചു
ഞാൻ നൽകിയ മൗനാക്ഷരങ്ങൾ..
എഴുത്താണി കോറലുകളായി മാത്രം നിനച്ചു നീ.
ഉന്നം മാറിയെന്നിൽ പതിച്ച അമ്പ് തീർത്ത
മിന്നൽപ്പിണരിനും അപ്പുറം
ഞൊടിയിടയിൽ അകന്നുപോയ നിൻ
ചിറകടിയൊച്ച ഇടിനാദമായിരുന്നു പ്രണയമേ..