കൊഴിയുന്ന ഇതളുകൾ – നീതു തങ്കം തോമസ് എഴുതിയ കവിത
Mail This Article
വരണ്ടുണങ്ങിയ ജീവനറ്റ വാക്കുകൾ
കോറിയിടാൻ പുസ്തകത്താളുകൾ
ഇന്ന് മതിയാവില്ല; കലങ്ങിയ കണ്ണുകൾ
അശ്രുവിൽ ഒരഭിഷേകം നടത്തുവാൻ
ഇന്ന് ഒരു കൈലേസ് ഒതുക്കിപിടിച്ചിടുന്നു.
കാർമേഘം മൂടിയ ബുദ്ധിമണ്ഡലം
പെയ്യുവാനിന്നൊരു നിലം പോലുമില്ല
പറ്റി നിൽപാൻ ഒരു ചുമലുമില്ല
ഉണ്ടെന്ന തോന്നലൊരു മിഥ്യാകൃതി..
കോർത്തുപിടിച്ചിരു കരങ്ങൾ തെന്നി
അകന്നതുമറിയാൻ തെല്ലു വൈകി.
രഥചക്രം ഉരുളുന്നത് ഇന്നെന്റെ
കിനാവുകൾക്കു മീതെ..
ആഗ്രഹങ്ങൾ പങ്കുവെയ്ക്കാൻ ആവില്ല,
മറ്റൊരുവനുടെ കിനാക്കൾ പൂത്തുലയാൻ
കണ്ണുനീരിൽ ചാലിച്ച പോഷകങ്ങൾ
കാച്ചികുറുക്കലാണെന്റെ വേല..
ചിറകുകൾ വിടർത്താൻ ഇന്നൊരു
ആകാശത്തട്ടെനിക്കുണ്ടോ;
ആശ പൂവിടുവാൻ ഹേതുവായി
ഒന്നിനെയും ഞാൻ കാണുന്നുമില്ല!
ഞാനെന്ന ഫലസൂനംകൊഴിഞ്ഞു
പോകുവാനിനി താമസം തെല്ലുമില്ല;
എന്റെ പാതി കാറ്റായി, മഴയായി
ആദിത്യനായി തകർത്താടിയാൽ
മതി മതിയാകും; ഇതളുകൾ മണ്ണിൽ
പതിഞ്ഞിടുമ്പോളും തായ്‌മനം മാത്രം
വിണ്ടുകീറും; നീർത്തുള്ളികൾ നിണ-
പൂരണം; വിമുക്തി ഇനി കഴിഞ്ഞുപോയി!!