പേര് മാറ്റിയത് അറിഞ്ഞത് മാസികയിലൂടെ, ശാലിനിയുമായി ഇപ്പോൾ കോണ്ടാക്ട് ഇല്ല: ചാന്ദ്നി അഭിമുഖം
Mail This Article
സുധിയുടെയും മിനിയുടെയും പ്രണയകഥ പറഞ്ഞ് 1997ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രമാണ് ‘അനിയത്തി പ്രാവ്’. ചിത്രത്തിലെ മിനിയുടെ കൂട്ടുകാരി ശ്യാമയെ ഓർമയുണ്ടോ. ഓട്ടോബ്രദേഴ്സ്, സ്പർശം, സത്യഭാമയ്ക്കൊരു പ്രേമലേഖനം തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിരുന്നു. സിനിമാ താരം ഷാജുശ്രീധറിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയം അവസാനിപ്പിച്ചെങ്കിലും കലാരംഗത്ത് സജീവമാണ് താരം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം അഭ്യസിച്ച ചാന്ദ്നി ഇപ്പോൾ പാലക്കാട് സ്വന്തമായൊരു ഡാൻസ് സ്കൂൾ കൂടി നടത്തി വരുന്നു. സിനിമാ താരങ്ങളെയടക്കം നൃത്തം അഭ്യസിപ്പിക്കാറുണ്ട്. പഴയ സിനിമാ ഓർമകൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ ഓർമയുണ്ടോ ഈ മുഖം എന്ന പരിപാടിയിലൂടെ ചാന്ദ്നി.
‘അച്ഛാ.. എന്നെ സിനിമേലെടുത്തു’
എന്റെ ശരിക്കുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്കു വേണ്ടി ഡയറക്ടർ രാജസേനൻ സാറാണ് എന്റെ പേരുമാറ്റിയത്. സത്യത്തിൽ എന്റെ പേര് ചാന്ദ്നി എന്നു മാറ്റിയത് ഞാൻ അറിഞ്ഞതു പോലും മാഗസീൻ വഴിയാണ്. സിനിമയുടെ സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരുദിവസം ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിൽക്കുമ്പോൾ അച്ഛൻ വെള്ളിനക്ഷത്രം വാങ്ങി കൊണ്ടു വന്നു. അതിൽ രാജസേനന്റെ പുതിയ സിനിമയിൽ പുതുമുഖം ചാന്ദ്നി നായികയെന്ന് ഒരു ന്യൂസ് കണ്ടു. അപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു 'അച്ഛാ അവര് വേറെയാരെയോ സിലക്റ്റ് ചെയ്തിട്ടുണ്ട്, ദാ ന്യൂസ് വന്നിട്ടുണ്ട്' ആണോ എന്ന് അച്ഛൻ ചോദിച്ചു.
വലിയ സിനിമാ മോഹങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് വിഷമം ഒന്നും തോന്നിയില്ല. വാർത്ത മുഴുവൻ വായിച്ചു വന്നപ്പോൾ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിൻ ഷിപ്പിയാർഡിലെ കെ. ബാലചന്ദ്രന്റെയും കാർത്യായനിയുടെയും മകളായ ചാന്ദ്നി കലാമണ്ഡലം വിദ്യാർഥിനിയാണ് എന്നായിരുന്നു. അപ്പോഴാണ് എന്നെ സിനിമയിലെടുത്തെന്നും എന്റെ പേര് ചാന്ദ്നിയെന്ന് മാറ്റിയെന്നും ഞാൻ അറിയുന്നത്. അതേ സമയത്ത് സുനിത എന്ന പേരിൽ മറ്റൊരു നടി കൂടി ഉണ്ടായിരുന്നു. അതാണ് അവർ എന്റെ പേരു മാറ്റാൻ കാരണം
അനിയത്തിപ്രാവിലെ മിനിയുടെ കൂട്ടുകാരി
എന്റെ നാലാമത്തെ പടമാണ് അനിയത്തിപ്രാവ്. പക്ഷേ എല്ലാവരും ചോദിക്കും ആദ്യത്തെ സിനിമയാണോ എന്ന്. ‘സത്യഭാമയ്ക്കൊരു പ്രേമലേഖനം’ എന്ന സിനിമയിൽ ബിജുമോനേന്റെ നായികയായാണ് ആദ്യം അഭിനയിച്ചത്. അനിയത്തിപ്രാവിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. കാരണം ‘നിയോഗം’ എന്ന പടം ഒറ്റപ്പാലത്ത് ഷൂട്ട് നടക്കുമ്പോള് അവിടെ വച്ച് സുധീഷേട്ടൻ ഫാസിൽ സാറിന്റെ പടം ചെയ്യാൻ പോകുന്നുവെന്നും ബേബി ശാലിനി, കുഞ്ചാക്കോ ബോബൻ ഇവരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു.
ഫാസിൽ സാറിന്റെ പടം എന്നൊക്കെ കേട്ട് ഞാൻ അതിശയത്തോടെ ഇരുന്നു. അതെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ (സൗബിന്റെ അച്ഛൻ) വിളിച്ചു. ഫാസിൽ സാറിന്റെ പടത്തിൽ ഇങ്ങനെ ഒരു റോൾ ഉണ്ട്. ചെയ്യാമോ? എന്ന് ചോദിച്ചു. ഞാൻ ഭയങ്കരമായി എക്സൈറ്റഡ് ആയിപ്പോയി. പടത്തിൽ ആദ്യം ഷൂട്ട് ചെയ്തത് ഞാനും ശാലിനിയും കൂടി മറൈൻ ഡ്രൈവിൽ കൂടി ഒളിച്ചൊളിച്ച് വരുന്നതാണ്. അതുകഴിഞ്ഞാണ് ഫ്ളോട്ടിങ് റസ്റ്റൊറന്റിൽ ഇരുന്നുള്ള ‘ഹലോ ഹലോ’ പറയുന്ന സീൻ എടുത്തത്. എല്ലാം ഫാസിൽ സർ അഭിനയിച്ച് കാണിച്ചു തരും. ആ സീൻ ഇത്ര വൈറലാകുമെന്ന് ആരും കരുതിയില്ല. ഡാൻസർ ആയതുകൊണ്ട് തുടക്കത്തിൽ ഓവർ എക്സ്പ്രഷൻ ഉണ്ടായിരുന്നു. ഡയലോഗ് പറയുമ്പോൾ പുരികമൊക്കെ പൊങ്ങുമായിരുന്നു. ഇതും പറഞ്ഞ് എന്നെ കൊന്ന് കൊലവിളിക്കുന്നത് കൽപന ചേച്ചിയായിരുന്നു.
ശാലിനി സെറ്റിലേക്കു വരുമ്പോൾ മൂന്നാലുപേർ കൂടെയുണ്ടാകും
നായികയായിട്ടുള്ള ശാലിനിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അനിയത്തിപ്രാവ്. ഒരു വെള്ള അംബാസിഡറിലാണ് ശാലിനി സെറ്റിലേക്കു വരുന്നത്. മാമാട്ടിക്കുട്ടിയമ്മയിൽ അഭിനയിച്ചപ്പോൾ വാങ്ങിച്ച കാറാണ്. അത് അവൾക്കൊരു ഫീലാണെന്ന് ശാലിനിയുടെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. ശാലിനി കാറിൽ നിന്നിറങ്ങുമ്പോൾ ശാലിനിയുടെ അതേ ഹൈറ്റിലുള്ള മൂന്നാല് ആണുങ്ങളും കൂടെ കാണും. ടച്ചപ്പ്, ഹെയർ സ്റ്റൈലിസ്റ്റ് അങ്ങനെ എല്ലാവരും വൈറ്റ് ആൻഡ് വൈറ്റ് ഒക്കെ ഇട്ടാണ് വരിക. നമുക്കതൊക്കെ അദ്ഭുതമായിരുന്നു. കുട്ടി സൂപ്പർ സ്റ്റാർ ആയിരുന്നപ്പോൾ മുതൽ ശാലിനി ഇങ്ങനെയാണ് സെറ്റിലേക്കു വന്നിരുന്നത്. ശാലിനിയും ചാക്കോച്ചനും ഒന്നിച്ചഭിനയിച്ച നക്ഷത്രത്താരാട്ടിലും ഞാൻ അഭിനയിച്ചുരുന്നു. ശാലിനി പിന്നെ തമിഴിലേക്ക് പോയി. ഇപ്പോൾ കോണ്ടാക്ടൊന്നും ഇല്ല.
ചാക്കോച്ചനെയും മംമ്തയെയും ഡാൻസ് പഠിപ്പിച്ചത് ഞാനാണ്
ഞാൻ കുഞ്ചാക്കോ ബോബനെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. അനിയത്തിപ്രാവിലെ ‘എന്നും നിന്നെ പൂജിക്കാം’ എന്ന പാട്ടിൽ എന്തെങ്കിലും ഡാൻസ് മൂവ്മെന്റ്സ് ആകാമെന്ന് പറഞ്ഞു അപ്പോൾ ഫാസിൽ സാർ എന്നോടു പറഞ്ഞു, ക്ലാസിക്കലിന്റെ ഒരു സ്റ്റെപ്പ് പഠിപ്പിക്കാൻ. അങ്ങനെ ചാക്കോച്ചനെ മോഹിനിയാട്ടത്തിലെ ഇരുപതാമത്തെ അടവ് ഞാൻ പഠിപ്പിച്ചു. അതിന്റെ ഗുരു ഞാനാണ്. വിനോദ് മങ്കരയുടെ ചിത്രത്തിനു വേണ്ടി മംമ്ത മോഹൻദാസിനെ ഡാൻസ് പഠിപ്പിച്ചിരുന്നു. പിന്നെ പൊന്നമ്മ ബാബു ചേച്ചിയെയും ഡൻസ് പഠിപ്പിച്ചിട്ടുണ്ട്.
ദിവ്യാ ഉണ്ണി കുറുമ്പിയും പൂർണിമ മോഡേണും
കാവേരി, ദിവ്യ ഉണ്ണി, ചഞ്ചൽ, ചിപ്പി, വിന്ദുജ, പൂർണിമ ഇന്ദ്രജിത്ത്, പ്രിയ (പൂർണിമയുടെ അനുജത്തി), ഗായത്രി, ആശ ചേച്ചി എന്നിവരായിരുന്നു അന്നത്തെ കൂട്ടുകാർ. ഇവരെല്ലാം കലാമണ്ഡലം ഗോപി മാഷിന്റെ സ്റ്റുഡന്റ്സും ഞാൻ മാഷിന്റെ അസിസ്റ്റന്റും ആയിരുന്നു. എന്റെ ഡാൻസിന്റെ ഏറ്റവും നല്ല മെമ്മറികൾ അവിടെയായിരുന്നു. ദിവ്യ ഉണ്ണി പണ്ടുമുതൽ കുറുമ്പിയായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ കുറുമ്പ് കാണിക്കും. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മേക്കപ്പ് സെൻസും ഡ്രെസിങ് സെൻസുമൊക്കെ പൂർണിമയ്ക്കായിരുന്നു. പൂർണിമ ഇന്നും പഴയതുപോലെ തന്നെയാണ്.
വിവാഹശേഷമാണ് സിനിമാ അഭിനയം നിർത്തിയത്. തീരുമാനം എന്റേത് തന്നെയായിരുന്നു. കാരണം കുട്ടികളായപ്പോൾ ഞങ്ങളിൽ ആരെങ്കിലും അവർക്കൊപ്പം വേണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. 25 വർഷമായി എന്റെയും ഷാജു ഏട്ടന്റെയും വിവാഹം കഴിഞ്ഞിട്ട്. രണ്ടു പെൺമക്കളാണ് ഞങ്ങൾക്ക്. ഷാജുവേട്ടൻ ഇപ്പോഴും സിനിമയിൽ തന്നെ ഉള്ളതിനാൽ സിനിമ വിട്ടുവെന്ന തോന്നലേയില്ല.
എപ്പോഴും ഫോണിലെങ്കിലും ആരോടേലും സംസാരിക്കാറുണ്ട്. ഞങ്ങളുടെ വീട്ടിലെ ടോപിക് തന്നെ സിനിമയാണ്. അതുകൊണ്ട് സിനിമ മിസ് ചെയ്യുന്നില്ല. എന്റെ ഡാൻസ് സ്കൂളിൽ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. ഇത് മുന്നോട്ടു കൊണ്ടുപോകണം. സിനിമയിലേക്ക് തിരിച്ചു വരണമെന്ന ചിന്ത ഇപ്പോഴില്ല.