‘അനിയത്തി അത്രത്തോളം വളർന്നുവെന്ന സന്തോഷവും അതിലുണ്ടാകാം’; മധുവും മഞ്ജുവും പറയുന്നു
Mail This Article
തിയറ്ററിലെ ഇരുട്ടിലേക്കു പോകാൻ പേടിച്ച കുട്ടിയെ അച്ഛനും അമ്മയും വലിച്ചിഴച്ചാണു തിയറ്ററിലേക്കു കൊണ്ടുപോയിരുന്നത്. ഇരുട്ടിൽ ഏട്ടന്റ കൈ മുറുക്കെ പിടിച്ച് അവൾ തിയറ്ററിലിരുന്നു. പലപ്പോഴും ഏട്ടൻ സമാധാനിപ്പിച്ചു കഥ പറഞ്ഞു കൊടുത്തു. പതുക്കെ പതുക്കെ സിനിമയെ സ്നേഹിച്ചു തുടങ്ങി.വർഷങ്ങൾക്കു ശേഷം ആ കുട്ടി സിനിമയിലെ താരമായി.14 വർഷത്തെ ഇടവേളയ്ക്കു ശേഷം അതിലും ഭംഗിയുള്ള കുട്ടിയായി തിരിച്ചെത്തിയപ്പോൾ അതിലും വലിയ താരമായി. ഏട്ടൻ ക്യാമറയ്ക്കു പുറകിൽനിന്നു ‘ആക്‌ഷനും കട്ടും’ പറയുമ്പോൾ കുട്ടി ക്യാമറയ്ക്കു മുന്നിൽനിന്നഭിനയിച്ചു.എടുത്ത സീനുകൾ മോണിറ്ററിൽ കാണുമ്പോൾ സന്തോഷംകൊണ്ട് വീണ്ടും ഏട്ടന്റെ കൈ പിടിച്ചു. ഇത് മധുവാരിയരുടേയും അനിയത്തി മഞ്ജു വാരിയരുടേയും ജീവിതമാണ്.മധു സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന സിനിമയിലെ നായിക മഞ്ജുവാണ്. നിർമാതാക്കളിൽ ഒരാളും. കാലം കാത്തുവച്ച ലളിത സുന്ദരമായ സമ്മാനം. എല്ലാ സിനിമയ്ക്കും കൊണ്ടുപോയിരുന്ന അച്ഛൻ കൂടെയില്ലെന്നു മാത്രം.
∙ മധു സംവിധാനം ചെയ്തത് അപ്രതീക്ഷിതമായിരുന്നോ.?
മഞ്ജു∙ ഒരിക്കലുമില്ല. ഏട്ടൻ നേരത്തെതന്നെ സിനിമ നിർമിച്ചിരുന്നു.സ്വലേ, മായാമോഹനി എന്നീ സിനിമകൾ ക്യാമറമാൻ പി.സുകുമാറും ഏട്ടനും ചേർന്നാണു നിർമിച്ചത്. മനസ്സിലൊരു കഥയുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നു. അതിൽ ഞാനുണ്ടാകുമെന്നു പറഞ്ഞിരുന്നില്ലെന്നു മാത്രം.
∙ മധു ഈ കഥ എഴുതിയതു മഞ്ജുവിനെ മനസ്സിൽ കണ്ടാണോ.
മധു∙അങ്ങനെ പറയാനാകില്ല. കഥ ആദ്യം പറഞ്ഞതു ബിജു മേനോനോടാണ്. ബിജു ചേട്ടൻ ചെയ്യാമെന്നു സമ്മതിച്ചപ്പോഴാണു മഞ്ജുവിനോടു കഥ പറയാൻ തീരുമാനിച്ചത്. മോഹൻലാൽ എന്ന സിനിമയുടെ സെറ്റിൽവച്ചു കഥ പറഞ്ഞു. പിന്നീടു തിരക്കഥ വായിക്കാൻ കൊടുത്തു. സാധാരണ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വിളിക്കാൻ സാധ്യത ഉണ്ടായിരുന്നുള്ളു. മഞ്ജു അന്നു രാത്രിതന്നെ വിളിച്ചു. വിളിച്ചത് കഥ ഇഷ്ടമായി എന്നു പറയാൻ വേണ്ടിയായിരുന്നില്ല. ഈ സിനിമ ഞാൻ നിർമിച്ചോട്ടെ എന്നു ചോദിക്കാനാണ്. എനിക്കുണ്ടായ സന്തോഷം ചെറുതായിരുന്നില്ല. അനിയത്തി അത്രത്തോളം വളർന്നുവെന്ന സന്തോഷവും അതിലുണ്ടാകാം. പലയിടത്തേക്കായി പോയ എല്ലാവരും ഒരു വീട്ടിൽ തിരിച്ചെത്തുന്നതു എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. ഈ സന്തോഷത്തിൽനിന്നാണ് ഈ സിനിമയുടെ തുടക്കം.
∙ എന്തുകൊണ്ടാണു മഞ്ജു നിർമിക്കാൻ തീരുമാനിച്ചത്.
മഞ്ജു∙ ഇതു കുടുംബങ്ങളുടെ കൂടിച്ചേരലിന്റെ കഥയാണ്. എനിക്കു പലപ്പോഴും എന്റെ കുട്ടിക്കാലം ഓർമവന്നു. അച്ഛനെ ഓർമവന്നു. വായിച്ചപ്പോൾ രണ്ടു മൂന്നു സ്ഥലത്തു കരഞ്ഞുപോയി. ഇതു എവിടെയെല്ലാമോ ഞങ്ങളുടെ കൂടി കഥയാണെന്നു തോന്നി.
∙ നിങ്ങൾ രണ്ടുപേരും കൂടി കണ്ട ആദ്യ സിനിമയുടെ ഓർമയുണ്ടോ.
മധു∙ മഞ്ജുവിനെ തിയറ്ററിലേക്കു വലിച്ചാണു കൊണ്ടുപോയിരുന്നത്. സന്തോഷത്തോടെ രണ്ടുപേരും ഒരുമിച്ചിരുന്നു കണ്ട സിനിമകളിലൊന്നു മാമാട്ടികുട്ടിയമ്മയും മഞ്ഞിൽ വിരിഞ്ഞ പൂക്കളുമൊക്കെയാണ്. ഒരിക്കലും സിനിമ ചെയ്യുമെന്നു മഞ്ജു നടിയായതിനു ശേഷം പോലും കരുതിയിട്ടില്ല. സംഭവിച്ചുപോയി എന്നു മാത്രം.
∙ ഈ സിനിമ അമ്മയുടെ കൂടെയല്ലെ പ്രിവ്യൂ കണ്ടത്.
മഞ്ജു∙ ഈ സിനിമയിൽ ഞങ്ങളുടെ അച്ഛനായി വേഷമിട്ട രഘുനാഥ് പലേരി മേക്കപ്പ് ചെയ്തു വരുന്നതു കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം അറിയാതെ നോക്കിപ്പോയി. പലയിടത്തും അച്ഛന്റെ ശരീര ഭാഷയുണ്ടായിരുന്നു. അച്ഛൻ എന്നും ഇട്ടിരുന്നു ക്രീം ഷർട്ടാണ്. രഘുചേട്ടനും അതേ നിറമുള്ള ഷർട്ട് ഇട്ടിരുന്നു. പലയിടത്തും അച്ഛനായിതന്നെ തോന്നി. ഞങ്ങളീകാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു.
∙ ഈ സിനിമ സമ്മാനിച്ചത് എന്താണ്.
മഞ്ജു∙ ജീവിതത്തിൽ ഇത്രയേറെ ദിവസം എന്റെ ഓർമയിൽ ഏട്ടന്റെ കൂടെ ഉണ്ടായിരുന്നിട്ടില്ല.എന്റെ കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീടു ജോലി കിട്ടി വിദേശത്തേക്കു പോയി.എനിക്കു സിനിമയിൽ തിരക്കായി. പിന്നെ ജീവിതത്തിന്റ ചെറിയ തിരക്കായി. എന്റെ ഓർമയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ചു നിൽക്കുന്നത് ആദ്യമാണ്. ആ സിനിമയുടെ കഥ ഒരു കുടുംബത്തിന്റെ സ്നേഹ കഥയായതുകൊണ്ട് ആ മൂഡിലായിരുന്നു എല്ലാവരും. ബിജു വേട്ടൻ,സുകുവേട്ടൻ അങ്ങനെ പലരും എത്രയോ കാലമായി ഞങ്ങൾക്കൊപ്പം കുടുംബംപോലെ ജീവിച്ചവരാണ്.
അമ്മയുടെയും മധുവേട്ടന്റെ കുടുംബത്തോടൊപ്പവുമാണ് ഞങ്ങളീ സിനിമയുടെ പ്രവ്യൂ കണ്ടത്. വീട്ടിലെ പലരും കണ്ണു തുടയ്ക്കുന്നതു കണ്ടു. അതു വ്യക്തിപരമായ അനുഭവംകൊണ്ടു കൂടിയാകാം. ഞങ്ങളുടെ കണ്ണു നിറഞ്ഞിരുന്നു.