സീത – അമൽ രാജ് എഴുതിയ കവിത
Mail This Article
കാനനവാസ ദിനങ്ങളെന്നിൽ,
നിന്നൊഴിഞ്ഞിടുന്നു സീതയാമത്തിനായ്..
ഏറെ നാളായി കണ്ട സ്വപ്‌നങ്ങളെന്നപോൽ
സീതയെ നിന്നിലലിഞ്ഞീടുവാൻ.
അഴികളിൽ ഇഴ കോർത്തിരുന്നു ഞാൻ....
കണ്ടു കൺമറഞ്ഞെൻ നീലവാനവും....
കണ്ണിനിമകളിൽ രാവമർന്നൊടുങ്ങിയെൻ,
ദേഹിയെ... ഈ ദീർഘ പാളിയിൽ
തളച്ചു നീ....
ഇരുട്ടിരുട്ടിൽ ചെയ്ത പാപങ്ങളത്രയും
എരിയുന്ന ദേഹിയിൽ തീയായ്, കനലായ്
കാലങ്ങൾ സാക്ഷിയായ് ദൂരേക്കണഞ്ഞൊരീ
ചോര തൻ പാടുകൾ മായുമോ കൈകളിൽ,
സീതയെ നിന്നെ തിരഞ്ഞിറങ്ങുന്നു ഞാൻ
എൻ പ്രാണനിൽ നിൻ കരങ്ങൾ വയ്പാൻ....
ദൂരെ ദൂരെയാ വഴിയിലായ് കാണാം
നിണമിറ്റിറ്റു വീഴുന്ന വഴിയോര വാകയെ,
രക്തത്തിൽ മുങ്ങി നിവർന്നൊരെൻ വാകയിൽ
രക്തമോ രക്തമല്ലായിരുന്നു.
കണ്ണകന്നകലേക്കകലെക്കാണാമാ
ചക്രവാളത്തിലൊളിക്കുന്ന നീചനെ
"നീചനാണവൻ" !
പാവമാം ചന്ദ്രത്തിലകത്തെയിന്നവൻ
ഇരുട്ടിലിന്നേകിയായുപേക്ഷിച്ചൊളിച്ചവൻ.
എങ്കിലും സീതയേ നീ ഹനിക്കേണ്ടയീ
രാമനീ നിന്നിൽ നിന്നകലില്ലൊരിക്കലും.
കാത്തിരുന്നെൻ കൺമയങ്ങുന്നു സീതയെ
കാണുവാൻ ഇനിയെത്ര കാക്കണം ഞാൻ...
ദൂതുമായ് വന്നെന്റെ കാൽക്കൽ വിളിച്ചവർ
സീതയണഞ്ഞിതിന്നെന്നെ തിരയുന്നു.
അഴികളകലുന്നു, നടവഴികൾ തുറക്കുന്നു...
ആ പടവുകളേറണം സീതയെ കാണുവാൻ.
ഓടിക്കിതച്ചു ഞാൻ ഓരത്തണഞ്ഞിട്ടു -
മവളോതി എന്നവസാനമാം ആശയും.
ആശ മരിച്ചൊരീയെന്നിലന്നാശ വിടർന്നൊരീ
ആശയാം "രാമസീതായനം"
അഞ്ചിതൾ പുഷ്പമാം സീതയുടെ തേൻകണ-
മെന്നധരത്തിലലിഞ്ഞതോ ഞാൻ നിശ്ചലം.
ദേഹത്തമർന്നവൾ ദേഹിയെ കൊണ്ടുപോയ്
ഇരു ദേഹമൊന്നായിരുട്ടിലലിഞ്ഞു പോയ്...
''സീതയാം മരണമേ എടുത്തു കൊൾക നീ
ഇറ്റിറ്റു വീഴുമി അവസാന രക്തവും
ഇനിയൊരു ജന്മമീ മനുജനു വേണ്ടയീ
നിന്നിലൊരു കണമായ് അലിഞ്ഞു
കൊൾക ഞാൻ "