കണ്ണുനീർ മുത്തുകൾ – ഗിരിജ സദാശിവൻ എഴുതിയ കവിത
Mail This Article
ഇളകികൊണ്ടിരിക്കുന്ന
ഇലതുമ്പിൽ ചേർന്നിരിക്കുന്ന
നീർത്തുള്ളിയെപ്പോലവൾ
സന്താപങ്ങളും സന്തോഷങ്ങളും
ഒരേപോലെ പ്രതിഫലിപ്പിക്കുന്നവൾ
ചെറുകാറ്റിലുലഞ്ഞുവീണും
നിയന്ത്രണങ്ങൾക്കുള്ളിൽ
ഞെരിഞ്ഞമർന്നും വസിക്കുന്നവൾ
പെയ്തുതോർന്നാലും ഉള്ളിലുറവകളെ
കാലത്തിന്റെ തിരുശേഷിപ്പുകളിൽ
ഭദ്രമായടക്കം ചെയ്യപ്പെടുന്നവൾ
സ്ഫടികം പോൽ തിളങ്ങുമ്പോഴും
ജലധിക്കുള്ളിലെ വലംപിരിശംഖിന്റെ
നാദമാണവൾ
മിഴിത്തുടിപ്പിന്റെ ചുവപ്പുരാശികളെ
കനത്ത മഴത്തുള്ളി കിലുക്കമോടെ
നീരൂട്ടി ബലിയിടുന്നവൾ
ബാല്യം നിഷ്കളങ്കതയുടെ
പൂമരം പെയ്തിറക്കുമ്പോൾ
വാർധക്യം നിസ്സഹായതയുടെയും
തുളുമ്പാൻ വെമ്പിനിൽക്കുന്ന
മിഴികളുടെ സൗന്ദര്യമാണ് മൗനം
എന്നെഴുതുമ്പോഴും
അറിയുന്നു സഖേ ദുർബലതയേക്കാൾ
മറഞ്ഞിരിക്കുന്ന ശക്തിയെ!
ഹൃദയതന്ത്രികളിൽ പെയ്‌തുതോരാത്ത
ശ്യാമമേഘങ്ങൾ
എത്രയെത്ര ചുരങ്ങൾക്ക്
കടംകൊള്ളുന്നു..
മുത്തുമണീ നീയെന്ന ലവണരസമല്ലേ
ഹൃദയഭാരം കുറക്കുന്നത്
കണ്ണിലെ കരടുകൾ ഒഴുക്കികളയുന്നത്
നിന്നിലല്ലേ മനുഷ്യർ അഭയം
തേടുന്നത് നീർമണിയെ!!!