ADVERTISEMENT

പാടിയും പറഞ്ഞും പെർഫോം ചെയ്തിരുന്ന വി.ഡി.രാജപ്പനെ കാണാനും കേൾക്കാനും  ഒരു കാലത്ത് കരയിലുള്ള സകലരും അമ്പലപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും വന്നു കൂടിയിരുന്നു .വരാത്ത പലരും സോണിയുടെയും അക്കായിയുടേയും നാഷണൽ പാനസോണിക്കിന്റെയും ടേപ്പ് റെക്കോർഡർ സെറ്റുകളിലിട്ട്‌ ആ കഥാപ്രസംഗം പതിപ്പിച്ച കസെറ്റുകൾ കേൾക്കുകയും തലയ്ക്ക് വട്ടു പിടിച്ചവരെപ്പോലെ വീട്ടിനുള്ളിലിരുന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു.യേശുദാസിന്റെ ശാരീരഭംഗി കൊണ്ടോ മമ്മൂട്ടിയുടെ ശരീരകാന്തി കൊണ്ടോ അല്ല വി.ഡി.രാജപ്പൻ ആളുകളെ തന്നിലേക്കടുപ്പിച്ചത്. കുറുകിയ ശരീര പ്രകൃതവും കറുകറ എന്ന ശബ്ദപ്രകൃതവും ആ പ്രകടനത്തെ പിന്നാക്കം  പിടിച്ചു വലിക്കുന്ന പരിമിതികളായിരുന്നില്ല. അതിനെയൊക്കെ തന്റെ കയ്യിലിരുപ്പുകൾ കൊണ്ടദ്ദേഹം കുറുകെ കടന്നു.

 

ദിവസം നാലും അഞ്ചും സ്റ്റേജുകളിൽ പരിപാടി പിടിക്കുന്നതിനാൽ വൈകുന്ന കാഥികന്റെ പ്രകടനം കാത്തു പ്രേക്ഷകർ പുലർച്ച വരെ പായും വിരിച്ചിരിക്കുന്ന കാഴ്ച അക്കാലങ്ങളിൽ പുതുമയൊന്നുമായിരുന്നില്ല. പലപ്പോഴും കാത്തിരുന്നവർ അക്രമാസക്തരാവുകയും ചെയ്തിരുന്നു . അന്തമില്ലാതെ വൈകിയ അത്തരമൊരവസരത്തിൽ സദസ്സിനിടയിലൂടെ കഴുത്തൊപ്പം മുറുക്കിക്കെട്ടിയ  മുഴുത്തൊരണ്ടർവെയറുമായിട്ട് ഒരാൾ ഉരുണ്ടുരുണ്ട് എന്നപോലെ സ്റ്റേജിലേക്ക് കയറുന്നതാണ് കാണികൾ കണ്ടത്.മൈക്കിനു മുന്നിൽ നിന്ന് കഴുത്തിലെ കെട്ടഴിച്ച് വള്ളിക്കളസം താഴേക്ക് വീഴ്ത്തിയപ്പോൾ അതാ നിൽക്കുന്നു ജുബ്ബയും മുണ്ടും ധരിച്ച വി. ‌‍ഡി. രാജപ്പൻ. താഴെ വീണു കിടക്കുന്ന കളസത്തിലേക്ക് ചൂണ്ടി അദ്ദേഹം അലറി.

 

 "  എന്റെ കഥയുടെ പേര്  - 

  ഇദാണ്ടെ കിടക്കുന്നു."

 

കൂവിയാർക്കാൻ ഓങ്ങി നിന്ന കാണികളെക്കൊണ്ട് കയ്യടിയുടെ കമ്പക്കെട്ട് നടത്തിച്ചു ആ പ്രകടനം കൊണ്ട് കാഥികൻ.

                     

രാജപ്പൻ കഥകളുടെയെല്ലാം പേരുകളിൽ പൂരവെടിക്കെട്ടിലെന്ന പോലെ വെറൈറ്റിയുടെ കൗതുകം പൊട്ടിത്തെറിച്ചു. ചികയുന്ന സുന്ദരി, പൊത്തുപുത്രി, മാക്ക്‌ മാക്ക് ,കുമാരി എരുമ ലഹരിമുക്ക്‌, നമുക്ക് പാർക്കാൻ ചന്ദനക്കാടുകൾ , പ്രിയേ നിന്റെ കുര, എന്നെന്നും കുരങ്ങേട്ടന്റെ, അവളുടെ പാർട്സുകൾ, അമിട്ട്, ആനമയക്കി ,അക്കിടി പാക്കരൻ..........ആരും  ഉപയോഗിച്ചിട്ടില്ലാത്ത തരം തലേക്കെട്ടുകൾ എടുത്തയാൾ കഥകളുടെ നിറുകംമണ്ടയിൽ മുറുക്കിക്കെട്ടി.പെരുന്നാൾ പറമ്പുകളിലെ പെരുതായ ജനക്കൂട്ടങ്ങളെ ചിരിപ്പിച്ചു ചിരിപ്പിച്ചു നെകളം മുട്ടിക്കുന്ന പരുവത്തിൽ അവയെ പ്രസന്റ് ചെയ്തു.ഈണം കേട്ടാൽ നാട്ടാരുടെ നാവിൽ ഒറിജിനലിനേക്കാൾ മുന്നേ മുളപൊട്ടും മട്ടിൽ പ്രചാരമുള്ള പാരഡിപ്പാട്ടുകൾ അതിനിടയിൽ പുട്ടിനു തേങ്ങാപ്പീര പോലെ തിരുകി വയ്ക്കുകയും ചെയ്തു. ഒരു കഥയിലെ കല്യാണപ്രായം കഴിഞ്ഞ പെണ്ണിന്റെ വിലാപം ഇങ്ങനെയായിരുന്നു.

 

 " ഉയരെക്കേറും ഞാൻ, കയർ കണ്ടോ

പ്ലാവിൻ ടോപ്പിലായ്‌ 

കുരുക്കിട്ടു തൂങ്ങിച്ചാകുവാൻ.

മദറേ, എൻ മദറേ മദറേ.

മുപ്പതു വയസ്സെനിക്കായി..

 മോളിക്ക് കുട്ടികൾ മൂന്നായ്‌..

അയലത്തെ വീട്ടിലെ സൂസി 

മൂന്നോ നാലോ കെട്ടി..

എന്നെക്കെട്ടിക്കാൻ നിങ്ങൾക്ക്

 ഇനിയും കാശില്ലേ..

പറയൂ ഞാൻ പ്ലാവേൽ തൂങ്ങണോ..? "

 

ഉണരൂ വേഗം നീ സുമറാണി എന്ന ഒറിജിനൽ ഗാനത്തേക്കാൾ ഒരു കാലത്ത് ആൾക്കാരീ രാജപ്പകൃതി പാടി നടന്നിട്ടുണ്ട് കേരളത്തിൽ.

 

കേരളമാകെ തരംഗമായി മാറിയ മാവേലിക്കസെറ്റുകളുടെ തുടക്കവും രാജപ്പനിൽ നിന്നായിരുന്നു . ഓണത്തിനിടയിൽ പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ ഹാസ്യ കസെറ്റ് പരമ്പരകൾക്കൊക്കെ മുന്നേയാണ് രാജപ്പന്റെ മാവേലി കണ്ട കേരളം പുറത്തുവരുന്നത് .

 

" തെന്നാട്ടു വേന്തനാ ഒത്തുക്കോ ഒത്തുക്കോ "

എന്ന തമിഴ് ഗാനത്തേക്കാൾ എനിക്ക് പരിചിതമായിരുന്നു 

"കടുവാകളി ആണ്ടെടാ  ഓടി വാ ഓടി വാ 

കണ്ടില്ലേൽ നഷ്ടമാ ചാടി വാ ചാടി വാ" എന്ന പാട്ട്. വിലകുറഞ്ഞ തമാശയെന്ന് അപഹസിക്കപ്പെട്ടെങ്കിലും രാജപ്പൻ തന്റെ മാവേലിയെക്കൊണ്ട് കാണിച്ചുതന്ന കേരളക്കാഴ്ചകളിൽ സൂക്ഷ്മമായ നിരീക്ഷണങ്ങളും സാമൂഹ്യമായ വിമർശനങ്ങളുമൊക്കെ ഉണ്ടായിരുന്നു.മഴവിൽക്കൊടി കാവടി അഴക് വിടർത്തിയ മാനത്തെപ്പൂങ്കാവിൽ എന്ന പാട്ടിന്റെ ഈണത്തിലയാൾ ഇങ്ങനെ പാടി.

 

"പലവ്യഞ്ജനമൊന്നിന് വില കുറവില്ലെടി മാർക്കറ്റിൽ ഞാൻ കേറി. ഉള്ളിക്കും മുളകിനുമിന്നൊന്നര രൂപാ കൂടി."  ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളിൽ കലരുന്ന മായത്തെപ്പറ്റി പാടിയതാകട്ടെ "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും "എന്ന പാട്ടിന്റെ ട്യൂണിൽ.

 

"ടേസ്റ്റുള്ള പായസം വീട്ടിൽ വച്ചു

ഏഴെട്ടു ഗ്ലാസ് ഞാനെടുത്തടിച്ചു.

കഷ്ടകാലത്തിന് ആ കുന്തം കാരണം

കഴിഞ്ഞ രാത്രിയിൽ ഉറങ്ങാതായ്‌."

 

തുണി വിപണിയിലെ തട്ടിപ്പിനെപ്പറ്റി പാടിയതാകട്ടെ ഇങ്ങനെ." പഴംകോടിത്തുണി കാട്ടി ലേറ്റസ്റ്റ് മോഡലെന്നും പറഞ്ഞെന്നെ മയക്കിയ വീരാ 

ഒരു മീറ്ററെടുപ്പിച്ച ക്രൂരാ."

 

അപൂർവ്വ സഹോദരങ്ങളിലെ " ഉന്നൈ നിനച്ചേ പാട്ടു പഠിച്ചേ "എന്ന ഹിറ്റു പാട്ടിനെ കൂട്ടുപിടിച്ച് തേങ്ങിക്കരഞ്ഞു കൊണ്ടായിരുന്നു ഒടുവിൽ മാവേലിയുടെ മടക്കം.

"എന്നെ മറന്നോ ഓണം മറന്നോ

എങ്കിലും എന്റെ മക്കളേ

കണ്ടു മടുത്തേ നെഞ്ചും തകർന്നേ

പോകുന്നു ടാറ്റാ, പോകുന്നു..."

 

വൈലോപ്പിള്ളിയുടെ കാവ്യവൈദഗ്ധ്യമോ ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കാവ്യബിംബങ്ങളോ കക്കാടിന്റെ കാവ്യകൽപ്പനകളോ വി.ഡി.രാജപ്പന്റെ കോമഡിപ്പാട്ടിൽ പരതുന്നവരെ പത്തലിനടിക്കുകയാണ് വേണ്ടത്. അയാൾ പറഞ്ഞതെല്ലാം കേട്ട് പൊട്ടിച്ചിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ അയാൾ പറഞ്ഞു എന്നതുകൊണ്ടു മാത്രം മരിച്ചാലും ചിരിക്കില്ലെന്ന വാശിയ്ക്കു മലം മുറുക്കം വന്നവരെപ്പോലെ മസിലുപിടിച്ചിരിക്കുന്നതിൽ വല്യ കാര്യമൊന്നുമില്ല.സ്വന്തം ജീവിതത്തിൽ ചിരി നിരോധിച്ചാൽ  വലിയ പുള്ളിയാകുമെന്നത് ഒരു അബദ്ധ ധാരണയാണെന്ന് പിടികിട്ടി വരുമ്പോഴേക്കും നമ്മൾ ചത്തു ചീഞ്ഞ് മണ്ണിന് വളവും ബാക്ടീരിയക്ക് ഭക്ഷണവുമായിക്കഴിഞ്ഞിരിക്കും.

 

സ്വന്തം ജീവിതകാലം മുഴുവൻ മനുഷ്യരാശിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന തലനാരിഴ പതിനാറായിരമായി കീറിമുറിച്ച്  സൈദ്ധാന്തിക വിശകലനം നടത്തിയ പണ്ഡിതശിരോമണികളുടെ പ്രവർത്തനങ്ങളെക്കാൾ പതിന്മടങ്ങ് സന്തോഷം പൊതുജനഹൃദയങ്ങളിൽ നിറയ്ക്കാനായിട്ടുണ്ട് വി.ഡി.രാജപ്പന്റെ വളിപ്പ് കഥകൾക്ക്. ആയിരക്കണക്കിനാൾക്കാരെ ആഹ്ലാദിപ്പിക്കുകയെന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല.സ്വന്തം പെമ്പ്രന്നോത്തിയെയോ പിള്ളേരെയോ എങ്കിലുമൊന്ന് രസിപ്പിക്കാനോ ചിരിപ്പിക്കാനോ ശ്രമിച്ചുനോക്കണം സാറേ. അപ്പോളറിയാം വെവരം.ആഗോളതാപന സിദ്ധാന്തം പറഞ്ഞാലൊന്നും അടുപ്പത്തെ അരി വേകില്ലെന്ന സത്യം മനസ്സിലാക്കാൻ ഇരിക്കുന്ന ഇടത്തു നിന്ന് ഇച്ചിരി കൂടി താഴേക്ക് ഇറങ്ങേണ്ടിവരും. അതിനാണ് ചോറുണ്ണുന്നവന്റെ കോമൺസെൻസ് എന്നു പറയുന്നത്. ആ സാമാന്യബുദ്ധി കൊണ്ടാണ് രാജപ്പൻ വൃത്താലങ്കാരം എന്നൊരു കഥയിറക്കിയത്.

 

അതിൽ സ്കൂൾ മാഷിന്റെ ഗൗരവമുള്ള ശബ്ദത്തിൽ കാഥികൻ ചോദിക്കുന്നു

"ആരാടീ ക്ലാസ് റൂമിന്റെ വെളിയിൽ ?"

പരുങ്ങിക്കൊണ്ട്  പെൺശബ്ദത്തിൽ കാഥികൻ തന്നെ മറുപടി പറഞ്ഞു.

" ഞാനാ സാർ, മാലിനി."

നിർത്തിപ്പൊരിക്കുന്ന മട്ടിൽ, ഒടുക്കത്തെ ബാസിൽ, സാറിന്റെ അടുത്ത ചോദ്യം വന്നു.

"എന്താ നിന്റെ ലക്ഷണം ?"

ഞെട്ടിത്തെറിച്ചു നിന്നുമുള്ളിപ്പോയ മട്ടിൽ പേടിച്ചരണ്ട പെൺശബ്ദം മറുപടി പറഞ്ഞു.

" നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്."

 

വൃത്തമഞ്ജരി എന്ന പേരോ വൃത്തം എന്ന വാക്ക് തന്നെയോ  മറന്നാലും ഇത് കേട്ടവർ മാലിനിയുടെ ലക്ഷണം മറക്കുമോ ? ഇങ്ങനെയാണ് വ്യാകരണവും വൃത്തവും അലങ്കാരവുമൊക്കെ പഠിപ്പിച്ച വാദ്ധ്യാർമാരെക്കാൾ വി. ഡി. രാജപ്പൻ  എന്റെ ജീവിതത്തിൽ എഫക്ടീവ്  ആയി മാറിയത്.

 

ചിരിയും പ്രായോഗികതയും തമ്മിലൊരു സവിശേഷ ബന്ധമുണ്ട്. നമ്മുടെ പല ബുജികളും  ചിരിയ്ക്കു ഡൈനാമിറ്റ് വയ്ക്കുമ്പോൾ തകരുന്നത് പ്രായോഗികതയിലേക്കുള്ള പാലങ്ങൾ കൂടിയാണ്. 

 

അമിട്ടിലെ വെടിക്കെട്ടുകാരനെക്കുറിച്ചുള്ള വിവരണം ഞാൻ ഒന്നുകൂടി കേൾക്കുകയാണ്.ധനത്തിലെ "ആനക്കെടുപ്പത് പൊന്നുണ്ടേ" എന്ന പാട്ടിന്റെ താളത്തിൽ.

 

" ലേറ്റസ്റ്റ് പൂക്കുറ്റി അവനുണ്ടേ.. 

 കൂറ്റൻ വാണവും അവനുണ്ടേ..

 മാലപ്പടക്കമുണ്ടോലപ്പടക്കമുണ്ടെലി 

വാണമുണ്ടേ.. 

കത്തിച്ചു വിട്ടെന്നാൽ എട്ട് നിലേൽ പൊട്ടും മുട്ടനാം ഗുണ്ടുകൾ അവനുണ്ടേ..

കമ്പ്യൂട്ടർ പൂക്കുറ്റി അവനുണ്ടേ..

കൂറ്റൻ വാണവും അവനുണ്ടേ.. 

മാലപ്പടക്കമുണ്ടോലപ്പടക്കമുണ്ടെലി 

വാണമുണ്ടേ..

എട്ടര മാസത്തിൻ മുൻപ് 

കോഴിക്കോട്ടങ്ങാടീൽ വെച്ച് 

കത്തിച്ചു വിട്ടോരാ വാണം പതിച്ചത് 

കുട്ടനാട്ടിൽ ചെന്ന്...."

 

എനിക്ക് ചിരി വരുന്നുണ്ട്. അത് ചിലപ്പോൾ ഒരു രോഗമായിരിക്കും.പക്ഷേ എനിക്ക് മരുന്ന് കുറിക്കുന്നതിനു മുൻപ് കണ്ണാടിയിൽ നോക്കി സ്വന്തം അസുഖം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒരുവൻ സ്വയം അന്വേഷിച്ചു തുടങ്ങുമ്പോൾ മുതൽ അവൻ രോഗിയാണ് എന്ന കിര്‍ക്കെഗോർ വചനവുമായി ഇങ്ങോട്ട് വരേണ്ടതില്ല.ആ സൈസ് ഐറ്റം ഒക്കെ ഏട്ടായിട്ട് മടക്കി തിരുകി വയ്ക്കുന്നതാണ് നല്ലത്. എവിടെയാണെന്നോ ? 

 

വി.ഡി.രാജപ്പന്റെ പഴയ ഏതെങ്കിലും കസെറ്റിന്റെ  ഫ്ലാപ്പിനിടയിൽ. അതിയാനെക്കുറിച്ച് ഇത്ര വിസ്തരിച്ച് ഇപ്പോൾ പറയുന്നത് എന്തിനാണെന്ന് പലർക്കും സംശയം തോന്നിയേക്കാം. ആ സംശയം പരിഹരിച്ചുകൊണ്ട് ഇത്തവണത്തെ വാളു വെക്കൽ നിർത്തട്ടെ. മാർച്ച് 24 വി. ഡി.രാജപ്പൻ മൺമറഞ്ഞ ദിനമാണ്. ഇങ്ങനെയുള്ള ചില മനുഷ്യരുടെ ചാവും പിറപ്പുമൊക്കെ ഓർക്കാനും ഓർത്തുപറയാനും ആരെങ്കിലുമൊക്കെ വേണ്ടേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com