ADVERTISEMENT

മഹായാനം റിലീസ് ചെയ്യുമ്പോൾ റോബി വർഗീസ് രാജിന് നാലു വയസ്സാണ് പ്രായം. റോണിക്ക് എട്ടും. അന്ന് താമസിച്ചിരുന്ന വീടും പുതിയതായി കെട്ടിക്കൊണ്ടിരുന്ന വീടും ആ ഒറ്റ സിനിമ നിർമിച്ചതു വഴി ആ കുടുംബംത്തിനു നഷ്ടമായി. ഉള്ളതെല്ലാം വിറ്റുപെറുക്കി നാടു വിടേണ്ടി വന്നതിനാൽ സിനിമ എന്നത് അത്ര സുഖകരമായ ഓർമ ആയിരുന്നില്ല അവർക്ക്. നിർമാതാവ് ടി. രാജൻ, മക്കളെ സിനിമയിൽ നിന്ന് പരമാവധി അകറ്റി വളർത്താൻ നോക്കിയെങ്കിലും അവരുടെ ഉള്ളിലുള്ള ഇഷ്ടം അതിലും മുകളിൽ ആയിരുന്നുവെന്നു തിരിച്ചറിയാൻ വർഷങ്ങളെടുത്തു. മൂന്നര പതിറ്റാണ്ടിനിപ്പുറം ആ മക്കൾ ഒരുമിച്ചൊരു സിനിമ ചെയ്തപ്പോൾ നായകൻ ആയതു മഹായനത്തിലെ നായകൻ മമ്മൂട്ടി തന്നെ ആയതു വെറും യാദൃച്ഛികത അല്ല. കാലം ഒരുക്കിയ ഒരു കടം വീട്ടൽ ആയിരുന്നു. സത്യത്തിൽ ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയിൽ ഉള്ളതിനേക്കാൾ ട്വിസ്റ്റുകൾ ഉണ്ട് സംവിധായകൻ റോബി വർഗീസ് രാജിന്റെയും തിരക്കഥാകൃത്തുകളിൽ ഒരാളും നടനുമായ റോണി ഡേവിഡ് രാജിന്റെയും ജീവിതത്തിൽ. അതുകൊണ്ടുതന്നെ, ‘കണ്ണൂർ സ്‌ക്വാഡി’ന്റെ വിജയം ഇരുവർക്കും ഇമോഷനൽ ആണ്. സിനിമയുടെ പിന്നാമ്പുറ കഥകളുമായി സംവിധായകൻ റോബി വർഗീസ് രാജ് മനോരമ ഓൺലൈനിൽ. 

 

അധ്വാനിച്ചു നേടിയ സന്തോഷം 

kannur-squad-success-13

 

പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം ആണ് ലഭിച്ചത്. അതിൽ വലിയ സന്തോഷം. കാരണം, ഒരുപാടു പേരുടെ കഠിനധ്വാനമുണ്ട്. അതെല്ലാം വർക്കൗട്ട് ആയി. സിനിമയുടെ പിന്നണിയിലെ എല്ലാവരും സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷമാണ്. മറിച്ചായിരുന്നെങ്കിൽ എന്താകും അവസ്ഥ എന്ന് ആലോചിക്കാൻ വയ്യ. എല്ലാവരുടെയും കഷ്ടപ്പാടുകൾ നേരിട്ടു കണ്ട വ്യക്തിയാണ് ഞാൻ. പലർക്കും വയ്യാതെയായി. എന്നിട്ടും ഷൂട്ടൊന്നും നിറുത്തി വയ്ക്കാതെയാണ് മുൻപോട്ടു പോയത്. അതെല്ലാം ഈ നിമിഷത്തിൽ ഓർമയിലേക്ക് വരുന്നു. അതാണ്‌ സന്തോഷത്തിനു കാരണം. സമയം വലിയൊരു വെല്ലുവിളി ആയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ സ്ക്രിപ്റ്റിലെ കാര്യങ്ങൾ എടുത്തു തീർക്കുക എന്നത് വലിയൊരു പ്രോസസ്സ് ആയിരുന്നു.

 

അമിതാഹ്ലാദം ഇല്ല

kannur-squad-movie34

 

അച്ഛൻ സിനിമ കണ്ടിരുന്നു. അദ്ദേഹത്തിന് പടം ഇഷ്ടപ്പെട്ടു. വലിയ സന്തോഷത്തിലാണ് അദ്ദേഹം. സിനിമയിലെ ഫൈറ്റുകൾ എല്ലാം അദ്ദേഹം നന്നായി ആസ്വദിച്ചു. പ്രത്യേകിച്ചും തിക്രി വില്ലേജിലെ ഫൈറ്റ്. മഹായാനം എന്ന സിനിമ നിർമിച്ചതും അതു സാമ്പത്തികമായി പരാജയപ്പെട്ടതുമെല്ലാം വളരെ മുൻപ് നടന്ന കാര്യങ്ങൾ അല്ലെ. അതെല്ലാം തരണം ചെയ്തു മുൻപിലോട്ട് വന്നു. ഇപ്പോഴത്തെ വിജയത്തിൽ അച്ഛനു സന്തോഷമുണ്ട്. പക്ഷെ, അമിതാഹ്ലാദം ഇല്ല. മൊത്തം ഫാമിലി അങ്ങനെയാണ്.

 

kannur-squad-success-1

രണ്ടര വർഷമെടുത്തു ചെയ്ത സ്ക്രിപ്റ്റ് 

 

കുറേക്കാലം ആയി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു. ചെയ്യാൻ പറ്റുന്ന ഒരു സ്ക്രിപ്റ്റ് ലഭിക്കണമല്ലോ.  അൽപം റിസ്ക് എടുത്താലും കുറച്ചു പരിപാടികൾ ഉള്ള സിനിമ ചെയ്യണം എന്നായിരുന്നു മനസ്സിൽ. പിന്നെ, പൊതുവെ എനിക്ക് ത്രില്ലർ സിനിമകളോടാണ് താല്പര്യം. ഒരു സ്ക്രിപ്റ്റ് കേട്ടു വെറുതെ പോയി ചെയ്യാൻ എനിക്ക് പറ്റില്ല. അതിൽ ശരിക്കും ഇരുന്നു വർക്ക്‌ ചെയ്താലേ എനിക്ക് ചെയ്യാൻ പറ്റൂ. അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമാണ്. ഈ സിനിമയുടെ സ്ക്രിപ്റ്റിൽ മാത്രം ഏകദേശം രണ്ടര വർഷം ഇരുന്നിട്ടുണ്ട്. എനിക്ക് കഥ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചത്. റോണി ആദ്യമായി ചെയ്യുന്ന സ്ക്രിപ്റ്റ് എന്ന നിലയിൽ ഞാൻ അതിലിരുന്നു നന്നായി വർക്ക് ചെയ്തിരുന്നു. അങ്ങനെ ചെയ്തു ചെയ്താണ് സംവിധാനത്തിൽ എത്തിയത്.

 

സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റും ഇപ്പോഴത്തെ രൂപത്തിനും ഇടയിൽ ചുരുങ്ങിയത് 17-18 ഡ്രാഫ്റ്റുകൾ സംഭവിച്ചിട്ടുണ്ട്. ആദ്യ ഡ്രാഫ്റ്റും ഫൈനൽ ഡ്രാഫ്റ്റും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല.

 

മമ്മൂക്ക ചോദിച്ചു, ആരാണ് സംവിധാനം?

 

സ്ക്രിപ്റ്റിങ്ങിന്റെ ആദ്യ ഘട്ടത്തിൽ നായകനായി മറ്റൊരാളെ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആ സ്ക്രിപ്റ്റിൽ ഡോക്യുമെന്ററി സൈഡിൽ ആയിരുന്നു കൂടുതൽ ഫോക്കസ്. പിന്നീട്, ആ രീതി മാറ്റി എഴുതി. സ്ക്രിപ്റ്റ് സിനിമാറ്റിക് ആയപ്പോൾ ബജറ്റ് കൂടി. ഒരു സാധാരണ നടനെക്കൊണ്ട് പുൾ ഓഫ് ചെയ്യാൻ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ഒരു സൂപ്പർ താരത്തിലേക്കു പോകുന്നത്. മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോയത് റോണിയും ഷാഫിയുമാണ്. റോണിക്കാണ് മമ്മൂക്കയെ കൂടുതൽ പരിചയം. ഞാൻ ആ സമയത്തൊക്കെ ഷൂട്ടിലാണ്. മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി. അദ്ദേഹം ആദ്യം ചോദിച്ചത്, ആരാണ് ഇതു സംവിധാനം ചെയ്യുന്നത് എന്നായിരുന്നു. റോണി പറഞ്ഞു ഞാൻ ആണെന്ന്. റോണിക്ക് ധൈര്യം ആയി എടുത്തുപയോഗിക്കാൻ പറ്റുന്നത് എന്റെ പേരാണല്ലോ. മാത്രമല്ല, ഞാൻ അതിന്റെ പ്രോസസിൽ ഭാഗവുമാണല്ലോ. അങ്ങനെ ഞാൻ സംവിധായകനായി.

 

തിക്രി ഫൈറ്റിന് പിന്നിൽ 

 

92 ദിവസമായിരുന്നു സിനിമയുടെ ഷൂട്ട്‌. ഇത്രകാലം നീണ്ടു നിന്നതുകൊണ്ടു കുറച്ചധികം സ്റ്റണ്ട് മാസ്റ്റേഴ്സിനെ ഉപയോഗിക്കേണ്ടതായി വന്നു. നമ്മുടെ ഡേറ്റിന് അവരെ കിട്ടണമല്ലോ. ഒരാളെ തന്നെ ആശ്രയിക്കാതെ പലരെ വച്ചു ചെയ്യാനുള്ള കാരണം ഇതാണ്. അങ്ങനെ ഓരോ ഫൈറ്റും ഓരോരുത്തർക്കു കൊടുക്കേണ്ടി വന്നു. ഇപ്പോൾ എല്ലാവരും സംസാരിക്കുന്ന തിക്രി വില്ലേജിലെ ഫൈറ്റ് ഏകദേശം രണ്ടാഴ്ച എടുത്താണ് ഷൂട്ട്‌ ചെയ്തത്. തീയൊക്കെ ഉപയോഗിച്ചുള്ള ഫൈറ്റ് ആണ്. സ്ക്രിപ്റ്റ് പൂർണമായും ഫോളോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനൊരു എക്സ്റ്റൻഷൻ കൂടി ഉണ്ടായിരുന്നു. അതെടുക്കാൻ കഴിഞ്ഞില്ല. എല്ലാ ഡിപ്പാർട്മെന്റിനും നല്ല പണി ഉണ്ടായിരുന്ന സീക്വൻസ് ആയിരുന്നു അത്. റിയലിസ്റ്റിക് ആയി തോന്നുന്നതിന് പിന്നിൽ ആർട്ട്‌ ഡയറക്ടറുടെ വലിയ റോളുണ്ട്. ഷാജി നടുവിലിനു ആണ് അതിന്റെ ക്രെഡിറ്റ്‌. 

 

ഒരു ടീം ആക്കിയത് മമ്മൂക്ക 

 

എനിക്കാണ് മമ്മൂക്കയ്ക്കൊപ്പം പുതിയ അനുഭവം. അദ്ദേഹം എത്ര സിനിമകൾ ചെയ്ത ആളാണ്‌. ഷൂട്ട്‌ ചെയ്ത സമയത്തെക്കാൾ ഞാൻ ആസ്വദിച്ചത് പോസ്റ്റ്‌ പ്രൊഡക്‌ഷൻ ആണ്.  വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ ആയിരുന്നു പലപ്പോഴും ഷൂട്ട്‌. ഒരു ദിവസം അല്ല. പല ദിവസങ്ങളിൽ അങ്ങനെ ആയിരുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ നോ പറയാമായിരുന്നു. അതിനുള്ള പ്രിവിലേജ് ഉള്ള ആളാണ്‌ മമ്മൂക്ക. പക്ഷേ, അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നു. പൊടിയും തണുപ്പും ഒക്കെ വക വയ്ക്കാതെയാണ് ഷൂട്ട്‌ പുരോഗമിച്ചത്. ഒരു ജാക്കറ്റ് പോലും ധരിക്കാതെയാണ് അഭിനേതാക്കൾ സെറ്റിൽ നിന്നത്. ഇടയ്ക്കു മമ്മൂക്കയ്ക്ക് ചെറിയ പനിയും ചുമയും ഒക്കെ വന്നു. എങ്കിലും അദ്ദേഹം ഷൂട്ട്‌ നിർത്തിയില്ല. നാലു പേർ അടങ്ങുന്ന ആ സ്‌ക്വാഡിനെ ഒരു ടീം ആക്കിയത് മമ്മൂക്കയാണ്. രാവിലെ അവരെ വിളിച്ചെണീപ്പിക്കുന്നത് വരെ അദ്ദേഹമാണ്.

 

ടാറ്റാ സുമോ കണ്ടെത്തിയത് 

 

ടാറ്റാ സുമോ പഴയ വണ്ടിയാണ്. ഒരു പവർ സ്റ്റിയറിങ് പോലും ഇല്ല.. അതു ഓടിക്കുക എന്നത് ടഫ് ആണ്. കുറെ അന്വേഷിച്ചാണ് ഈ വണ്ടി സംഘടിപ്പിച്ചത്. ഒരു പോലത്തെ രണ്ടു വണ്ടികൾ വേണ്ടിയിരുന്നു. അത് ഒപ്പിക്കാൻ സമയം എടുത്തു. ആ വണ്ടികൾ മമ്മൂട്ടി കമ്പനിയിൽ ഉണ്ട്. ഈ സിനിമയ്ക്ക് വേണ്ടി വാങ്ങിയതാണ്. അതു വച്ച് ഒരു ടെയിൽ എൻഡ് ഒക്കെ ആലോചിച്ചിരുന്നു. പിന്നീട് വേണ്ടെന്നു വച്ചു.

 

പ്രേക്ഷകരെ നേരിൽ കണ്ടുള്ള പഠനം 

 

ഇപ്പോൾ പല തിയേറ്ററുകളിൽ പോയി പല ആൾക്കൂട്ടങ്ങൾക്കൊപ്പം സിനിമ കാണുകയാണ്. എവിടെയൊക്കെയാണ് ആളുകൾ കയ്യടിക്കുന്നത്... എവിടെ അവർക്ക് കണക്ട് ആയി... എവിടെ അവർക്ക് വർക്ക് ആയില്ല... എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരിൽ കണ്ടു മനസിലാക്കുകയാണ്. അടുത്ത സിനിമയ്ക്ക് ഈ പഠനം ഗുണം ചെയ്യും. തിങ്കളാഴ്ച റിയൽ കണ്ണൂർ സ്‌ക്വാഡിനൊപ്പം സിനിമ കാണും. അതിനായി ഇപ്പോൾ കണ്ണൂരിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com