‘ഇതിലും വലിയ വേഷം ലഭിക്കരുതെന്ന് പ്രാർഥിച്ചു’; ജപ്പാനിലും വില്ലൻ; 20 വർഷം കോടതി കയറിയ കീരിക്കാടൻ
Mail This Article
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ മരുന്നുമണക്കുന്ന മുറി.. പതുക്കെ നടന്നുകൊണ്ട് അദ്ദേഹം അരികിലെത്തി. ആദ്യം വിശ്വസിക്കാനായില്ല. കീരിക്കാടൻ ജോസ് എന്ന പേരുകേട്ടു പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ആ കീരിക്കാടനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനാണു മുന്നിൽ. ചിരിച്ചുകൊണ്ട് മോഹൻരാജ് പറഞ്ഞു. ‘‘ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ. നടക്കാൻ പോലും പ്രയാസം. ഇവിടുത്തെ ചികിത്സയിൽ കുറേ മാറ്റമുണ്ട്. എല്ലാം ശരിയായിട്ടുവേണം വീണ്ടും സിനിമയിലെത്താൻ’’. എട്ടുവർഷം മുൻപു നടത്തിയ അഭിമുഖത്തിൽ മോഹൻരാജ് പറഞ്ഞു;‘‘ ഈ കീരിക്കാടൻ ജോസ് തന്നെയാണ് എന്റെയും ഔദ്യോഗികജീവിതം തകർത്തത്. അതൊക്കെ പറയുകയാണെങ്കിൽ...’’. വാക്കുകൾ മുഴുവനാക്കാതെ അദ്ദേഹം ചിന്തയിലാണ്ടു. നെറ്റിയിൽ മുറിവേറ്റപാട്, ചോരപൊടിയുന്ന കണ്ണുകൾ. കുറ്റിയായി വെട്ടിയ മുടി. നടന്നുവരുമ്പോൾ തന്നെ നെഞ്ചിൻകൂട് പിടയ്ക്കും. അത്രയ്ക്കു ക്രൂരനായിരുന്നു കീരിക്കാടൻ. അയാളെയാണ് ഉറുമ്പിനെപോലും നോവിക്കാൻ മനസ്സുവരാത്ത സേതുമാധവൻ അടിച്ചുവീഴ്ത്തുന്നത്. ദൈവമേ.. സേതുമാധവന് ഇതെങ്ങനെ സാധിച്ചുവെന്ന് തോന്നാത്തവരാരും നമുക്കിടയിൽ ഉണ്ടാകില്ല. ‘കീരിക്കാടൻ ജോസ് ചത്തേ’യെന്ന് കൊച്ചിൻഹനീഫ വിളിച്ചുപറയുമ്പോൾ ആദ്യം നമ്മളൊക്കെ ആശ്വാസം കൊണ്ടിരുന്നു. സേതുമാധവനെയും അച്ഛനെയും ദ്രോഹിക്കുന്ന അയാളെ കത്തികൊണ്ടു കുത്തിക്കൊല്ലുമ്പോൾ അങ്ങനെ വേണമെന്ന് നാമൊക്കെ ആഗ്രഹിച്ചിരുന്നു. സേതു തലയ്ക്കടിച്ചു വീഴ്ത്തിയ ഇടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണല്ലോ കത്തിയുമായി വന്നു കുത്തിക്കൊല്ലുന്നത്.