വരൂ – കിനാവ് എഴുതിയ കവിത
Mail This Article
പട്ടാമ്പിയിലെ
ബസ്റ്റാന്റ്
ഞാനും
നീയും
യാത്രക്കാർ
യാചകർ
പ്രണയിനികൾ
മനുഷ്യർ
ഉറുമ്പുകൾ
ഒളിച്ചും പാത്തും
പെരുച്ചാഴികൾ
ബസ്സുകൾ
ആരവങ്ങൾ
നമ്മളൊന്നുമറിയുന്നില്ല!
മിഠായിഭരണിയുടെ
മധുരത്തിനിടയിലെ
പത്രക്കടലാസിൽ
ഗാസവിട്ടു
ലെബനനിലേക്ക്
വീഴുന്ന
തീപ്പന്തപ്പുകകളുടെ
തലക്കെട്ടുകൾ!
ഒടുവിൽ
ബേക്കറിയിലെ
ഒരാൾപ്പൊക്കസീറ്റിൽ
നീയൊരു കാപ്പി
ഞാനൊരു നാരാങ്ങവെള്ളം!
നിന്റെയധരങ്ങളൊപ്പിയ
പാതിക്കപ്പിന്റെ
മധുരതീവ്രത
എന്റെ കൈയിൽ
ഞാൻ
കുടിക്കാൻ
തുടങ്ങിയിട്ടില്ലാത്ത
ഗ്ലാസ്
നിന്റെ നാരങ്ങയല്ലിച്ചുണ്ടുകളിൽനിന്ന്
ഉമ്മ കടം വാങ്ങുന്നു
എനിക്കു തരാൻ.
വെള്ളക്കൊടിയിലെ
നക്ഷത്രം,
ജയിച്ചതിന്റെ
ആരവം
മതിലുകൾക്കപ്പുറം
നഗരത്തിലിറങ്ങിയപ്പോൾ
ചെമന്നമാലയുമായി
ഞാൻ മുന്നിൽ
ചെമന്നതാരമുള്ള
കൊടിയേന്തി
നീ കൂടെ.
ശൊ,
നമുക്കുപോകാനുള്ള
ബസ്സുകളൊക്കെ
പൊയ്ക്കഴിഞ്ഞിരിക്കുന്നു
കലാലയംനിറയെ
വാകപ്പൂക്കൾ
വീണുകിടക്കുന്നു.
നിന്റെ
കൈയിൽ
പീതപുഷ്പം
എന്റെ വിരലുകൾക്കിടയിലപ്പോളും
ചെമന്ന വർണ്ണക്കടലാസിന്റെ
മാല.
വരൂ,
നമുക്കിനിയും
പ്രഭാതങ്ങളെ
കാത്തിരിക്കാം