ജീവനില്ലാത്ത ജീവിതം – ഡോ. സുകേഷ് ആർ. എസ്. എഴുതിയ കവിത
Mail This Article
മോഹങ്ങളുടെ തോടുകൾ കയറ്റിയുള്ള
തോണിയാത്ര ചിലപ്പോൾ
അത്ഭുതപ്പെടുത്തിയേക്കും.
വഴിയില്ലാത്തൊരു പുഴയുടെ
പിടച്ചിലിൽ കുരുങ്ങി പിടഞ്ഞേക്കാം.
സ്വപ്നങ്ങളുടെ മഴച്ചാറലിൽ സ്വയം
നഷ്ടപ്പെട്ട് പെയ്തിറങ്ങുമ്പോൾ
ഓളങ്ങളുടെ പരപ്പിൽ ഭാരമില്ലാതെ
പരന്നടങ്ങിയേക്കാം.
വെറുപ്പിന്റെ മീൻകൊത്തലുകൾ,
വടുക്കളായി പ്രാണന്റെ ജലത്തിൽ
കുമിളകളായ് അനങ്ങിക്കൊണ്ടേയിരിക്കും.
ആഴങ്ങളിലെ സങ്കീർണ്ണമായ
അസ്വസ്ഥതകളെക്കാൾ,
ഉപരിതല നിസ്സംഗതകളിലെ
പേരില്ലാ ശാന്തതയാഗ്രഹിക്കും.
ചെടിയുടെ പ്രാണൻ വിട്ടയാത്മാവ്
പോലെയൊരില ഒഴുകിയടിഞ്ഞ്
പുഴയുടെ വിധിയോട് ചേർന്ന്
അനുസരണ കാട്ടിയേക്കാം.
ജലത്തിനു മുകളിൽ,
ഇരുപുറമുള്ള ഇല പോലെ,
മുകളിലേക്കും അടിയിലേക്കും
രണ്ടു മുഖങ്ങൾ തെളിയുന്നുണ്ടാവാം!
ആഴങ്ങളിലേക്ക് നോക്കി
സ്വയം പരിതപിക്കുന്ന ഒന്നും,
കടന്നു പോകുന്നവ ശ്രദ്ധിക്കാത്ത
മുകളിലേക്കു ചിരിക്കുന്ന മറ്റൊന്നും.