പെണ്ണ് – അൻസാർ ഏച്ചോം എഴുതിയ കവിത
Mail This Article
തീണ്ടൽ കല്യാണം കഴിഞ്ഞ് പിറ്റേന്ന്
അടുക്കളയിൽ മെലിഞ്ഞുതുടങ്ങിയ
അവളെ നോക്കി
മീശ പിരിഞ്ഞു
"പെണ്ണായിരിക്ക്ണു"
പാത്രങ്ങളുടെ കലപിലയും
വിഴുപ്പലക്കലിന്റെ ഓർക്കസ്ട്രയും
അരി തിളക്കലിന്റെ ഓളവും
പിറുപിറുക്കലിന്റെ ബിജിഎമ്മും
സംഗീതം പോലെ
അവളും പെണ്ണായി
പകൽ സ്വയം വിയർപ്പിലും
ഇരുട്ടുനേരത്ത് ആരുടെയോ വിയർപ്പിലും
അവളുടെ മാനം മുങ്ങിത്താഴ്ന്നു
റേഷൻ ഷാപ്പിലെ നീണ്ട ക്യൂവിൽ
ഒടുക്കം തൊട്ട് മൂന്നാമതായിരുന്നിട്ടും
അളവ് യന്ത്രത്തിന്റെ
തുറിച്ചു നോട്ടം മാറിലേറ്റ്
അവൾ
അന്നം മുടക്കി തിരിഞ്ഞു നടന്നു
അടുത്ത നാളിലെ
സംഗീതക്കച്ചേരിക്ക് ഓളം കിട്ടാൻ
ഷാപ്പിനടുത്തുള്ള കടയിൽ
അരിക്ക് ഓർഡർ ചെയ്തപ്പോൾ
കണ്ണുതെറ്റി ഉപ്പുരുചിയുള്ള
വിരസമായ പഞ്ചസാര
കവറുനിറഞ്ഞു
വാരിയെല്ലിനെ ശപിച്ചുകൊണ്ട്
അവൾ സംഗീതം തുടർന്നു
ചലാനിൽ പൂജ്യം അധികമുണ്ടെന്ന്
ഒച്ചവെക്കാനൊരുങ്ങിയപ്പോൾ
"പെണ്ണ്" അവളെ തടഞ്ഞു
ഒടുക്കം
നിലാവ് പെയ്യുന്നൊരു രാത്രി തന്നെ
വീർപ്പു മുട്ടി
വിശപ്പ് തീണ്ടി
അവളുടെ സംഗീതം മരിച്ചു
ഉടലൂരിയെറിഞ്ഞ മനുഷ്യാത്മാവ്
ദൈവത്തിന് മുന്നിൽ നിരാഹാരമിരുന്നു
"ആണായാൽ മതി"