ADVERTISEMENT

ട്രെയിൻ നമ്പർ 12013 ശതാബ്ദി എക്സ്പ്രസ്സ് അമൃതസർ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടേയിരുന്നു. അതിലെ ചെയർ കാറിൽ അയാൾ മയക്കത്തിൽ നിന്നുമുണർന്ന് പുറത്തേക്ക് നോക്കുകയാണെങ്കിലും ചിന്തകൾ ജസ്‌പാൽ സിങ്ങിലേക്ക് മടങ്ങി. മുകേഷ് സോളോ ട്രിപ്പുകൾ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ഈ യാത്രയും അത്തരത്തിലൊന്നാണ്. ലോകം ചുറ്റാൻ ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇന്ത്യ ചുറ്റിക്കാണലാണ് ഇപ്പോഴത്തെ പരിപാടി. ഇന്ത്യയുടെ മുക്കിലും മൂലയിലും എത്താൻ അതും കുറഞ്ഞ ചിലവിൽ ഇന്ത്യൻ റെയിൽവേ അല്ലാതെ മറ്റെന്താ ഉള്ളത്. 

മുകേഷിന്റെ റിങ് ടോൺ ഇപ്പോൾ ഗീത് ഗാതാ ചൽ ഓ സാദ്ധി ഗുൻഗുനാത്താ ചൽ എന്ന പഴയ ഹിന്ദി ഹിറ്റ്‌ ഗാനമാണ്. 1975 ൽ ഇറങ്ങിയ ഗീത് ഗാതാ ചൽ എന്ന ചിത്രത്തിലേത്. സിനിമയും അതിന്റെ പിന്നിൽ പ്രവർത്തിച്ച മിക്കവരും വിസ്മരിക്കപെട്ടെങ്കിലും ആ ഗാനം ഇപ്പോഴും ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു എന്നത് ഗായകന്റെ മികവ് കൊണ്ടാണ് എന്ന് സമ്മതിക്കാത്തവർ ചുരുക്കം. അതിന്റെ ഗാന രചയിതാവായ രവീന്ദ്രജെയിൻ പോലും ഗീത് ഗാത്താ ചൽ ഓ സാദ്ധിയുടെ സ്വരമാധുരിയിൽ ഓരം പറ്റി നിൽക്കേണ്ടി വന്നു എന്ന് പറയുന്നതാണ് ശരി. 

അത് വരെ കേട്ടിട്ടില്ലാത്ത ആലാപന ശൈലി. യുവത്വത്തിന്റെ പ്രസരിപ്പിപ്പും ചടുലഭാവങ്ങളും സമന്വയിപ്പിച്ച ഇമ്പമേറിയ ശബ്ദം. അതിന്റെ ഉടമയുടെ പേര് ജസ്‌പാൽ സിങ്. ആ ഗാനത്തിലൂടെ ഹിന്ദി സിനിമ സംഗീത ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു ഗായകൻ. മുകേഷിന്റെ ഈ യാത്ര സ്വന്തം ഗാനത്തോളം പ്രശസ്തനാവാത്ത ആ ഗായകനെ നേരിട്ട് കാണാനായിട്ടാണ്. ലോകോത്തര സൃഷ്ടികളിൽ പലതും സൃഷ്ട്ടാവിനേക്കാൾ പ്രശസ്തി ആർജ്ജിച്ചു എന്നത് കാലത്തിന്റെ പ്രഹേളികകളിൽ ഒന്ന് മാത്രം. കാലത്തിനതീതമായി ഒന്നുമില്ലലോ എന്ന് കാലം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്ന സത്യം. ആർതർ കോണൻ ഡോയിൽ, ജെ. കെ. റൗലിംഗ്, ബ്രാം സ്റ്റോക്കർ എന്നിങ്ങനെ എത്രയോ പ്രതിഭാധനന്മാർ തങ്ങൾ സൃഷ്ട്ടിച്ച കഥാപാത്രങ്ങൾ തീർത്ത അഭൗമ പ്രഭാവലയത്തിൽ നിഷ്പ്രഭരായി പോയിട്ടുണ്ട്.

ലുധിയാന റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിച്ച് നിശ്ചലമായി. മുകേഷ് വാച്ചിൽ സമയം നോക്കി. അറൈവൽ ടൈം കിറുകൃത്യം. ഇന്ത്യൻ റെയിൽവേയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നായി ശതാബ്ദി എക്സ്പ്രസ്സ്‌ മാറിയത് അത് കൊണ്ട് തന്നെ. അടുത്ത സീറ്റുകളിൽ ഇരിക്കുന്നവരെല്ലാം മൊബൈൽ ഫോണിൽ പരതുകയും സംസാരിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഒരാളുടെ കൈയിലും വാച്ചില്ല എന്നയാൾ ശ്രദ്ധിച്ചു. വണ്ടി പതുക്കെ അനങ്ങി തുടങ്ങി. മുകേഷിന്റെ എതിർ സീറ്റിൽ ഇരുന്ന പയ്യന്റെ സ്ഥാനത്തിപ്പോൾ ഒരു സർദാർജി. ലുധിയാനയിൽ നിന്നും കയറിയതാണ്. ചിരിച്ചു കൊണ്ട് സർദാർ ചോദിച്ചു "അമൃസർ ജാ രഹേ ഹേ ക്യാ?" ("അമൃതസറിലേക്കാണോ?"). ആദ്യമായി ഡൽഹി വിട്ട ശേഷം ഒരാളോട് സംസാരിക്കാൻ പറ്റിയ ആശ്വാസത്തിൽ മുകേഷ് മറുപടി പറഞ്ഞു "ജീ ഹാം.. ആപ് ഭീ?" ("അതെ.. നിങ്ങളും?"). സർദാർ അതെ എന്ന് തലയാട്ടി. അയാളും വാച്ച് ധരിച്ചിരുന്നു എന്ന് മുകേഷ് അപ്പോഴാണ് കണ്ടത്.

പിന്നെയും കുറച്ചു നേരം സംസാരിച്ച ശേഷം മുകേഷ് തന്റെ ലോകത്തേക്ക് മടങ്ങി. അല്ല ജസ്‌പാൽ സിങ്ങിലേക്ക് മടങ്ങി എന്ന് പറയുന്നതാവും ശരി. ഗീത് ഗാതാ ചൽ ഓ സാദ്ധി ഗുൻ ഗുനാത്താ ചൽ എന്ന ഗാനം മുകേഷിന്റെ മനസ്സിൽ കുടിയേറിയത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ അന്ന് രണ്ടു പഞ്ചാബികൾ ഉണ്ടായിരുന്നു. ബൽബീറും സുക്വിന്ദറും. സുക്വിന്ദർ എപ്പോഴും പാടാറുള്ള ആ ഗാനം മനസ്സിൽ തങ്ങി. പിന്നെ റേഡിയോയിൽ അത് കേട്ടപ്പോൾ വിട്ടു പോകാത്ത ഒന്നായി മാറി. 

കാലം മാറി ജീവിതവും. കൊറോണ പടർന്ന് പിടിക്കുന്ന കാലം. ജീവിതം ഒരു നൂൽപാലത്തിലൂടെ നടന്നു തീരും എന്ന് വിചാരിച്ചിരുന്ന സമയം പഴയ ഹിന്ദി ഗാനങ്ങളിലേക്ക് വീണ്ടും ചേക്കേറി. ഗീത് ഗാതാ ചൽ ഓ സാദ്ധി പാടിയ ഗായകനെ തിരിച്ചറിഞ്ഞ ദിവസങ്ങൾ. ജസ്‌പാൽ സിങ്ങുമായുള്ള അപൂർവമായൊരു ഇന്റർവ്യു യൂട്യൂബിൽ കണ്ടത് വഴിത്തിരിവായി. ജസ്‌പാലിനോട് ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു. "താങ്കൾ പാടിയ ഗീത് ഗാതാ ചൽ സൂപ്പർ ഹിറ്റായല്ലോ. പിന്നെന്താ പറ്റിയത്.?" ജസ്‌പാലിന്റെ ഉത്തരം ഇതായിരുന്നു "എന്റെ ഏറ്റവും വലിയ ആഗ്രഹം ഹിന്ദി പ്ലേബാക്ക് സിങ്ങർ ആവുക എന്നതായിരുന്നു. പിന്നെയും പാട്ടുകൾ കിട്ടി അതെല്ലാം ഹിറ്റായി. സാവൻ കോ ആനേ ദോ, ജബ ജബ തൂ മെരെ സാമുനെ ആയെ പോലുള്ളവ". ചോദ്യകർത്താവ് വിടാൻ ഭാവമില്ല. പിന്നെയും ചോദ്യം. "താങ്കൾക്ക് അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയതിൽ ദുഃഖമുണ്ടോ?" തെല്ലു മൗനത്തിന് ശേഷം ജസ്‌പാൽ പറഞ്ഞു. "ഇപ്പോഴും എന്റെ ഗാനങ്ങൾ പാടുന്നവരില്ലേ. അതും 49 വർഷങ്ങൾക്ക് ശേഷം. എന്നെ ഓർക്കുന്നവർ ഇല്ലെങ്കിലും എനിക്ക് ദുഃഖമില്ല". 

ജസ്‌പാൽ പിടികൊടുക്കില്ല എന്ന് മനസ്സിലായ ചോദ്യകർത്താവ് മറ്റു ചോദ്യങ്ങളുമായി ആ പരിപാടി മുന്നോട്ട് കൊണ്ട് പോകവേ പെട്ടന്ന് ബോംബ് കണക്കെ ഒരു ചോദ്യം. അത് അവസാനത്തേതായിരുന്നു. "താങ്കളെ മനപ്പൂർവം ഹിന്ദി പ്ലേ ബാക്ക് ഗാനശാഖയിൽ നിന്നും ഒഴിവാക്കിയതാണല്ലോ. ആരായിരുന്നു അതിന്റെ പിന്നിൽ?". ആ ചോദ്യത്തിൽ കഴമ്പുണ്ടെന്നു ആ പരിപാടി കണ്ടവർക്കും ജസ്‌പാലിനും അറിയാമായിരുന്നു. പക്ഷേ, എല്ലാവരെയും അത്ഭുതപെടുത്തികൊണ്ടുള്ള ഉത്തരമായിരുന്നു ജസ്‌പാൽ പറഞ്ഞത്. "മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേ ഇരിക്കും. പ്രഗത്ഭരായ പാട്ടുകാർ റാഫി സാബ് ഉൾപ്പെടെ ഉള്ളവർ അവരുടെ മികവിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ ആണ് എന്റെ പ്രവേശനം. ആ കാലഘട്ടത്തിൽ ശ്രദ്ധേയനാകാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യം ഉണ്ട്. ഞാൻ സംതൃപ്തനാണ് കൃതാർഥനാണ്".

അവസാന സ്റ്റോപ്പായ അമൃസർ റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ സമയം നന്നേ ഇരുട്ടിയിരുന്നു. അടുത്ത ദിവസം സുവർണക്ഷേത്രത്തിൽ വച്ചു കാണാം എന്ന് ജസ്‌പാൽ സിംഗ് തന്ന ഉറപ്പിലാണീ യാത്ര. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും സുവർണക്ഷേത്ര സന്ദർശനം മുടക്കാറില്ല അദ്ദേഹം. ഇപ്പോൾ ജസ്‌പാൽ സിംഗ് മുംബൈയിൽ ആണ് താമസം. പണ്ട് അമൃത്സറിൽ നിന്നും ഗായകൻ ആകാൻ കൊതിച്ചു ജസ്‌പാൽ എത്തിയ പഴയ ബോംബെ ഇപ്പോൾ പാടെ മാറിയിരിക്കുന്നു. ജസ്‌പാലിനെ കാണാൻ പല വഴികൾ തേടിയിരുന്നു മുകേഷ്. എല്ലാം പരാജയപ്പെട്ടതിന് ശേഷം അവസാനം അമൃത്സറിൽ അതും സുവർണ ക്ഷേത്രത്തിൽ അദ്ദേഹത്തെ കാണാൻ പോകുന്നു. കുളി കഴിഞ്ഞു ഹോട്ടൽ മുറിയുടെ കുളിരിൽ കിടക്കയിലേക്ക് ചെരിയുമ്പോൾ അറുപതിന്റെ പഴക്കം അയാളുടെ ശരീരം അറിയിച്ചു. എങ്കിലും മുകേഷ് കൃതാർഥനായിരുന്നു. ജസ്‌പാലിന്റെ ചുറുചുറുക്കുള്ള ശബ്ദം എക്കാലവും തന്നിലെ ചെറുപ്പം നിലനിർത്തും എന്നയാൾക്കറിയാമായിരുന്നു.

English Summary:

Malayalam Short Story ' Krutharthan ' Written by Dr. Venugopal C. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com