പുണ്യസാഗരം – ശ്യാമള എഴുതിയ കവിത
Mail This Article
ദേവീമഹാത്മ്യമൊരു പുണ്യ സാഗരം
അതിൽ നീന്തി തുടിച്ചു നടക്കുന്നൊരു
പരൽ മീനാണെങ്കിലും
അതിൽ അതീവ സംതൃപ്തയാണിന്നു ഞാൻ.
അറിവിലും ഭക്തിയിലുമുള്ളൊരു താൽപര്യം
നാൾക്കു നാൾ വർധിച്ചിടട്ടെ എൻ ചിത്തത്തിൽ
പാരിൽ നിറഞ്ഞാടുന്ന ജഗദംബികേ
എന്നുടെ ചിന്തയിൽ ചാർത്തട്ടെ സിന്ദൂരം.
വിസ്മയ ബീജാക്ഷരങ്ങൾകൊണ്ടു
മന്ത്രമാല കോർത്തെന്നുടെ
മാനസ ക്ഷേത്രത്തിലുത്സവം തീർക്കവേ
ഇരുളാർന്നോരീ വൻ തടാകത്തിൽ
ജ്യോതിസ്സായ ചണ്ഡികേ നവാക്ഷരീ മന്ത്ര
മോതി നേടുന്നാളായ് നിനക്കായ് തപസ്സിരിക്കുന്നു.
മാർക്കണ്ഡേയ പുരാണമെന്ന് അമൃത ധാരയിൽ
മുങ്ങി കളിച്ചപ്പോൾ എൻ
മനസ്സിനുള്ളിൽ പൊട്ടി വിരിഞ്ഞു നിൻ
ചരിതങ്ങൾ ഉള്ളം നിറഞ്ഞൊഴുകിടുന്നു
ദേവീ....... ഒഴുകിടുന്നൂ.
പിച്ചയേറ്റാനും ബ്രഹ്മാവും, വിഷ്ണുവും,
ശിവനും നിത്യവും കൂപ്പും അംബികേ
സിംഹാസനസ്ഥിതേ വെള്ള പളുങ്കുമാല
കഴുത്തിലണിഞ്ഞവളെ വാഗ്മയേ
പുസ്തകവും ജപപട ഹസ്തവുമായ്
നീയെന്നുള്ളിൽ വാഴുമ്പോൾ ഞാനെത്ര ധന്യ.
നീ തന്ന ചിന്തകളാൽ നീ പകർന്ന
അറിവുകളാൽ എൻ തൂലികതുമ്പിലൂടെ
ഒഴുകിടുന്നു നീ തീർത്ത വിസ്മയ കഥകൾ.
അമ്മേ വിശ്വസുന്ദരീ കാത്തു കൊള്ളേണേ
ഈ മാനവകുലത്തെ......