നായാട്ടിൽ അഭിനയിച്ചത് 132 കിലോ ഭാരത്തിൽ: ജോജു ജോർജ്
Mail This Article
ജോജു ജോർജിന്റെ നാൽപതാമത്തെ പൊലീസ് വേഷമാണ് ‘നായാട്ട്’ എന്ന ചിത്രത്തിലേത്. ആൾക്കൂട്ടത്തിനിടയിൽ നിന്നു മുന്നിലേക്കു കയറിനിന്ന് അദ്ഭുതപ്പെടുത്തുകയാണ് ജോജു എന്ന നടനും അദ്ദേഹത്തിന്റെ കരിയറും. ‘നായാട്ടി’ന്റെ വിശേഷങ്ങളും സിനിമാ സ്വപ്നങ്ങളും ജോജു പങ്കുവയ്ക്കുന്നു.
എങ്ങനെയാണു ‘നായാട്ടി’ലെത്തിയത്..?
നായാട്ടിന്റെ കഥ ആദ്യം കേട്ടതു ഞാനാണ്. ‘ജോസഫി’ന്റെ സമയത്തു കേട്ട കഥ പിന്നീടു പല ചർച്ചകളിലൂടെ കടന്നുപോയി. കേട്ടപ്പോൾത്തന്നെ ഏറെ ഇഷ്ടമായ കഥ പിന്നീട് മാർട്ടിൻ പ്രക്കാട്ടിനോടു പറഞ്ഞു. കഥ പറയുന്ന സമയത്ത് ഞാൻ അതിൽ അഭിനയിക്കുമെന്നു വിചാരിച്ചതേയില്ല. പക്ഷേ, ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി. ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. അത്രയും ഹെവി കഥാപാത്രമാണ് മണിയൻ.
പൊലീസ് കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടോ?
പൊക്കവും വണ്ണവുമുള്ളതു കൊണ്ട് ഏറെയും വന്നിട്ടുള്ളതു പൊലീസ് കഥാപാത്രങ്ങളാണ്. ഈ കഥാപാത്രത്തെ നേരത്തേ കേട്ടു പരിചയമുള്ളതു കൊണ്ട് ഞാനും കഥാപാത്രത്തിന് ഒരു രൂപം നൽകി. എന്റെ ഏറ്റവും തടി കൂടിയ അവസ്ഥയിലുള്ള കഥാപാത്രമാണ്. 132 കിലോ ഭാരമുണ്ട് മണിയനെന്ന പൊലീസിന്.
മാർട്ടിനുമായുള്ള കെമിസ്ട്രി?
എന്റെ ഏറ്റവും അടുത്ത സുഹൃത്താണു മാർട്ടിൻ പ്രക്കാട്ട്. എന്നെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള ആളും മാർട്ടിനാണ്. കഥാപാത്രം മോശമായാൽ ‘എന്തു വളിപ്പാടാ ഇത്’ എന്നു പറയുകയും നന്നായാൽ മിണ്ടാതിരിക്കുകയും ചെയ്യുന്ന പ്രത്യേക ‘രോഗ’മുള്ളയാളാണു മാർട്ടിൻ. അതുകൊണ്ട് മാർട്ടിനെക്കൊണ്ട് നല്ലതു പറയിപ്പിക്കുക എന്നതാണ് ‘നായാട്ട്’ ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും നന്നായെന്ന് എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ, മറ്റു പലരോടും പറഞ്ഞതായി അറിഞ്ഞു.
ചാക്കോച്ചനും നിമിഷയും അവരുടെ പിന്തുണയും?
ഇരുവരുടെയും പിന്തുണയും അഭിനന്ദനവും നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒപ്പം അഭിനയിച്ചു എന്നതുകൊണ്ട് ചാക്കോച്ചൻ എന്ന സ്റ്റാർ എനിക്കങ്ങനെ അല്ലാതാകുന്നില്ല. സീനിയേഴ്സിനോട് ഇടിച്ചുകയറി കമ്പനിയടിക്കാൻ ഇപ്പോഴും പറ്റാറില്ല. അതുപോലെയാണു ചാക്കോച്ചനും. ഞാൻ കോളജിൽ പഠിക്കുമ്പോൾ സഹപാഠികളായ സുന്ദരിമാരുടെ സ്വപ്നകാമുകനായിരുന്ന ചാക്കോച്ചനോട് അസൂയ തോന്നിയിട്ടുണ്ട്. നിമിഷയും ഞാനും ‘ചോല’യിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അത്രയേറെ അടുത്ത ബന്ധമുണ്ട്. ഞാൻ ആരാധിക്കുന്ന രഞ്ജിത്തേട്ടനാണ് നായാട്ടിന്റെ നിർമാതാക്കളിലൊരാൾ എന്നതും ഏറെ സന്തോഷം നൽകുന്നു.
സ്വപ്നങ്ങൾ?
സ്വപ്നങ്ങൾ മാത്രമേയുള്ളൂ ജീവിതത്തിൽ. ഒരു പ്രഫഷനൽ കോളജിൽ പൊളിച്ചടുക്കി പഠിക്കണമെന്ന ആഗ്രഹം ഇനിയും നടന്നിട്ടില്ല. ചെറിയ രസമുള്ള പ്രേമവും ടൂറും തല്ലിപ്പൊളികളും അങ്ങനെ ചിലത്. ഇതൊക്കെ സിനിമയിൽ കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്. ഈ പ്രായത്തിൽ അതിനി നടക്കുമോയെന്ന് അറിയില്ല. എന്റെ ഇഷ്ടങ്ങളിൽ ഒന്നാമത് സിനിമയാണ്. അതുപോലെ തന്നെയാണു കുടുംബം. അവർക്കൊപ്പമുള്ള സമയം. തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതു കൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കൽ നന്നായി കുറച്ചു. 132 കിലോയിൽ നിന്ന് 100 –105 കിലോയിൽ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളിൽ അഭിനയിക്കുന്നുള്ളൂ.