ഒരു പുനർജ്ജനിക്കായ് – ഗിരിജ ചാത്തുണ്ണി എഴുതിയ കവിത
Mail This Article
മണ്മറഞ്ഞുപോയ കാലത്തിന്റെ ഓർമ്മകളിലൂടെ
എത്ര ദൂരമാണ് മനുഷ്യർ സഞ്ചരിക്കുന്നത്.
ഓരോ പദനിസ്വനവും ഓടിമറഞ്ഞ കാലങ്ങളിലൂടെ
വീണ്ടും തെളിച്ചപ്പെട്ടടയാളമായി
നിശബ്ദതയുടെ ജലതണുപ്പിൽ മുങ്ങാം കുഴിയിടുന്നത്
ചില്ലകളില്ലാത്ത വേരുകളിൽ
ഇലഞ്ഞരമ്പുകൾ തെളിയുന്നത്
പെരുമഴകാറ്റിൽ കൊഴിഞ്ഞു വീണ പൂക്കളെ
തീർഥാടനത്തിനയക്കുന്നത്
ഉറക്കത്തിനായൊരു പകൽ രാമഴ കാത്തിരുന്നപ്പോൾ
ഒരൊറ്റയാകാശത്തിന്ന് താഴെ
ഒറ്റമരങ്ങളുടെ ഗാംഭീര്യത്തോടെ
നടന്നുപോയ മഴമേഘങ്ങൾക്ക് കൂട്ടുനടന്നത്
ജാലകപ്പഴുതിലൂടെ ഇറങ്ങിപ്പോയി
മഴയും വെയിലും കോരിയെടുത്തു കാറ്റിന് കൊടുത്തത്
വിസ്മയങ്ങളുടെ ചത്വരം തീർക്കുന്ന
ജനൽചതുരങ്ങൾ എത്ര കാഴ്ചകളാണ്
ഓർമ്മകൾക്ക് നിത്യവും കൊടുക്കുന്നത്
എന്നിട്ടും
മറവികളുടെ ഒറ്റകൈ ചില്ലകളിൽ കൂടുകൂട്ടിയ
സ്പന്ദമാപ്പിനികളെയാണ്
ഓർമ്മകളിപ്പോഴും തിരയുന്നത്
ഏതോർമ്മകളെയാണ് മറവി ആദ്യം കൊണ്ടുപോകുന്നത്
ആദ്യത്തെ ഓർമ്മകളെയോ, അതോ
പിന്നീടുവന്ന ഓർമ്മകളെയോ!!
അതോ മറക്കരുതെന്നാഗ്രഹിച്ച ഓർമ്മകളെയോ!!