ഓർമ്മയിലേക്ക് ഒരിക്കൽ – സജ്ന മുസ്തഫ എഴുതിയ കവിത
Mail This Article
ഒരിക്കൽ
എന്റെ ഓർമ്മകളുടെ ശവകല്ലറയിൽ
പ്രജ്ഞയറ്റ മനസ്സോടെ
നീ വരും ..
അന്ന് കൈയിൽ ഒരു കുടന്ന
പൂ നീ കരുതുക
കാലം തല്ലിക്കൊഴിച്ച
ആ വസന്തത്തിന്റെ ചില്ലയിൽ നിന്നും
ഇറുത്തെടുത്തത്
കണ്ണിലൊരിത്തിരി
കനൽ നീ കാക്കുക
ആളിക്കത്തിയോരാസക്തിയുടെ
ആലയിൽ നിന്നും പകർന്നെടുത്ത്
ഒരു കുമ്പിൾ കണ്ണീർ ...
ഉള്ളിലൊരിക്കൽ
തിരതല്ലിയിരുന്നൊരു
കടലിന്റെ ഓർമ്മക്ക്..
ഒരു വാക്കിന്റെ ഇതൾ പോലും
കൊഴിയാതെ സൂക്ഷിക്കുക..
ഒരു കാൽപ്പാടുപോലും
ശേഷിക്കാതെ മായ്ച്ചു കളയുക..
യാത്രാമൊഴി കൂടി...
വേണ്ട വേണ്ട..
ഒരു മഞ്ഞുകാലമെന്റെ
ഹൃദയത്തിൽ തൊട്ടതിന്റെ
പൊള്ളലിനിയും മാറിയിട്ടില്ല
അതിനാൽ..
ഒരിക്കൽ എരിഞ്ഞടങ്ങിയ
നമ്മുടെ നീറുന്ന ഓർമ്മകളെ
നിന്റെ മറവിയുടെ പുഴയിൽ
നിമജ്ജനം ചെയ്യുക
എങ്കിലും ...
മൗനത്തിന്റെ ചഷകത്തിൽ
പ്രണയത്തിന്റെ വിഷം
പകർന്നു നൽകിയവനേ..
നിനക്കു നന്ദി....