വേഗം.. ഒന്നു വേഗമാകട്ടെ.. – ഹരി വട്ടപ്പറമ്പില്‍ എഴുതിയ കവിത
Mail This Article
‘വേഗം ഒന്നു വേഗമാകട്ടെ’ യെന്നു
ചൊല്ലാത്തവരില്ലാത്ത കാലമായ്!
ശരവേഗത്തില്‍ പായും മനവും,
അതിന്‍ പിന്നാലെ പായും തനുവും,
ക്ഷണികമെന്നോര്‍ക്കാതെയീ ജീവിതയാത്രയില്‍,
തേടുവതെല്ലാം, നേടിയതെല്ലാം,
കൊണ്ടുപോകാനശക്തനായ്
വെറുംകയ്യോടെ നില്‍ക്കും,
പോകാനൊരുങ്ങിയോരാത്മാവായ് മാനവന്‍..!
ചക്രമെന്ന വേഗചാലകം
പുതുപ്പിറവിയായ് വന്നൊരുകാലം,
അങ്ങു ടിബറ്റിന്‍ ആത്മീയ ശൃംഗങ്ങളില്‍,
അന്നേയറിഞ്ഞുവത്രേ ഇനി മനമുരുളുവാന്‍ പോകും
ചക്രവേഗങ്ങളെ......
ഇതെനിക്കു സ്വന്തമായ് വേണം,
മറ്റാര്‍ക്കുമില്ലാതെ;
ഇനിയും മറ്റൊന്നു വേണം,
ഒന്നാമനായ് മുന്നേറുവാന്‍..!
പടവുകള്‍ കയറുവാന്‍, പിന്നില്‍ കയ്യടി കേള്‍ക്കണം!
അതിനായ് വിയര്‍പ്പൊഴുക്കി, തളരാതെ,
തണലിലിരിക്കാതെ നേടണം,
എല്ലാമെനിക്കു നേടണം...
കണ്ണടച്ചു തുറക്കും മുന്‍പേ കാണണം,
ക്ഷിപ്ര സാധ്യമാകണമെല്ലാം...
ഒന്നിന്‍ രുചി മുഴുവനറിയും മുന്‍പേ,
മറുരുചി തേടും മര്‍ക്കട മനസ്സിന്‍
ചാഞ്ചാട്ടമറിയാതെ, പായുന്നു,
പായുവാന്‍ മാത്രം പായുന്നു മാനവന്‍....!
ശരത്തിന്‍ മുകളിലേറി മടങ്ങായാത്ര
പോകും കോമാളിയായ്,
ഇടംവലം കാണാതെ, കണ്ടറിയാതെ,
രുചിയും രൂപവുമറിയാതെ,
മധുരമാം ലളിതജീവിതം പിന്നില്‍
പുഞ്ചിരി തൂകി നില്‍പ്പുവതറിയാതെ,
എങ്ങോട്ട് പോകുന്നു മാനവന്‍..?
ഈ യാത്രയിലര്‍ദ്ധ വിരാമമില്ല,
പൂര്‍ണ്ണ വിരാമമെന്നെന്നറിയുന്നുമില്ല,
എവിടേക്കെന്നറിയാതെ,
എന്തിനെന്നറിയാതെയിങ്ങനെ
ജീവിച്ചു തീരാമോ, അമൂല്യമാകുമീ നരജന്മം..!