വീട്ടിലെ പൂക്കൾ പറിച്ചെടുത്ത സ്ത്രീയെ ശകാരിച്ചു; എന്നാൽ അവരുടെ കഥ അറിഞ്ഞപ്പോൾ കുറ്റബോധം സഹിക്കാനായില്ല...
Mail This Article
ട്രാൻസ്ഫറായി ഈ നാട്ടിലേക്ക് വന്നപ്പോൾ താമസിക്കാൻ കിട്ടിയ പുതിയ വാടക വീട്ടിലേക്ക് ഗൃഹോപകരണങ്ങളുടെ കൂടെ എന്റെ നാട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന മനോഹരങ്ങളായ റോസാപുഷ്പങ്ങൾ വിരിയുന്ന പത്തു പൂച്ചട്ടികൾ കൂടി ഞാൻ ലോറിയിൽ കയറ്റി കൊണ്ടുപോന്നിരുന്നു. മതിലിന് മുകളിൽ അവ നിരനിരയായി വച്ചു. വഴിയിൽ കൂടി പോകുന്ന പലരും പൂക്കൾ കണ്ട് മനസ്സ് കുളിർപ്പിക്കുന്നതായി എനിക്ക് തോന്നി. നാടും നാട്ടിലെ ജനങ്ങളെയും പരിചയിച്ചു വരുന്നതേയുള്ളൂ. എനിക്ക് കൂടുതൽ ആവേശമായി. ആ ഭാഗത്തുള്ള ഒരു നഴ്സറിയിൽ നിന്ന് കുറച്ച് റോസാ ചെടികൾ കൂടി വാങ്ങി ഞാൻ മതിലിൽ നിരത്തി. പൂച്ചെടി വിൽപ്പനക്കാരൻ പറഞ്ഞുതന്നതു പ്രകാരം പൂക്കൾ കൂടുതൽ വിരിയുവാനുള്ള സാങ്കേതിക വിദ്യയും മരുന്നും ഉപയോഗിച്ച് പൂക്കളുടെ എണ്ണം വർധിപ്പിച്ചു. ചുവപ്പും മഞ്ഞയും വെളുപ്പും നിറമാർന്ന റോസാപ്പൂക്കൾ, കാണുന്നവരുടെ മനസ്സിനെ മാടി വിളിച്ചു കൊണ്ടിരുന്നു. കുഞ്ഞുങ്ങളെ പോലെയാണ് ഞാൻ ചെടികളെ പരിപാലിച്ചു കൊണ്ടിരുന്നത്.
ഒരു ദിവസം ജോലി കഴിഞ്ഞു വൈകിട്ട് മടങ്ങി വരുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു. രാവിലെ വിരിഞ്ഞ് വിലസിയിരുന്ന മനോഹരങ്ങളായ റോസാപുഷ്പങ്ങളിൽ പകുതിയോളം ഇപ്പോൾ കാണ്മാനില്ല. എങ്ങനെയതു സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായില്ല. പൂക്കൾ അടർന്നുവീണതായ ലക്ഷണവുമില്ല. രണ്ടു നാൾ കഴിഞ്ഞപ്പോൾ രാവിലെ ചെടികളെല്ലാം വീണ്ടും പൂക്കൾ നിറച്ചു കൊണ്ട് എന്റെ സങ്കടത്തിന് പരിഹാരമുണ്ടാക്കി. പക്ഷേ, അന്ന് വൈകിട്ടും തിരികെ വരുമ്പോൾ, അത്ഭുതം തന്നെ! പകുതിയോളം പൂക്കൾ ഇപ്പോഴും കാൺമാനില്ല. ഒരെത്തും പിടിയും കിട്ടുന്നില്ല.
മൂന്നുനാലു ദിവസത്തിനുള്ളിൽ വീണ്ടും പൂക്കൾ നിറഞ്ഞു കവിഞ്ഞു. ആ ദിവസം എനിക്ക് ഡ്യൂട്ടി ഓഫ് ആയിരുന്നു. വീട്ടിനുള്ളിൽ പുസ്തക വായനയിൽ മുഴുകിയിരിക്കുമ്പോൾ പുറത്തൊരു പട്ടി കുര കേട്ടതിനാൽ മതിലിന് പുറത്തേക്ക് ഞാൻ നോക്കി. രണ്ട് കൈകൾ മതിലിന് മുകളിലേക്ക് ഉയരുന്നു. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ആ കൈകൾ നിർല്ലോഭം പൂക്കൾ പറിച്ചെടുക്കുകയാണ്. ഞാൻ പുറത്തേക്ക് പാഞ്ഞു. ഏകദേശം 80 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധ! ശുഭ്ര വസ്ത്രധാരിയാണ്. കുളിച്ച് ഈറനോടെ പൂക്കൾ പറിച്ചെടുക്കുകയാണ്. എന്റെ സാമീപ്യം അവർ ശ്രദ്ധിക്കുന്നതു പോലുമില്ല. അവരുടെ സമീപത്തായി ഒരു പൂക്കൂടയുമുണ്ട്. അതിൽ വേറെയും പലതരം പൂക്കൾ നിറഞ്ഞിരിക്കുന്നു. ഞാൻ മുരടനക്കി.
അവർ തിരിഞ്ഞുനോക്കി. എന്നെ കണ്ടതും അവർ കിട്ടിയ പൂക്കളുമായി വേഗം നടന്നു നീങ്ങി. മുഖത്ത് യാതൊരു ഭാവഭേദവുമില്ല. എന്തോ അധികാരമുള്ളതു പോലെയാണ് പൂക്കൾ പറിച്ചെടുത്തു കൊണ്ട് നീങ്ങുന്നത്. എനിക്ക് ദേഷ്യം ഇരച്ചു കയറി. "ഹേയ്, തള്ളേ.. ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഈ പൂക്കൾ പറിച്ചെടുത്തത്? ഞാൻ പൊന്നുപോലെ നോക്കുന്ന പൂക്കളാണ്. മേലാൽ ഈ വഴി വന്നാൽ കാലു തല്ലിയൊടിക്കും" കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ നടന്നകലുകയാണ് വൃദ്ധ. പറഞ്ഞു തീർന്നപ്പോഴാണ് എനിക്ക് തോന്നിയത് അത്രയും കടുപ്പത്തിൽ പറയേണ്ടായിരുന്നുവെന്ന്! പോയ വാക്ക് തിരിച്ചെടുക്കാൻ ആവില്ലല്ലോ.
ദിവസങ്ങൾ കടന്നുപോയി. പിന്നെയും പൂക്കൾ നിർബാധം വിരിഞ്ഞു. അവ തനിയെ കൊഴിഞ്ഞു വീണു. വൃദ്ധയുടെ ശല്യം ഇല്ലാതായി എന്ന് തന്നെ ഞാൻ നിനച്ചു. ഒരു ദിവസം രാവിലെ നാട്ടുവഴികളിലൂടെ നടക്കാൻ ഞാൻ ഇറങ്ങിയപ്പോൾ അൽപ്പമകലെ ഒരു ചെറിയ വീടിന്റെ മുറ്റത്ത് ഒരാൾക്കൂട്ടം. അവിടെ ഒരു മരണം നടന്നിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങോട്ട് ഞാൻ കയറി. പരിചിതമായ മുഖങ്ങളുള്ള ആരുമില്ല. വരാന്തയിൽ - പരിചിതമായ ആ മുഖം! വെള്ളമുണ്ട് പുതച്ച് കിടക്കുകയാണ് അവർ. ഞാൻ വഴക്ക് പറഞ്ഞു ഓടിച്ചു വിട്ട വൃദ്ധ. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. മുഖത്ത് എന്തെന്നില്ലാത്ത ശാന്തതയോടെ അവർ കിടക്കുന്നു. അരികിൽ ഇരിക്കുന്നത് കാഴ്ചശക്തി ഇല്ലെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്ക്കയായ ഒരു പെണ്ണും. കൂടിയിരിക്കുന്നവരിൽ ആരോ പറയുന്നത് കേട്ടു. "പാവം! കാഴ്ചയില്ലാത്ത ആ പെണ്ണിന് അമ്മയില്ലാതായി. അവളുടെ കാര്യം ഇനി കഷ്ടം തന്നെ."
പൂക്കൾ ശേഖരിച്ചുകൊണ്ട് സമീപത്തുള്ള അമ്പലത്തിൽ കൊടുത്ത് കിട്ടുന്ന തുച്ഛമായ തുകയും അവിടുത്തെ നിവേദ്യവും ആയിരുന്നത്രേ അവരുടെ ജീവിതം നയിച്ചിരുന്നത്. നാട്ടിലെ പലരും പൂക്കൾ പറിച്ചെടുക്കാൻ അവരോട് സഹകരിച്ചിരുന്നു എന്നുമറിഞ്ഞു. എല്ലാവരും അറിഞ്ഞും ഉള്ളഴിഞ്ഞും പൂക്കൾ പറിച്ചെടുക്കാൻ മൗനാനുവാദം അവർക്ക് കൊടുത്തിരുന്നു. ഞാൻ മാത്രം! ഞാൻ മാത്രമത് അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. കാഴ്ചയില്ലാത്ത മകളെ വളർത്താൻ തനിക്ക് ഈ പ്രായത്തിലും കഴിയുമെന്ന് തെളിയിച്ച സ്ത്രീശക്തിയുടെ പര്യായമായി അവർ എന്റെ മുന്നിൽ ഭാവഭേദമില്ലാതെ നിൽക്കുന്നതായി തോന്നി. എന്തെന്നില്ലാത്ത ഒരു വികാരം എന്നിൽ നിറഞ്ഞു. കുറ്റബോധമോ, അതോ വേദനയോ! മനസ് വിങ്ങുകയാണ്. പിന്നെയും പൂക്കൾ നിർബാധം എന്റെ വീട്ടിൽ വിരിഞ്ഞു. ആർക്കും ഉപകരിക്കാതെ അവ തനിയെ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.