ADVERTISEMENT

സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. ‘ക്വീൻ എലിസബത്ത്’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി  മീര മനോരമ ഓൺലൈനിൽ.

ഉർവശിചേച്ചി അങ്ങനെ പറഞ്ഞോ? 

ഞാൻ അഭിനയിക്കുമ്പോൾ ഭംഗി നോക്കാറില്ല എന്ന് ഉർവശിച്ചേച്ചി പറയുന്നത് വലിയ കാര്യമല്ലേ?. ഉർവശിച്ചേച്ചിയെപ്പോലെ ഇപ്പോഴും ആരും ഇല്ല. ചേച്ചി അങ്ങനെ പറഞ്ഞത് എനിക്ക് ഒരു അനുഗ്രഹമായാണ് തോന്നിയത്.  ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം തുടക്കത്തിൽ എനിക്കു കിട്ടിയ  ഫൗണ്ടേഷനായിരിക്കണം. ലോഹിയങ്കിളിനെപ്പോലെ ഒരു മെന്റർ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. ക്യാരക്ടറിന്റെ വികാരങ്ങളെപ്പറ്റിയൊക്കെ കൃത്യമായി പറഞ്ഞുതരും. എന്നാൽ ചില കാര്യങ്ങൾ പറഞ്ഞു തരാനും പറ്റില്ലല്ലോ. എന്തു ചെയ്യുമ്പോഴും നാച്ചുറലായി ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാം. പക്ഷേ നമുക്ക് ജന്മനാൽ ദൈവം തരുന്ന ഒരു കഴിവുണ്ട്. അഭിനയിക്കുമ്പോൾ നമ്മുടെ മുഖം എങ്ങനെയിരിക്കുന്നു എന്നൊക്കെ ചിന്തിച്ചാൽ നമുക്ക് അഭിനയിക്കാൻ പറ്റില്ല. 

ഞാനങ്ങനെ പുസ്തകം വായിക്കുന്ന കൂട്ടത്തിലൊന്നുമല്ല. ലോഹിയങ്കിൾ വായനയുണ്ടോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല. നല്ല ഭാവന ഉണ്ടാകാൻ എന്നെ നിർബന്ധിച്ച് പുസ്തകങ്ങളൊക്കെ വായിപ്പിക്കുമായിരുന്നു. മാധവിക്കുട്ടിയുടെ കവിതകൾ കേൾപ്പിക്കുമായിരുന്നു. ഞാൻ ചെറുപ്പത്തിലേ വളരെ സെൻസിറ്റീവായിട്ടുള്ള കുട്ടിയായിരുന്നു. ഓരോ സിറ്റുവേഷനനുസരിച്ച് മൂഡ് മാറുമായിരുന്നു. മഴ പെയ്യുമ്പോൾ ഒരു മൂഡ്, ചില പാട്ടുകളുടെ രാഗങ്ങൾ കേൾക്കുമ്പോൾ ഒരു മൂഡ്. ഇതൊന്നും അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അറിയാതെ സംഭവിക്കുന്നതാണ്. 

ക്വീൻ മീര 

ക്വീൻ എലിസബത്ത് പ്രോജക്ട് വരുമ്പോൾ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. എന്റെ ചേച്ചിയാണ് കഥ കേട്ടത്. ചേച്ചി ആവേശത്തോടെ പറഞ്ഞു, നല്ല കഥയാണ്. ചെയ്താൽ നന്നായിരിക്കുമെന്ന്. പിന്നെ നരേൻ ആണു നായകൻ എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി. 

കരച്ചിലും ചിരിയും 

എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കും. അപ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരും. അതായിരുന്നു പണ്ടെന്റെ രീതി.  കുറച്ചു കഴിഞ്ഞപ്പോൾ  ആ കഥാപാത്രം ഏത് അവസ്ഥയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കി ചെയ്യാൻ തുടങ്ങി. എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലും ഉണ്ട്. അവരുടെ ചുറ്റുപാടുകളാണ്  ഓരോ കഥാപാത്രങ്ങളെയും  ട്രിഗർ ചെയ്യുന്നത്. ഞാൻ എന്തു ചെയ്യുമ്പോഴും യഥാർഥത്തിൽ അതേ വികാരത്തിലാണ് അഭിനയിക്കുന്നത്. ഒരു ഫീലോടു കൂടിയേ ചെയ്യൂ. അല്ലെങ്കിൽ അത് ഫേക്ക് ആയി തോന്നും. 

meera-jasmine-2

അഭിനയം ആശ്വസിപ്പിക്കും 

പലപ്പോഴും മനുഷ്യർ വികാരങ്ങളെ അടക്കിപിടിച്ചാണ് ജീവിക്കുന്നത്. നൃത്തം, പാട്ട്, അഭിനയം എല്ലാം മനുഷ്യവികാരങ്ങളെ റിലീസ് ചെയ്യിക്കും. അതൊരു പ്രാക്ടീസൊക്കെയായി ചെയ്താൽ മനസ്സിനു സമാധാനം കിട്ടും. അത് ഒരു പാട് കൂടിപ്പോയാലും നമ്മളെ ക്ഷീണിപ്പിക്കും. അപ്പോൾ ബാറ്ററി ചാർജ് ചെയ്യുന്നതു പോലെ നമ്മളെയും ചാർജ് ചെയ്യണം. ഞാൻ തിരക്കിൽ നിന്നൊക്കെ മാറി എന്റേതായ ഒരു ലോകത്ത് എന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാണു  റീചാർജ് ആകുന്നത്. 

meera-jasmine-222

സ്നേഹമില്ലാതെ ഞാൻ ഇല്ല 

എനിക്കു കണക്ട്  ചെയ്യാൻ പറ്റുന്ന ചില വ്യക്തികളുണ്ട് എന്റെ ജീവിതത്തിൽ. അവർ വിഷമിച്ചാൽ ഞാനും വിഷമിക്കും. അവർ സന്തോഷിച്ചാൽ ഞാനും. എന്നു വച്ച് ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ഒരാളേയല്ല. എപ്പോഴും അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒരാളാണ്. കുറച്ചു സെൻസിറ്റീവാണ് എന്നേയുള്ളു. നന്മ ഓരോരുത്തർക്കും ഓരോ രീതിയിലാണ് തോന്നുന്നത്. ഞാൻ ഒരാളിൽ കാണുന്ന നന്മ ആയിരിക്കില്ല മറ്റൊരാൾ അയാളിൽ കാണുന്നത്. നല്ല മനുഷ്യരും സ്നേഹവും ഇല്ലെങ്കിൽ ഞാൻതന്നെ ഇല്ല എന്ന് തോന്നാറുണ്ട്.

പഴയ ഞാൻ; പാവം കുട്ടി

ആ ചെറിയ കുട്ടിയിൽ നിന്ന് ഞാൻ എത്രയോ ദൂരം യാത്ര ചെയ്തു. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ. അതാണല്ലോ ജീവിതം. എന്നിൽ എപ്പോഴും ഒരു കുട്ടിത്തം ഉണ്ടെങ്കിലും ഈ ജീവിതയാത്രയിൽ നിന്നുള്ള അനുഭവങ്ങളിലൂടെ കിട്ടിയ ഒരു പാകത ഇപ്പോൾ എനിക്കുണ്ട്. 

meera-jasmine-22

കസ്തൂരിമാനിലെ കരച്ചിൽ 

ചില ട്രോളുകളും മീമുകളുമൊക്കെ അറിയാതെ കണ്ണിൽ പെടാറുണ്ട്. പഴയ ചില സീനുകളൊക്കെ കാണുമ്പോൾ ചമ്മലാകും. കസ്തൂരിമാനിലെ കരച്ചിലൊക്കെ അത്രയും വേണ്ടായിരുന്നു അല്ലെ? അന്ന് ചെറിയ കുട്ടിയല്ലേ. അത്രയല്ലേ അറിവുമുള്ളൂ. 

ചാരാൻ എനിക്ക് ഇഷ്ടമാണ് 

നമ്മൾ ഇൻഡിപെൻഡന്റ്, ആണ് സെൽഫ് മെയ്ഡ് ആണ് എന്നുകരുതി ആരെയും ആശ്രയിക്കേണ്ട, നമുക്കാരെയും വേണ്ട എന്നുള്ള ചിന്തകളൊന്നും എനിക്കില്ല. ഞാൻ ഫെമിനൈൻ ആണ്, സ്നേഹിക്കപ്പെടാനും ഇഷ്ടമാണ് അതുകൊണ്ടുതന്നെ മറ്റുള്ളവരെ ചാരി നിൽക്കാനും ഇഷ്ടമാണ്. 

meera-jasmine-lehenga

പേരറിയാം മകയിരം നാളറിയാം

ആദ്യത്തെ സിനിമ. എങ്ങനെ അഭിനയിക്കണം എന്നറിയില്ല. എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്നുപോലും ചിന്തിക്കാതെ ചെയ്തൊരു സിനിമ. സൂത്രധാരനിൽ ആദ്യം ഷൂട്ട് ചെയ്തത് 'പേരറിയാം മകയിരം നാളറിയാം' എന്ന പാട്ടാണ്. പേടിയായിരുന്നു. സുജാത ചേച്ചിയുടെ പാട്ടിലൂടെയാണ് ഞാൻ സിനിമയിലേക്കു വന്നത്. പാറിപ്പറന്ന് ആ പാട്ട് അഭിനയിച്ചു. 

'എന്തേ ഇന്നും വന്നീല' 

ഗ്രാമഫോണിൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അങ്കിളിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതാണ് വലിയ അനുഗ്രഹം. നമ്മൾ നന്നായി പെർഫോം ചെയ്യുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം, പ്രോത്സാഹനം... അതൊക്കെ മറക്കാൻ പറ്റില്ല. ഇനി അടുത്ത ജന്മം എവിടെയെങ്കിലും വച്ച് അവരെ കാണാമെന്ന് കരുതുന്നു. ഈ പാട്ട് കേൾക്കുമ്പോൾ അദ്ദേഹത്തെയാണ് ഓർമ വരുന്നത്. 

സത്യനങ്കിൾ വാക്ക് പാലിച്ചു 

ആ പാട്ടിൽ സൈക്കിളിൽ പോകുന്ന ഒരു ഷോട്ടുണ്ട്. എന്റെ സോളോ ഷോട്ടാണ്. അതിൽ സൈക്കിളിൽ പോകുമ്പോൾ ക്യാമറയിൽ നോക്കി ഉമ്മ വയ്ക്കുന്ന ഒരു ഷോട്ടുണ്ട്. ചിത്രീകരണം കഴിയുന്ന സമയത്ത് ആ പാട്ടിന്റെ ഷോട്ട് എടുത്തിരുന്നു. പടം തീരുകയാണ്. എനിക്കാണെങ്കിൽ ആ സെറ്റ് വിട്ടു പോകാൻ താൽപര്യമേ ഇല്ല. ഭയങ്കര സങ്കടം. പായ്ക്കപ്പാകാൻ ഇനി നാലു ദിവസം കൂടിയേ ഉള്ളൂ. ഒരോ ദിവസം എണ്ണി എണ്ണി വിഷമിക്കുമായിരുന്നു. സത്യനങ്കിളിന്റെ കൂടെ വർക്ക് ചെയ്യാൻ നല്ല രസമായിരുന്നു. ഇതു കഴിഞ്ഞ് ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ടാണ്. ഞാനങ്ങു വിഷമിക്കുകയാണ്. ലാസ്റ്റ് എന്റെ ഈ ഷോട്ട് എടുത്ത് എന്നെ പറഞ്ഞു വിടുകയാണ്. ഞാൻ വിഷമിക്കേണ്ട എന്നു കരുതി എന്നോടു പറഞ്ഞു ''മീരാ ഇനി നമുക്ക് അടുത്ത പടത്തിൽ കാണാ''മെന്ന്. പറഞ്ഞതു പോലെ തന്നെ ചെയ്യുകയും ചെയ്തു. അടുത്ത പടം രസതന്ത്രം ചെയ്തു.  

ദേഷ്യക്കാരിയല്ല ഇപ്പോൾ 

പണ്ടെനിക്കു ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ജീവിതരീതി മാറിയതു കൊണ്ടാകാം. എക്സർസൈസ് ചെയ്യും, ഫുഡ് ഹാബിറ്റ്സ് മാറി, എന്റേതായ ടൈം കണ്ടെത്താൻ തുടങ്ങി. ദേഷ്യവും സങ്കടവും ഒക്കെ വരും. പക്ഷേ, അതിനെ മാനേജ് ചെയ്ത് ഡൈവേർട്ട് ചെയ്തു വിടും. ലോങ് വോക്കിനു പോകും. പാട്ടു കേൾക്കും. ഒരു സ്ഥലത്ത് തന്നെ ഇരിക്കാൻ എനിക്ക് ഇഷ്ടമല്ല.

ജീവിതത്തിന്റെ ഒഴുക്ക് 

ജീവിതം എങ്ങോട്ടാണോ പോകുന്നത്  ആ ഒഴുക്കിനനുസരിച്ചങ്ങു പോകുക. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്ന രീതിയാണെനിക്ക് ഇഷ്ടം. ഒരുപാട് പ്ലാൻ ചെയ്യാറില്ലെങ്കിലും എനിക്കൊരു ഐഡിയ ഉണ്ടായിരിക്കും. എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നു. ഞാൻ ഹാപ്പിയാണ്.

English Summary:

Chat With Meera Jasmine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com