നിമ്ന്നോന്നതം – സുഭാഷ് പോണോളി എഴുതിയ കവിത
Mail This Article
മഴത്തുള്ളികൾ നഗ്നരാവുന്നത്
മണ്ണിനാഴനദികളിലാണ്.
വേരുകൾ ഒളിച്ചുകളിയ്ക്കുന്നതും.
കുന്നുകൾ പരസ്പരം കാണാത്ത
പുഴവക്കിൽ പാതിവിളിച്ചൊരു
പ്രാർഥനയൊഴുകിയെത്തുന്നത്
നീലസമുദ്രത്തിൽ.
കളിമണ്ണിൽ അലിഞ്ഞുപോയ
പ്രണയപ്പരൽ കരയുടെ കൈയ്യിൽ
വരച്ച ഉടലിന് മേഘരൂപസൗന്ദര്യം.
മഷികൊണ്ട് കിനാവുവരച്ച
ചുവന്നയാകാശം രാത്രിയിൽ
മുട്ടയിടുന്നത് നോക്കി മിന്നാമിന്നികൾ
കാവലിരിക്കുന്നത് ശലഭച്ചിറകിൻമേൽ.
വേവുന്ന നേരുകൾകൊണ്ട്
ബലിയിട്ടൊരു കുട്ടിയാണ്
ഇലത്തുണ്ടിൽ നിന്ന് ഉരുള ഭക്ഷിക്കുന്നത്.
ഇഴഞ്ഞെത്തുന്ന കരിനാഗം നിശയുടെ
കഴുത്തിന് പിന്നിൽ പടം പൊഴിയ്ക്കുന്നു.
അടഞ്ഞ കണ്ണിൽ ചാരംനിറഞ്ഞ പുലർകാലം
ലാർവയായി പുനർജ്ജനിക്കുന്നു.
മറഞ്ഞുനിന്ന മഞ്ഞമന്ദാരങ്ങളെ
മധു തേടുന്ന വണ്ടുകൾ
ചുംബിക്കുമ്പോൾ അവ
ശരത് കാലങ്ങളെമാത്രം
സ്വപ്നം കാണാനൊരു
രതിചക്രം ഇലകളിൽ സൂക്ഷിച്ചിട്ടുണ്ട്.