ADVERTISEMENT

പല പല ഭ്രാന്തുകളുടെ പ്രതിരൂപമാണയാൾ. അതിലൊന്നും അയാൾക്ക്‌ ആശങ്കകൾ ഇല്ല. താനെന്താണോ, അത് തന്നെയായിരിക്കും എന്നും. വലിയ മാറ്റങ്ങളോ, കുറവുകളോ, കൂടുതലുകളോ ഇല്ലാതെ ഇങ്ങനെയൊക്കെ മുന്നോട്ട് പോകണം, എന്നതല്ലാതെ, ജീവിതത്തിൽ എന്തായില്ല എന്നൊന്നും ആലോചിച്ചു അയാൾ തല പൊളിക്കാറില്ല. ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാകാം, ഉണ്ടാകണമല്ലോ, അല്ലെങ്കിൽ അതിനെ ജീവിതം എന്ന് വിളിക്കാനാവുമോ? ചിലപ്പോൾ വളരെയേറെ വേദനകൾ കടിച്ചമർത്തി മുന്നോട്ടുപോകുമ്പോഴാകും, ചെറിയ ഒരു സന്തോഷം ഉണ്ടാവുക. ആ ചെറിയ സന്തോഷം ആഘോഷിക്കാൻ ശ്രമിക്കുമ്പോഴാകും, കല്ലുകടിയായി, കുടുംബത്തിലെ ഒരാൾത്തന്നെ ആ ആഘോഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വാക്കുകൾ വലിച്ചെറിഞ്ഞു, ആ ആഘോഷങ്ങളുടെ സന്തോഷം കെടുത്തുക മാത്രമല്ല, വിളിച്ചുവരുത്തിയ അതിഥികളെ ബന്ധുക്കളെ നിശ്ശബ്ദരാക്കി, അവരെയെല്ലാം നമ്മെ വെറുപ്പിക്കുന്നവരാക്കി മാറ്റുക. 

നമുക്കിടയിൽ ഇത്തരം കാര്യങ്ങളിൽ ഡോക്ടറേറ്റ് എടുത്തവർ ഉണ്ട്. നമ്മൾ കരുതും അവർ ഇങ്ങനെ ഒരവസരത്തിൽ മാത്രമാകും പെരുമാറുക എന്ന്. പോകെപ്പോകെ നമുക്ക് മനസ്സിലാകും ഇതവരുടെ ആസ്ഥാന സ്വഭാവമാണെന്ന്. വീട്ടിൽ സമാധാനവും സന്തോഷവും നിലനിർത്തേണ്ടത് കുടുംബനാഥന്റെ മാത്രം ചുമതലയാണല്ലോ? അപ്പോൾ അയാൾ അയാളുടെ സന്തോഷങ്ങൾ ഉപേക്ഷിക്കാൻ പഠിക്കാൻ തുടങ്ങും. അയാൾ അയാളിലേക്ക് മാത്രം ചുരുങ്ങാൻ കൂടുതൽ ശ്രമിക്കും. എന്താ നിങ്ങളുടെ നാവിറങ്ങിപ്പോയോ എന്ന വാചകം അയാളുടെ കാതുകൾക്ക് ചുറ്റും മുഴങ്ങിക്കൊണ്ടേയിരിക്കും. അപ്പോഴെല്ലാം അയാൾ ഒരു ബധിരനാണെന്ന് അഭിനയിക്കും. കുറച്ചുനാൾകൂടി നീണ്ടുനിൽക്കാവുന്ന ജീവിതം. എത്രനാൾ എന്ന് ഉറപ്പൊന്നുമില്ല. എന്തിനാണ് അലോസരങ്ങൾ. തന്റെ നിശബ്ദതകൾ മറ്റൊരാൾക്ക് അല്ലെങ്കിൽ മറ്റുള്ളവർക്ക് സന്തോഷമാകുമെങ്കിൽ അതല്ലേ നല്ലത്? തനിക്കതിൽ പരിഭവമുണ്ടെന്ന് തോന്നുന്നു? പരിഭവിച്ചിട്ട് എന്ത് കാര്യം. നമുക്ക് മറ്റാരെയെങ്കിലും മാറ്റാൻ കഴിയുമോ? ഒരിക്കലുമില്ല. നമുക്ക് മാറ്റാൻ കഴിയുന്ന ഒരാളേയുള്ളൂ ഈ ലോകത്തിൽ, നമ്മൾ തന്നെ. അതിനാൽ ഞാൻ സ്വയം മാറുന്നു, ഞാൻ എന്നിലേക്ക്‌ ഒതുങ്ങുന്നു. 

നാട്ടിൽ വരുമ്പോഴെല്ലാം അയാൾ ഉഴിയാൻ പോകും. സുഖചികിത്സ എന്നാണ് ചിലരൊക്കെ അതിനെക്കുറിച്ച് പറയുക. കർക്കടകത്തിൽ ആനകൾക്കൊക്കെ കൊടുക്കുന്ന സുഖ ചികിത്സ. പക്ഷെ അയാൾ നാട്ടിൽ വരുമ്പോഴൊക്കെ സുഖ ചികിത്സയാണ്. എന്ത് ആനയാണയാൾ! ഗുരുവായൂരിലെ ആനകൾക്ക് വരെ ഇത്ര ചികിത്സയില്ല. അതും അതിരാവിലെ നാലിന് എഴുന്നേറ്റ് പോകണം, അരമണിക്കൂറോളം കാർ യാത്രയുണ്ട്. കാറിന്റെ ജനലൊക്കെ തുറന്നിട്ട്, മഴയായാലും, അല്ലെങ്കിലും, പ്രകൃതിയെ ആസ്വദിച്ചങ്ങനെ. പോകുന്ന വഴിയിൽ പാലത്തിന്നടുത്ത് നാലുമണിക്ക് തുറക്കുന്ന ചെറിയ ചായക്കടയിൽനിന്ന് ഒരു ചായ കുടിക്കും. ആ ചായയുടെ കാശ് പത്തുരൂപ അയാൾ നേരത്തെ കീശയിൽ കരുതിവെക്കും. വയസ്സായ ആ ചായക്കാരനോട് അയാൾക്ക്‌ വലിയ ഇഷ്ടമാണ്, എത്ര ചായവിറ്റാൽ അദ്ദേഹത്തിന് നൂറ് രൂപ ലാഭം കിട്ടും എന്ന് ഓരോ തവണ ചായ മൊത്തിക്കുടിക്കുമ്പോഴും അയാൾ ചിന്തിക്കാറുണ്ട്. മഴയത്തും വെയിലിലും അദ്ദേഹം കട നാലു മണിക്ക് തന്നെ തുറക്കുന്നു.

അന്നയാൾ ബാഗിൽ നിന്ന് പത്തു രൂപ മാറ്റിവെക്കാൻ മറന്നിരുന്നു. ബാഗിൽ നിന്നൊരു നോട്ടെടുത്തു, ഇരുപതിന്റെയാണെന്ന് തോന്നി. ചായ തരുമ്പോൾ തന്നെ അയാൾ തുക മേശപ്പുറത്ത് വെക്കും. ചായകുടിച്ചു കഴിഞ്ഞപ്പോൾ അയാൾ ബാക്കി കൊടുത്തു, ഒന്നും നോക്കാതെ അയാൾ അത് കീശയിലേക്ക് വെച്ചു. ഉഴിച്ചിലൊക്കെ കഴിഞ്ഞു, വീണ്ടും ഷർട്ട് ധരിക്കുമ്പോൾ ആണ് അയാൾ കീശയിലേക്ക് നോക്കിയത്. ബാക്കി പത്തുരൂപയിൽ കൂടുതൽ തന്നിരിക്കുന്നു എന്ന് അപ്പോഴാണ് അയാൾ തിരിച്ചറിയുന്നത്. തീർച്ചയായും അദ്ദേഹത്തിന് തെറ്റിയിരിക്കണം. പാവം, ഇന്ന് കാലത്ത് വിറ്റ ചായയുടെ കാശെല്ലാം തനിക്ക് തന്നിരിക്കുന്നു. വൈകുന്നേരമാകുമ്പോഴേക്ക് അദ്ദേഹം അഞ്ഞൂറ് രൂപപോലും ഉണ്ടാക്കുന്നുണ്ടാകില്ല. താൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു. അയാൾ കൂടുതൽ അസ്വസ്ഥനായി. തെറ്റ് തന്റേതാണ്. ബാക്കി കീശയിലേക്ക് വെക്കുമ്പോൾ, ആർത്തലച്ചുവന്ന മഴയെക്കാൾ, ബാക്കി തന്ന തുക താൻ ശ്രദ്ധിക്കണമായിരുന്നു. പാവം മനുഷ്യൻ, ചിലപ്പോൾ അദ്ദേഹം തിരക്കൊഴിയുമ്പോൾ ഇന്നത്തെ കാലത്തെ കച്ചവടത്തിന്റെ നഷ്ടക്കണക്കുകൾ കൂട്ടിക്കൂട്ടി വേദനയോടെ ഇരിക്കുകയാകും. 

അയാൾ വണ്ടി വളരെ വേഗത്തിൽ ആണ് ഓടിച്ചത്. അതിവേഗം അയാൾക്ക്‌ ആ ചെറിയ ചായക്കടയിലേക്ക് എത്തണമെന്ന് മനസ്സ് വെമ്പിക്കൊണ്ടിരുന്നു. ആ കടയുടെ മുമ്പിൽ തിരിച്ചെത്തുമ്പോൾ കനത്ത മഴയായിരുന്നു. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി വേഗം കടയിലേക്ക് ഓടിക്കയറി. കടയിൽ വയസ്സായ ആൾ മാത്രം. കാലത്ത് എനിക്ക് കാശ് തെറ്റിയാണ് തന്നത്, ഞാൻ ശ്രദ്ധിച്ചില്ല. ഇതാ ഈ നൂറ്റിതൊണ്ണൂറ്‌ രൂപ വെച്ചോളൂ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, അല്ല, നിങ്ങൾ എനിക്ക് ഇരുന്നൂറ് രൂപതന്നെയാണ് തന്നത്. ഞാൻ ശ്രദ്ധിച്ചിരുന്നു. അല്ല ചേട്ടാ, കാശ് എണ്ണി നോക്കൂ, കുറവുണ്ടെങ്കിൽ തീർച്ചയായും എനിക്ക് തെറ്റി തന്നതാകും. തെറ്റിയിട്ടില്ല മോനെ, ഞാൻ ശരിയായ ബാക്കി തന്നെയാണ് തന്നത്. എന്നും ചെറിയ നോട്ടെടുത്തു വെക്കുന്ന അയാൾക്കത്‌ വിശ്വസിക്കാനായില്ല. ചേട്ടൻ ഇത് വെച്ചോളൂ, ഞാൻ കാരണം ചേട്ടന് നഷ്ടമുണ്ടാകരുത്. എന്റെ ഒരു സമാധാനത്തിനാണ്. വേണ്ട, ചായ കുടിച്ചതിന്റെ കാശ് ഞാൻ എടുത്തിട്ടുണ്ട്, അത് മതി. ആ കാശ് വാങ്ങാൻ അയാൾ വീണ്ടും വയസ്സായ ആ കടക്കാരനെ നിർബന്ധിച്ചു. എന്നാൽ അദ്ദേഹം വാങ്ങിയില്ല. മഴയിൽ വണ്ടിയിലേക്ക് തിരിച്ചു നടക്കുമ്പോൾ, എന്തുകൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ പെയ്തിറങ്ങിയ മഴത്തുള്ളികൾ ആ കണ്ണുനീർത്തുള്ളികൾ അവർക്കൊപ്പം ചേർത്തു.

English Summary:

Malayalam Short Story ' Bakki ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com