ADVERTISEMENT

എന്റെ ഓർമ്മകളെ

സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരിടമുണ്ട്,

പതിനേഴാം നമ്പർ സെല്ലിൽ.

അവിടെ,

ഞാനും എന്റെ ഓർമ്മകളും ജീവിക്കുന്നു.

ഓർമ്മകൾക്കൊപ്പമാണോ ഞാൻ;

എനിക്കൊപ്പമാണോ ഓർമ്മകളെന്നറിയില്ല.

എനിക്കതറിയേണ്ട കാര്യമില്ല;

ഞാനവയെപ്പറ്റി ആരോടും പറഞ്ഞിട്ടുമില്ല.
 

ഞാൻ മഖ്ഫി.

അവർ പറയുന്നത്,

ഞാനെപ്പോഴും ഒരുപോലെയല്ലയെന്നാണ്.

അതെങ്ങനെ ശരിയാകും?

ഒരാൾക്കെങ്ങനെ സദാനേരത്തും

ഒരുപോലെയിരിക്കാൻ കഴിയും?

ഞാൻ ചോദിക്കാറുണ്ട്, അവരോട്.
   

അവർ പറയുന്നത്,

'രാപകൽ നോക്കാതെ ഉച്ചത്തിൽ

സംസാരിക്കുന്നു... നിലവിളിക്കുന്നു...

ചിരിക്കുന്നു... പാടുന്നു... മറഞ്ഞിരിക്കുന്നു...'

എന്നൊക്കെയാണ്.
 

'തക്കം കിട്ടുമ്പോൾ ദൂരേയ്ക്ക് ഓടിപോകുന്നു...

നീണ്ട മയക്കത്തിലാണെപ്പോഴും ....

ഉണർന്നിരിക്കുന്ന നേരങ്ങളിൽ

അവർക്കെതിരെ യുദ്ധം നയിക്കുന്നു...'

എന്നും പറയുന്നു.

കേൾക്കുന്നതൊക്കെ സത്യംതന്നെ. പക്ഷെ,

അതെല്ലാം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
 

ഒരു പൂ,

വിടർന്നു വിടർന്നു ചിരിക്കാറില്ലേ?

വാടി വാടി കരയാറില്ലേ?

കരിഞ്ഞു കരിഞ്ഞു കിടക്കാറില്ലേ?

കൊഴിഞ്ഞു കൊഴിഞ്ഞു വീഴാറില്ലേ?

പറന്നു പറന്നു പോകാറില്ലേ?
 

ഏതോ ഭൂഖണ്ഡത്തിൽ,

വന്യതയിൽ... ചതുപ്പിൽ...

പുഴയുടെ അഗാധതയിൽ...

അമർന്നൊടുങ്ങാറില്ലേ?

അതിനെകുറിച്ചു പറയുന്നതും പാടുന്നതും

ഭ്രാന്തെന്നു പറയാമോ?
 

രാപ്പാടികളുടെ സ്വരം കേൾക്കുമ്പോൾ

ആത്മാക്കൾപോലും ഉറക്കെ പാടിപോകില്ലേ?

അതിനെ ഉന്മാദമെന്നെങ്ങനെ വിളിക്കാനാകും?

ആക്രമിക്കാനെത്തുന്ന മൃഗങ്ങളെ

അൻപോടെ സ്വീകരിക്കാൻ കഴിയാത്തത്,

എങ്ങനെ കുറ്റമാകും?
 

പ്രത്യാക്രമണത്തിനൊരുങ്ങുന്ന ഇര

പ്രതിയാകുന്ന നീതികേടിനെപറ്റി

ആരാണിവരോടു ചോദിക്കാനുള്ളത്?

എന്തുത്തരമാണു തരാനുണ്ടാകുന്നത്?

ഒരു ഉന്മാദിനിയിൽ ആലേഖനം ചെയ്യപ്പെടുന്ന

കൈയെഴുത്തുശാസ്ത്രത്തെപറ്റി

അവർക്കെന്തറിയാം?
 

എന്റെ തോട്ടത്തിൽ,

കിളികൾ നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്നത്

അവർ കേൾക്കുന്നില്ല;

എന്നെത്തേടി,

എങ്ങൊക്കെയോ അലഞ്ഞുതിരിഞ്ഞെത്തുന്ന

കാറ്റിന്റെ ഇമ്പമുള്ള ഇരമ്പലും കേൾക്കുന്നില്ല;
 

ആവിമരത്തിലെ വാവലുകൾ ഇടയ്ക്കിടെ

അപ്രത്യക്ഷമാകുന്നതും അവർ കാണുന്നില്ല;

ഏതുനേരത്തും കടന്നുവരുന്ന സൂര്യൻ

തുരുതുരെയെന്നെ 

ഉമ്മവെച്ചുപോകുന്നതും കാണുന്നില്ല!
 

ഞാനാവർത്തിച്ചുകാണുന്ന

ചിത്രപതംഗത്തിന്റെ ചിറകുകളിലെ

കാമനഗന്ധത്തെയും അവരറിയുന്നില്ല;

അവരെന്നെ കണ്ടുകൊണ്ടിരിക്കുന്നത്,

ഇരുണ്ടകാലത്തെ കണ്ണാടിക്കൂടിലൂടെയാണ്!
 

അവരുടെ കണ്ണുകൾക്ക്, കാതുകൾക്ക്

എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.

ചോദിച്ചാൽ പൊതിരെ തല്ലും,

കണക്കറ്റു കളിയാക്കും, ശകാരിക്കും,

കാതുപ്പൊട്ടുന്ന തെറികൾ വിളിക്കും,

തലയ്ക്കുള്ളിൽ കടന്നലുകളെ കയറ്റിവിടും.
 

അവറ്റകളെ എനിക്കു ഭയമാണ്;

അവറ്റകളെന്റെ ഓർമകളെ

മോഷ്ടിക്കാൻ വരുന്ന രാക്ഷസക്കൂട്ടങ്ങളാണ്.

എന്റെ ഓർമകൾ മോഷ്ടിക്കപ്പെട്ടുപോകുന്നത്

എനിക്ക് ഇഷ്ടമല്ല.

അതുകൊണ്ടാണവയെ മറച്ചുവെച്ചിരിക്കുന്നത്.

നിങ്ങളോടും ഞാനതു പറയാൻ പോകുന്നില്ല.

English Summary:

Malayalam Poem ' Makhfi ' Written by Sathish Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com