പപ്പടക്കാരി – റൂമി അജു എഴുതിയ കവിത
Mail This Article
മഞ്ഞുറഞ്ഞു
കാഴ്ച മങ്ങുന്ന
ഡിസംബറിന്റെ
വെളുപ്പിലും
നൂലിന്റെ നാരു പൊങ്ങിയ
കരിമ്പടം ചുറ്റി
അവരുണ്ടാകും
ട്വന്റി ഫോർ ഹവറും
ഡ്യൂട്ടിയുടെ സിഗ്നൽ കെടാത്ത
പെട്രോൾ പമ്പിന്റെ മൂക്കത്തു
ചൂരും ചുമന്നു നിൽക്കുന്ന
ഒരു കച്ചവടക്കാരി
വെയിലിറങ്ങും മുമ്പേ
പണി തുടങ്ങും
രണ്ടു കയ്യിലും
പ്രതീക്ഷയുടെ ആവി
പറക്കുന്ന
കേരളാ പപ്പടത്തിന്റെ
മുമ്മൂന്നു പാക്കറ്റുകൾ
തഞ്ചത്തിൽ
സ്ഥാനം പിടിച്ചിരിക്കും
ഏതെങ്കിലും
കൈ മുട്ടോടടുത്തു
അക്ഷരങ്ങളും നിറങ്ങളും
തേഞ്ഞു മാഞ്ഞു
തീരാറായ ഒരു പഴയ
ടെക്സ്റ്റൈൽസ് ഷോപ്പിന്റെ
കവർ
സ്റ്റോക്ക് പ്രൊഡക്റ്റുമായി
തൂക്കി കുരുക്കിട്ടിരിക്കും
നീരു വറ്റിയ
ഉന്തിച്ച രക്ത നാളികൾ
തെളിഞ്ഞു കാണുന്ന
കയ്യും കാലും അനക്കി
പമ്പിലേക്കു ഉരുണ്ടു വരുന്ന
ലക്ഷ്വറി കാറുകൾക്കും
ഡബിൾ ബുള്ളറ്റു
സൈലൻസറുകൾ
കുരക്കുന്ന ബൈക്കുകൾക്കും
മുന്നിൽ അവർ
പപ്പടം വേണ്ടേ എന്നാരായും
ആഡംബരം
ഫിറ്റു ചെയ്തിട്ടില്ലാത്ത
സാധാരണക്കാരുടെ
ഇന്ധന ജീവിക്കു
മുമ്പിലും അവർ
നുള്ള് കനിവ് ചേർത്തു
പ്രതീക്ഷയിടും
വരുന്നോരും
പോകുന്നോരും
വാങ്ങിയാലായി
സഹതാപം ഉണർന്നു
വാങ്ങി വെക്കുന്നവർ
താൽപര്യമില്ലാതെ
ഒഴിഞ്ഞു മാറുന്നവർ
വൃത്തി ഒപ്പിയെടുത്തു
അകറ്റുന്നവർ
ആരായലുകൾക്കു
മുഖം കൊടുക്കാത്തവർ
ദേഷ്യം ഉരിയാടുന്നവർ
എന്നിങ്ങനെ
നിറയെ കസ്റ്റമേഴ്സ്
ദിനം ദിനം ഉരുണ്ടു
പോകും...
കരുണ, കനിവ്
സ്നേഹം, പരിഹാസം
കൗതുകം, മുറുമുറുപ്പ്
ദേഷ്യം, പുച്ഛം എന്നു തുടങ്ങി
വികാരങ്ങളുടെ
സമന്വയ സാക്ഷ്യങ്ങൾക്ക്
പതിവു ശീലമുള്ള
മുഖത്തു ഒട്ടിപ്പിടിപ്പിച്ച
ഒരു പുഞ്ചിരി മാത്രം
അവർ കാണിക്ക വെക്കും
സൂര്യനിരുന്ന
വൈകുന്നേരങ്ങളിൽ
പെട്രോൾ പമ്പിലെ
ഗൂഗിൾ പേ സ്പീക്കർ
കിട്ടുന്ന ഓൺലൈൻ
തുട്ടിന്റെ കനം
എല്ലാരും കേൾക്കെ
പറഞ്ഞു തുടുക്കുമ്പോൾ
പപ്പട സഞ്ചിയിൽ
അന്നത്തേക്കുള്ള
വകയൊപ്പിക്കാൻ
ആ വരണ്ട കൈകൾ
ഗാന്ധിജിപ്പടമുള്ള
കുഞ്ഞു നോട്ടുകൾ
അടുക്കി വെക്കും
ഒരു വെളിച്ചദിവസം
മുഴുവനും വിയർത്ത
കഷ്ട്ടപ്പാടിന്റെ കനൽ
ആറിത്തണുക്കും മുമ്പേ
അവർ നടന്നു മറയും
അടുത്ത ഉദയത്തിൽ
ക്ഷീണം മറന്നുണരാൻ