ഒരു മരം വീഴുമ്പോൾ.. ഉത്തരം നൽകാനാവാതെ... – മൈന എഴുതിയ കവിത
Mail This Article
അറവാളിൻ ധാർഷ്ട്യ ഗർജ്ജനം നിലച്ചു
അതാ മണ്ണിൽ പതിച്ചു
നിസ്സഹായ, എൻ പ്രിയ, മുത്തശ്ശി തേക്കിൻ മരം...
എത്രയോ, തലമുറ കടന്നു പോയ്, ശുദ്ധ വായുവിൻ
ഊർജജം പേറി, മുത്തശ്ശിതലോടലിൽ
എത്രയോ ജന്മങ്ങൾ പൂത്തു തളിർത്തു.
അമ്മ തൻ പേറ്റുനോവും, അപ്പന്റെ വ്യഥകളും ഉൾക്കൊണ്ട്,
തണലേകി എത്ര നാൾ താങ്ങായവൾ!
പിഞ്ചുപൈതങ്ങൾ, കിളിക്കൂട്ടങ്ങൾ, എന്തിന്നു ചെറുനായ,
അവൾ തൻ സ്നേഹത്തലോടലിൽ ആർത്തു തിമിർത്തു...
ഈ ഭൂമി പുഷ്കലമാക്കിയ, ഒരു ധന്യ ജന്മമവൾ
ഇന്നിതാ ചേതനയറ്റു കിടപ്പു...
വിരണ്ടു പറന്ന കിളികൾ, ലക്കില്ലാതോടും
ചെറുനായ...
ചെറുമക്കൾ ചോദിപ്പു. എന്തിനായ് ഞങ്ങൾ തൻ
കുളിർമരം വീട്ടിവീഴ്ത്തിയാകശ്മലർ,
ഇന്നലെ കണ്ടു ഞങ്ങൾ അവരെ,
ഞങ്ങൾ തൻ മുത്തശ്ശി മരത്തിന്നു വട്ടം ചുറ്റി, വില പേശി...
വിങ്ങലോടിലകൾ വീഴ്ത്തി ഇന്നലെ മുത്തശ്ശി മരം.
തെല്ലുമേ അറിഞ്ഞില്ല, ഇന്ന് വിട വാങ്ങാനെന്നു...
എന്തിന്നു ഞങ്ങൾ തൻ മുത്തശ്ശിയെ, അവർ കൊന്നു,
കുഞ്ഞുങ്ങൾ ചോദിക്കുന്നു...
ഉത്തരം നൽകാനിട
നൽകാതെ അവരുമായി കുതിച്ചീടുന്നു കാറു
മുന്തിയ റിസോർട്ടിനായ്...