വരപ്രസാദം – ദേവിക അഭിജിത്ത് എഴുതിയ കവിത
Mail This Article
ജപപുണ്യനിറവോടെ കണികാണും ഗിരി-
തന്നിലുദയാമൃതം ചൊരിയും കരുണാംബേ
ശ്രീരാഗശ്രുതിയോലും മഞ്ഞിന്റെയുള്ളിലും
കലതന്റെയല നൽകും മൂകാംബേ
നിലവിന്റെ നിലതന്നിലറിയാതെ പൂവിടും
കനവിന്റെയംഗം നീ പകരില്ലയോ,
വരും ജന്മനാളുകൾ സാന്ദ്രമായ് കൈതൊഴു-
മറിവിന്റെ കേദാരം നീയല്ലയോ.
മറനീക്കി നീതരും നറുംപാൽ കുചാമൃതം
നുകരുന്ന നാവിലെ ഉയിരല്ലയോ.
നീറിപ്പുകയുന്ന മാനസം തന്നിലോ
നീർമഴ തൂകുന്ന മേഘമല്ലോ
നാരായത്തുമ്പിലായ്മേവും സരസ്വതീ
നാവിന്റെ തുമ്പും നിൻ കോവിലല്ലോ
കാതലാകുന്നതും കാവലാളും നീയേ
കാവ്യസ്വരൂപിണീ ശ്രീവർണ്ണരൂപിണീ
നാലമ്പലംപൂകാൻ നേരം കുറിക്കുന്ന
സൗപർണികാതീരലോകനാഥേ
ഹൃത്താർമുകുരത്തിൽ തൂകിത്തെളിഞ്ഞിടും
തൃക്കാൽമലരുകളക്ഷരങ്ങൾ
വാക്കുകൾ വേദങ്ങൾ നോക്കുകൾ കീർത്തനം
വാക്കിന്റെ നാഥയ്ക്ക് കാഴ്ചവയ്ക്കാൻ
ശ്രീശങ്കരാചാര്യമാനസം പൂക്കുന്ന
കുടജമലയിലെ വാസന്തമായ്
ഏഴുജന്മാന്തരം കാൽക്കലലിയുവാൻ
കാത്തുവച്ചീടുന്നീ ജീവധാര..