ഇതും കടന്നു പോകും – മിൻസി മൈക്കിൾ എഴുതിയ കവിത
Mail This Article
നഷ്ടങ്ങൾ ഓർമ്മകളുടെ പാതിചാരിയ വാതിലുകൾ
അനുവാദമില്ലാതെ തുറന്നകത്തു കയറി
കൺചിമ്മുമ്പോൾ
ഞാനെന്റെ കണ്ണുകൾ പതിയെ അടയ്ക്കാറുണ്ട്
ഇനിയുമെന്തിനാണെന്നറിയാതെ.
ചിന്തകൾ മോഹങ്ങളുടെ ചിറകേറി പറക്കുമ്പോൾ
ഞാനെന്റെ ചിന്തകൾക്ക്
വാൽക്കണ്ണാടികൾകൊണ്ട് അരികു തീർക്കാറുണ്ട്
മോഹങ്ങളിൽ ഞാനെന്നെ മറക്കാതിരിക്കാൻ.
ചിരികളുടെ പിറകിലൊളിഞ്ഞിരിക്കുന്ന
കണ്ണീർക്കടലുകൾ
കടൽഭിത്തികൾ താണ്ടി വരുമ്പോൾ
ഞാനെന്റെ നാവിന്റെ സ്വാദുമുകുളങ്ങൾക്ക്
ചങ്ങലകൾ തീർക്കാറുണ്ട്
ആ ഉപ്പുരസം നുണയാതിരിക്കാൻ.
നിരതെറ്റിയെത്തുന്ന സന്തോഷങ്ങളിൽ
ഞാനെന്നെ തിരിഞ്ഞു നോക്കാറുണ്ട്
ജീവിതത്തിൽ സ്ഥിരതയുള്ളത്
സ്ഥിരതയില്ലായ്മയ്ക്ക്
മാത്രമാണെന്ന് വീണ്ടുമോർക്കാൻ.
ഓരോ അനുഭങ്ങളും എനിക്കു മുന്നിൽ
പരവതാനിയോ മുൾപ്പാതയോ വിരിക്കുമ്പോൾ
എന്നോ വായിച്ച കഥയിലെ വരികൾ
ഞാനിന്നുമോർക്കാറുണ്ട്
'ഇതും കടന്നു പോകും '.