ADVERTISEMENT

അലക്കുകല്ലുകൾ തേഞ്ഞ

തോട്ടിൻ കരയിൽ നിന്ന്

ജീവന്റെ അഭയസ്ഥാനം നോക്കി

ചാട്ടുളിവേഗത്തിൽ പറന്നിറങ്ങുന്ന മീൻകൊത്തി,

അത് പതിവായി ഉച്ചനേരങ്ങളിൽ

വെയിലുകായാറുള്ള ചെങ്കല്ലു മതിൽ.

വയറിന്റെ ജീവൻ കൊക്കിൽ, 

ഇമവെട്ടാതെയുള്ള സൂചിനോട്ടത്തിൽ.
 

തണുത്ത വെള്ളത്തിൽ കുളിച്ചുമതിവരാതെ

പുളയുന്ന മീനുകളുടെ ജീവൻ കണ്ണിൽ,

മഴയിലലിഞ്ഞ ശരീരത്തിൽ.

ഒന്ന് മറ്റൊന്നിൽ,

കൊക്ക്, ദേഹം, മുറിവ്,

എല്ലാ മുറിവുകളേയും തൊട്ടിലാട്ടുന്ന ജീവൻ

കലക്കവെള്ളത്തിൽ വലയെറിഞ്ഞുകൊണ്ടേയിരുന്നു.
 

ഇരയില്ലാതാകുന്നതുപോലെയെന്ന്

പറയാനാഞ്ഞപ്പോൾ ആരോ കരഞ്ഞു.

ജീവനിങ്ങനെയെന്ന് ആശ്വസിക്കാനാകാതെ 

തോടു നിറഞ്ഞുകൊണ്ടിരുന്നു.

ഇരയും മീൻകൊത്തിയും 

മീനും മീൻകൊത്തിയും 

യാഥാർഥ്യം തോടു പോലെന്ന് 

മീൻകൊത്തി പറന്ന വഴി, 

അല്ല ഒഴുക്കെന്ന് ചെങ്കല്ലു മതിൽ.
 

ആവശ്യത്തിലധികം കരഞ്ഞ ആകാശം നോക്കി

അലക്കുകല്ലുകള്‍,

തേഞ്ഞ കാലുകളുരച്ചുകൊണ്ടിരുന്നു.

മേഘങ്ങൾ ജീവിതമുരച്ചു കത്തിക്കാൻ

വെപ്രാളപ്പെടുന്നതുനോക്കി

ആയിരം മീൻകൊത്തികൾ

പുരയ്ക്കു മുകളിലേക്ക് ചാഞ്ഞിറങ്ങി.

ടോർച്ചടിച്ചു കടന്നുപോയ മിന്നലിൽ

ജീവിതമെപ്പോഴും കമിഴ്ന്നടിച്ചു വീണു.

അതിനാരുടെ വയറ്, കണ്ണെന്ന്

തോടു കലങ്ങി.

English Summary:

Malayalam Poem ' Kalakkavellam ' Written by Sreejaya C. M.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com