ദൃശ്യം 2; സംവിധാനം; വിവാഹം: അൻസിബ പറയുന്നു
Mail This Article
കോഴിക്കോടുള്ള കല്ലായി എന്ന ചെറിയ ഗ്രാമത്തിൽ തനി നാട്ടിൻപുറത്തുകാരിയായി ജനിച്ചുവളർന്ന പെൺകുട്ടി. അവൾ യാദൃച്ഛികമായി സിനിമയിലെത്തി. മലയാളസിനിമയിലെ താരരാജാവിന്റെ മകളായി റെക്കോർഡ് ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രത്തിൽ അഭിനയിക്കുക. ദൃശ്യത്തിൽ മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ച അൻസിബ ഹസനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു നടിയാവാൻ പ്രയത്നിച്ചിട്ടില്ലെന്നും ഇതുവരെ തന്റെ ജീവിതത്തിൽ നടന്നതെല്ലാം ആകസ്മികമായി സംഭവിച്ചതാണെന്നും അൻസിബ ഹസൻ മനോരമ ഓൺലൈനിന്റെ അഭിമുഖത്തിൽ പറയുന്നു....
സിനിമാ നടി ആകാൻ ആഗ്രഹിച്ചിട്ടില്ലാത്ത പെൺകുട്ടി പിന്നെ എങ്ങനെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്?
കോഴിക്കോടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചു വളർന്ന ഞാൻ റിയാലിറ്റി ഷോ വഴിയാണ് സിനിമയിൽ എത്തിയത്. അഭിനയമൊന്നും എന്റെ വിദൂര സ്വപ്നത്തിൽ പോലുമില്ലാത്ത കാലം. എന്റെ അനിയനാണ് ടിവിയിൽ ഒരു റിയാലിറ്റി ഷോയുടെ പരസ്യം കണ്ടിട്ട് അമ്മയോട് പറഞ്ഞത്. അമ്മയ്ക്ക് ഞാൻ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ അനിയൻ പറഞ്ഞ് അമ്മയാണ് ഫോട്ടോ അയച്ചത്. ഇൻവിറ്റേഷൻ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഒരു അഭിനയേത്രി ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ചിലരൊക്കെ സിനിമയിൽ അഭിനയിക്കാനായി കുട്ടിക്കാലത്തു തന്നെ തയാറെടുപ്പ് നടത്തും , നൃത്തം, തിയറ്റർ, അങ്ങനെ ഒരുപാടു പരിശീലനങ്ങൾ, അത്തരത്തിൽ ഒരു പരിശീലനവും ഇല്ലാതെയാണ് ഞാൻ വന്നത്. റോഷൻ ആൻഡ്രൂസ് സാറായിരുന്നു റിയാലിറ്റി ഷോയുടെ ജഡ്ജ് . അതിൽ ഞാൻ അവസാന പത്തിൽ എത്തി. എനിക്ക് കിട്ടിയത് മോസ്റ്റ് പോപ്പുലർ ആക്ട്രെസ് എന്ന ടൈറ്റിൽ ആണ്. അതോടെ അഭിനയിക്കാൻ കഴിയുമെന്ന് തോന്നിത്തുടങ്ങി. അതിനു ശേഷം ചെറിയ സിനിമ അവസരങ്ങൾ കിട്ടി. അതിനു ശേഷം ചെറിയ സിനിമ അവസരങ്ങൾ കിട്ടി. തമിഴിൽ നായികയായാണ് തുടക്കം കുറിച്ചത്. എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിൽ അഭിനയിച്ചതിന് ശേഷമാണ്.
കേരളത്തിൽ നിറഞ്ഞോടിയ ദൃശ്യം എന്ന സിനിമയിൽ സൂപ്പർ താരത്തോടൊപ്പം അഭിനയിച്ച അനുഭവം?
ദൃശ്യത്തിലേക്ക് ജീത്തു സർ ആണ് വിളിച്ചത്. ഒരു പാവം ലുക്കുള്ള നാടൻ പെൺകുട്ടിയെയാണ് ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. എന്റെ ഒരു നാടൻ വേഷത്തിലുള്ള ഫോട്ടോ ജീത്തു സർ കണ്ടിരുന്നു, അങ്ങനെയാണ് എന്നെ വിളിച്ചത്. പക്ഷേ അവിടെ എത്തി എന്നെ കണ്ടപ്പോൾ ഫോട്ടോയിലെ പോലെ അല്ല. പിന്നീട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു.
ദൃശ്യത്തിൽ വരുൺ ഭീഷണിപ്പെടുത്തുന്ന സീൻ ആയിരുന്നു ചെയ്തു കാണിക്കാൻ തന്നത്. അത് ചെയ്തു കാണിച്ചു, പക്ഷേ സെലക്ട് ചെയ്യുമെന്ന് മനസിൽ പോലും കരുതിയില്ല. ജീത്തു സാറിന്റെ ഭാര്യ ലിന്റ ചേച്ചിയായിരുന്നു കോസ്റ്റ്യൂം ചെയ്തത്. ചേച്ചി ചില കോസ്റ്റ്യൂംസ് എന്നിൽ പരീക്ഷിച്ച് സിനിമയിലെ കഥാപാത്രത്തെപോലെ മേക്കപ്പ് ഇട്ടു നോക്കി. എന്നിട്ടും സിനിമയിൽ തിരഞ്ഞെടുത്തോ എന്നത് മാത്രം പറഞ്ഞില്ല.
അത് കഴിഞ്ഞു നിരാശയോടെ ഞാൻ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നൊരു വിളി. വസ്ത്രത്തിന്റെ അളവൊക്കെ കൊടുത്തിട്ടു പോകൂ എന്ന് ജീത്തു സർ പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു നോക്കി, അപ്പോൾ സർ പറഞ്ഞു താൻ ഇതിൽ അഭിനയിക്കുന്നുണ്ട്, കോസ്റ്റ്യൂം ചെയ്യേണ്ടേ അതിനായി മെഷർമെൻറ് കൊടുക്കൂ എന്ന്. അതെനിക്ക് ഭയങ്കര സർപ്രൈസ് ആയിരുന്നു.
ഷൂട്ട് തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് എന്നെ സെലക്ട് ചെയ്തത്, എനിക്കു മുന്നെ ഒരുപാട് പേരെ ഓഡിഷൻ ചെയ്തിട്ടുണ്ടായിരുന്നു. ലാലേട്ടനോടും മീന ചേച്ചിയോടുമൊപ്പമാണ് സ്ക്രീൻ ഷെയർ ചെയ്യേണ്ടത് എന്ന അറിവ് വീണ്ടും എന്നെ അമ്പരപ്പിച്ചു. പിന്നെ എക്സ്സൈറ്റ്മെന്റ് ആയി. എല്ലാവരും ആരാധിക്കുന്ന ലാലേട്ടന്റെ ഒപ്പം നിന്ന് അഭിനയിക്കുക എന്നുള്ള ചിന്തപോലും എന്നെ ഞെട്ടിച്ചു. ഷൂട്ടിങ്ങിനു ജോയിൻ ചെയ്തു, എല്ലാവരെയും കണ്ടു പരിചയപ്പെട്ടു വർക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് സമാധാനം ആയിത്തുടങ്ങിയത്. സെറ്റിൽ എല്ലാവരും നല്ല പെരുമാറ്റം ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ ഒരു കുടുംബം പോലെ ആയി. ഇത്രയും സീനിയർ ആയ താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു പരിശീലന കളരിപോലെ തോന്നി, ഒരുപാടു കണ്ടും കേട്ടും പഠിക്കാനും മെച്ചപ്പെടുത്താനും കഴിഞ്ഞു.
മോഹൻലാൽ എന്ന വിസ്മയം?
ഞാൻ ആദ്യമായാണ് ലാലേട്ടനെ കാണുന്നത്. ലൊക്കേഷനിൽ ഉള്ള സമയമത്രയും ഞാൻ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. എന്റെ ഊഴം വരുമ്പോൾ ഞാൻ അഭിനയിക്കും കട്ട് പറയുമ്പോൾ പിന്നെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കും. ലാലേട്ടനെ എല്ലാ ദിവസവും കാണാൻ കിട്ടിയ ഒരു അവസരമായിരുന്നു. ഒരേ സീൻ തന്നെ റിപ്പീറ്റ് ചെയ്തു കൊണ്ടിരിക്കുന്നതു കാണുമ്പോൾ ഒരുപക്ഷേ ഷൂട്ടിങ് കാണുന്നവർക്കു മടുപ്പുണ്ടാകും, പക്ഷേ എനിക്ക് ലാലേട്ടനെ കണ്ടു മടുത്തിട്ടേ ഇല്ല, അദ്ദേഹം അഭിനയിക്കുന്നത് എത്ര കണ്ടാലും മതിയാകില്ല. അദ്ദേഹം അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്, അതിൽ ഒന്നും എഡിറ്റ് ചെയ്യാൻ പോലും ഉണ്ടാകില്ല.
നമ്മളോട് സംസാരിച്ചിരുന്ന ആൾ അടുത്ത നിമിഷം കഥാപാത്രമായി മാറും. ലാലേട്ടനെ അനുകരിക്കുന്നവരെ കണ്ടിട്ടുണ്ട് അവർക്ക് അദ്ദേഹത്തിന്റെ ശരീര ചലനങ്ങൾ അനുകരിക്കാൻ കഴിഞ്ഞേക്കും പക്ഷേ ലാലേട്ടൻ ആകാൻ കഴിയില്ല. അദ്ദേഹത്തിന്റെ അഭിനയം ഒരു നാച്ചുറൽ പ്രോസസ്സ് ആണ്. ഒരു തുടക്കകാരിയായ ഞാൻ അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയാൻ പോലും ആളല്ല. ലാലേട്ടൻ നല്ല സ്നേഹം കാണിക്കുന്ന ആളാണ്. നമ്മളെ ഓരോരുത്തരെയും അദ്ദേഹത്തിന് നന്നായി അറിയാം. നമ്മൾ അങ്ങോട്ട് ചെല്ലുന്നേനു മുന്നേ ഇങ്ങോട്ടു വന്നു സംസാരിക്കും. ഒരു ലൈറ്റ് ബോയ് മുതൽ വലിയ താരങ്ങൾ വരെയുള്ളവരോട് ഒരുപോലെ ആണ് പെരുമാറുന്നത്. അദ്ദേഹത്തിൽ നിന്നു അഭിനയവും എളിമയും നമുക്കു പഠിക്കാം.
മീന എന്ന അഭിനയേത്രിയോടൊപ്പം അഭിനയിച്ചല്ലോ, ആ ഒരു അനുഭവം
ഒരു താര ജാഡയും ഇല്ലാത്ത അഭിനേതാവാണ് മീന ചേച്ചി. ഒരു വലിയ സൂപ്പർ സ്റ്റാർ ആയിരുന്നില്ലേ, എത്ര കഥാപാത്രങ്ങൾ ചെയ്ത ആളാണ്, പക്ഷേ വളരെ സിംപിൾ ആണ് ചേച്ചി. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് നമുക്കൊപ്പം ചേരും. ചേച്ചി വളരെ ചൈൽഡിഷാണ്. ചേച്ചി മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമാണ്. അതുകൊണ്ടു ഞങ്ങൾ മലയാളത്തിൽ തന്നെ ചേച്ചിയോട് സംസാരിക്കുമായിരുന്നു. ലാലേട്ടനോടും മീന ചേച്ചിയോടൊപ്പം ഒക്കെ അഭിനയിക്കാൻ കഴിഞ്ഞതാണ് ഞാൻ ഒരു നേട്ടമായി കാണുന്നത്.
ദൃശ്യത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു, അതിനു പിന്നാലെ അവസരങ്ങൾ കിട്ടിയോ?
ഇല്ല, ദൃശ്യം കഴിഞ്ഞ ശേഷം അധികം നല്ല അവസരങ്ങളൊന്നും വന്നില്ല. ദൃശ്യം ചെയ്തു കഴിഞ്ഞപ്പോൾ ആകെ കൺഫ്യൂഷൻ ആയി. അതുവരെ കിട്ടുന്നതൊക്കെ ചെയ്യുമായിരുന്നു. അത്രയും നല്ല ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞതുകൊണ്ടു അതിനേക്കാൾ നല്ല ഒരു കാരക്ടർ, അല്ലെങ്കിൽ അത്രയെങ്കിലും പ്രാധാന്യം ഉള്ളത് കിട്ടണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു , പക്ഷേ കിട്ടിയില്ല. ചെയ്തതൊന്നും എനിക്കത്ര സംതൃപ്തി തന്നില്ല. അതുകൊണ്ടു തന്നെ ഞാൻ പഠനത്തിലേക്ക് മടങ്ങിപ്പോയി.
ഡിഗ്രി കോഴ്സ് പകുതിവഴി നിർത്തിയിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. ബിഎസ്സി വിഷ്വൽ കമ്മൂണിക്കേഷൻ ആണ് ചെയ്തത്, അത് പൂർത്തിയാക്കി. എനിക്ക് കഥപറയാൻ വലിയ ഇഷ്ടമാണ്. ഞാൻ എന്റെ ക്ലാസ്സിലെ കൂട്ടുകാർക്ക് സിനിമകഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പിന്നെ ചെറുതായി കഥയും തിരക്കഥയുമൊക്കെ എഴുതി തുടങ്ങി. അതിൽ ഒരു കഥ ഞാൻ തന്നെ സംവിധാനം ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. ഇതിനിടയിൽ ഞാൻ "A Live Story" എന്ന ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തു. പോളി ആന്റിയും പ്രചോദ് ഏട്ടനും ഒക്കെ ആണ് അഭിനയച്ചത്. അതിനു നല്ല അഭിപ്രായമാണ് ലഭിച്ചത്.
വീണ്ടും ദൃശ്യം
അതെ, ഞാൻ ഇങ്ങനെ ഇനി സിനിമ ചെയ്യണ്ട എന്നൊക്കെ കരുതി ഇരിക്കുമ്പോഴാണ് ജrത്തു സർ വിളിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ തന്റെ കഥാപാത്രം ഉണ്ട് ചെയ്യണം എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം അതൊരു വലിയ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. എല്ലാരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. ആ സെറ്റിൽ വന്നത് കുടുംബത്തിലേക്ക് മടങ്ങി വന്നതുപോലെ ആയിരുന്നു. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഉണ്ടായിരുന്നു. എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷമായി. സെറ്റിലേക്ക് എത്തുന്ന ഓരോ അഭിനേതാവിനെയും ഞങ്ങൾ ആരവത്തോടെ വരവേറ്റു. ഒന്നാം ഭാഗത്തിന്റെ തുടർച്ചതന്നെയാണ് രണ്ടും. കുടുംബ ചിത്രമാണ്. ജോർജ്ജുകുട്ടിക്ക് അത്യാവശ്യം നല്ല ജീവിത സാഹചര്യം ഒക്കെ ആയി. ബാക്കി കണ്ട് അറിയാം.
വീണ്ടും ദൃശ്യത്തിന് ശേഷം ഉള്ള ജീവിതം എങ്ങനെയായിരിക്കും?
ഇപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിയില്ല. എന്റെ ജീവിതത്തിൽ എല്ലാം ആകസ്മികമായാണ് സംഭവിച്ചത്. ഞാൻ ഒരു അഭിനേത്രി ആകുമെന്ന് ഒരിക്കലും കരുതിയില്ല അത് ആയി, പിന്നെ ഞാൻ വിചാരിച്ചു, ഒരു വലിയ താരം ആകുമെന്ന് പക്ഷേ അത് ആയതുമില്ല. ആദ്യം ബി എ ഇംഗ്ലിഷ് ആയിരുന്നു പഠിക്കാൻ ആരംഭിച്ചത്. പിന്നെ അത് നിർത്തി വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചു. എനിക്ക് എഴുതാൻ കഴിയുമെന്നോ ഒരു ചിത്രം സംവിധാനം ചെയ്യാൻ കഴിയുമെന്നോ കരുതിയിരുന്നില്ല. ആ ഞാൻ ഒരു ഹ്രസ്വ ചിത്രം ചെയ്തു. ഒരു സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നു. അപ്പോൾ എന്റെ ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമായാണ് സംഭവിച്ചത്. ഇനിയും ഞാൻ എല്ലാം വിധിക്കു വിടുന്നു.
സിനിമാതാരങ്ങൾക്ക് എതിരെ വരുന്ന സൈബർ ആക്രമണങ്ങളെ എങ്ങനെ കാണുന്നു.
എന്റെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും എല്ലാം എനിക്ക് നല്ല പിന്തുണ തരുന്നവരാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗ്രോസ് കലക്‌ഷൻ കിട്ടിയ ഒരു സിനിമയിൽ എനിക്ക് ഭാഗമാകാൻ കഴിഞ്ഞതിൽ എന്റെ ബന്ധുക്കളും സുഹൃത്തുക്കൾക്കുമൊക്കെ സന്തോഷമുണ്ട്. പിന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് കമന്റ്സ്, വിഡിയോസ് ഒക്കെ വരാറുണ്ട്. അത് ഒട്ടുമിക്ക നടിമാരും നടന്മാരും നേരിടേണ്ടി വരുന്ന കാര്യമാണ്. അതൊന്നും ശ്രദ്ധിച്ചിട്ടു കാര്യമില്ല. യൂട്യൂബിൽ ഒക്കെ നോക്കിയാൽ ഒരുപാട് വീഡിയോസ് കാണാം
അതിലെ പടങ്ങളും തലക്കെട്ടും കണ്ടാൽ ഞെട്ടിപ്പോകും, പക്ഷേ നമ്മുടെ സൂപ്പർ താരങ്ങളെയും ഭരണകർത്താക്കളെപോലും വെറുതെ വിടാത്ത ആൾക്കാരാണ്, അപ്പോൾ പിന്നെ വും ചെറിയ ഒരു താരമായ എന്നെപ്പറ്റി പറയുന്നതിന് എന്ത് പറയാൻ പറ്റും? ഞാൻ അതൊന്നും വലിയ കാര്യമാക്കി എടുക്കാറില്ല. കുറച്ചു നാൾ പറയും, പിന്നെ അടുത്ത വിഷയത്തിലേക്ക് പോകും, അതൊക്കെ അങ്ങനെ കണ്ടാൽ മതി. സൈബർ അറ്റാക്ക് നേരിടാത്ത ഒരാളും ഉണ്ടാകില്ല ഇപ്പോൾ. വീടിനു പുറത്തുപോകാത്ത വീട്ടമ്മമാരെപ്പോലും വെറുതെ വിടുന്നില്ലല്ലോ. എല്ലാരും നമ്മളെപ്പറ്റി നല്ലതു പറയണം എന്ന് ആഗ്രഹിക്കാൻ പറ്റുമോ? നമ്മുടെ ജീവിതം എത്ര ചെറുതാണ്, ഉള്ള സമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിച്ചു സന്തോഷമായി ജീവിക്കുക, നന്മ ചെയ്തില്ലെങ്കിലും ആരെയും ദ്രോഹിക്കാതെ ജീവിക്കുക എന്നുള്ളതാണ് എന്റെ പോളിസി.
വിവാഹം കഴിഞ്ഞു എന്നൊരു ന്യൂസ് കണ്ടിരുന്നല്ലോ?
ഞാനും കണ്ടിരുന്നു കേട്ടോ, അതിൽ വായിച്ചുള്ള അറിവേ എനിക്കും ഉള്ളൂ, ആരെയാണെന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ചു ചോദിച്ചു. കല്യാണം കഴിക്കണം, വീട്ടുകാർ ആലോചിക്കുന്നുണ്ട്, പക്ഷേ ഉടനെ ഇല്ല, ഞാൻ പിടി കൊടുത്തിട്ടില്ല. ഞാൻ റൊമാന്റിക് ആയ ഒരാളാണ്. പിന്നെ യാത്രകൾ എനിക്കേറെ ഇഷ്ടമാണ്, ഇതുപോലെ ഒക്കെ ഉള്ള ഒരാൾ ആയാൽ നല്ലത്.
എന്റെ കുടുംബത്തിൽ ഒരുപാടു അംഗങ്ങൾ ഉണ്ട്. ജോയിന്റ് ഫാമിലിയിലാണ് ഞാൻ വളർന്നത്. അങ്ങനെ ഉള്ള ഒരു വലിയ കുടുംബത്തിൽ ഉള്ള ആളെയാണ് എനിക്കിഷ്ട്ടം. പിന്നെ ഞാൻ ഒരു കലാകാരി ആണ്, എന്റെ പ്രഫഷൻ ഉൾക്കൊള്ളുന്ന ആളാകണം എന്നുണ്ട്. നമ്മുടെ സമൂഹത്തെപ്പറ്റിയും ഇപ്പോഴത്തെ എല്ലാ കാര്യത്തെപ്പറ്റിയും ഒരു ബോധമുള്ള ആളാകണം. പിന്നെ നമുക്ക് ആരെയും ചൂഴ്ന്നു നോക്കാൻ കഴിയില്ല. നമുക്ക് പറ്റുന്ന ഒരാളെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ്. എല്ലാം വരുന്നത് പോലെ വരട്ടെ എന്ന് വിചാരിക്കുന്നു.