ADVERTISEMENT

വലിയ സ്വപ്നങ്ങളുമായാണ് വർഷങ്ങൾക്കു മുൻപ് സ്വാസിക ചെന്നൈയിലേക്ക് അമ്മയ്ക്കൊപ്പം വണ്ടി കയറിയത്. അന്ന് സ്വാസികയ്ക്ക് പ്രായം 16. പക്ഷേ, പ്രതീക്ഷിച്ച പോലെ സിനിമ വർക്ക് ആയില്ല. മുഖക്കുരുവുള്ള നായിക സിനിമയിൽ വിജയിക്കില്ലെന്നു വരെ ചിലർ പറഞ്ഞു കളഞ്ഞു. മനസു മടുത്താണ് അന്ന് സ്വാസിക തിരികെ കേരളത്തിലേക്ക് വണ്ടി കയറിയത്. അഭിനയം നിറുത്തി അധ്യാപനത്തിലേക്ക് തിരിഞ്ഞാലോ എന്നു വരെ ആലോചിച്ച നാളുകൾ. പക്ഷേ, കാലം സ്വാസികയ്ക്കു വേണ്ടി കരുതി വച്ചത് മറ്റൊന്നായിരുന്നു. നിരസിക്കപ്പെട്ട അതേ ഇൻഡസ്ട്രിയിൽ തലയെടുപ്പോടെ സ്വാസികയെ കാലം കൊണ്ടു നിറുത്തി. തമിഴരസൻ പച്ചമുത്ത് സംവിധാനം ചെയ് ലബർ പന്തിലെ യശോദയെ കണ്ടവർ ഒന്നടങ്കം പറഞ്ഞു, ‘ആഹാ... എന്തൊരു ഗംഭീര നായികയാണിവർ’ എന്ന്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ലബർ പന്ത് എന്ന തമിഴ് സിനിമ അതുകൊണ്ടു തന്നെ സ്വാസികയ്ക്ക് സ്പെഷൽ ആണ്. സിനിമയുടെ വിശേഷങ്ങളുമായി സ്വാസിക മനോരമ ഓൺലൈനിൽ. 

‘വാസന്തി’ നൽകിയ ലബർ പന്ത്

ഞാൻ അഭിനയിച്ച ‘വാസന്തി’ എന്ന സിനിമയുടെ പോസ്റ്ററും പാട്ടുകളും ലബർ പന്തിന്റെ സംവിധായകൻ കണ്ടിരുന്നു. സംഗീത സംവിധായകൻ ദിബു നൈനാൻ തോമസിന്റെ സുഹൃത്താണ് ലബർ പന്തിന്റെ സംവിധായകൻ തമിഴരസൻ പച്ചമുത്തു. ദിബുവിന്റെ കയ്യിൽ നിന്ന് എന്റെ നമ്പർ വാങ്ങി എന്നെ വിളിക്കുകയായിരുന്നു. ഷൂട്ടിന് മുൻപ് ഫോണിലൂടെ മാത്രമാണ് ‍ഞങ്ങൾ സംസാരിച്ചത്. അല്ലാതെ നേരിട്ടു കണ്ട് ഓഡിഷൻ ചെയ്യുകയോ ലുക്ക് ടെസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടല്ല. അത്രയും വിശ്വാസം അദ്ദേഹത്തിന് എന്നിലുണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപാണ് ഞാൻ ചെന്നൈയിൽ പോയതും സംവിധായകനെ നേരിൽ കണ്ടതും. 

swasika-director
സംവിധായകൻ തമിഴരസൻ പച്ചമുത്തുവിനുമൊപ്പം

കരുത്തുള്ള യശോദ

യശോദ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് യശോദ. തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ് അവർ. ആ കഥാപാത്രത്തിന്റെ ശരീരഭാഷ എങ്ങനെയാകണമെന്ന് സംവിധായകന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒരൽപം പോലും ആ ശരീരഭാഷയിൽ നിന്ന് മാറിയാൽ അദ്ദേഹം ഓർമപ്പെടുത്തും. യശോദ ഇങ്ങനെയല്ല എന്നു പറഞ്ഞ് തിരുത്തും. ഡയലോഗ് എല്ലാം പഠിച്ചു വരാൻ അദ്ദേഹം പറഞ്ഞിരുന്നു. ഡയലോഗ് മനഃപാഠം ആയതുകൊണ്ട് പെർഫോർമൻസിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റി. നല്ല പവർ ഉള്ള കഥാപാത്രമാണ്. അതുപോലെ ഒരു ആറ്റിറ്റ്യൂഡും ഈ കഥാപാത്രത്തിനുണ്ട്. അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞു. ഇടയ്ക്കെപ്പോഴെങ്കിലും അതിൽ നിന്നു വിട്ടുപോകുന്നുണ്ടെങ്കിൽ അപ്പോൾ സംവിധായകൻ ഓർമപ്പെടുത്തലുമായെത്തും. സഹസംവിധായകരാണെങ്കിലും ഡയലോഗിന്റെ സ്ലാങ് കൃത്യമാക്കാൻ സഹായിച്ചു. സിനിമയിൽ എനിക്കായി ഡബ് ചെയ്തത് ഒരു തിയറ്റർ ആർടിസ്റ്റാണ്. ഒരു ക്രാക്ക്ഡ് വോയ്സ് ആ കഥാപാത്രത്തിനു വേണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വേറെ ഒരാൾ ഡബ്ബ് ചെയ്തത്. 

swasika-director22

അമ്മ വേഷം നിരാശപ്പെടുത്തിയില്ല

കഥ കേട്ടപ്പോൾ തന്നെ എന്റെ കഥാപാത്രത്തിന്റെ റേഞ്ച് എനിക്ക് മനസിലായി. അതുകൊണ്ട് 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന കാര്യം പ്രശ്നമായി തോന്നിയില്ല. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ കഥാപാത്രം എന്താണ് സംസാരിക്കുന്നത്, അവർ വരുന്ന സീനിലെ ഇംപാക്ട് ഇതെല്ലാം എനിക്ക് ആവേശം പകരുന്നതായിരുന്നു. പുരുഷ കഥാപാത്രങ്ങളെയെല്ലാം പേടിപ്പിച്ചു നിറുത്തുന്ന ഒരു സ്ത്രീ! അത്രയും കാമ്പുള്ള വേഷമാണ് അത്. വെറുമൊരു ഭാര്യയോ അമ്മയോ അല്ല യശോദ. പെർഫോർമൻസിന് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ കഥാപാത്രത്തിന്റെ പ്രായമൊന്നും നോക്കിയില്ല. സംവിധായകൻ വിശ്വസിച്ച് ഒരു വേഷം തരുമ്പോൾ, അത് ഗംഭീരമാക്കണമെന്ന് തോന്നി. 

പോസ്റ്റർ
പോസ്റ്റർ

ആ സെറ്റ് നൽകിയ മേക്കോവർ

ഡൾ മേക്കപ്പാണ് ആ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. അങ്ങനെയൊരു കഥാപാത്രം ആയതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് ഷോട്ട് കഴിയുമ്പോൾ വേഗം കാരവാനിലേക്കു പോവുക അല്ലെങ്കിൽ കുടയുടെ തണലിലേക്ക് മാറി നിൽക്കുക തുടങ്ങിയ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞാലും ആ വെയിലത്തു തന്നെ നിൽക്കും. വിയർത്തു കുളിച്ച് ടാൻഡ് സ്കിൻ ആയിട്ടുള്ള യശോദയാണ് സിനിമയിൽ. സാരി ഉടുക്കുന്നതിൽ പോലും വ്യത്യാസമുണ്ട്. സത്യത്തിൽ മേക്കപ്പിനെക്കാൾ ഷൂട്ടിങ് സെറ്റിലെ ഇത്തരം കാര്യങ്ങളാണ് ശരിക്കും ആ മേക്കോവർ നൽകിയത്. ആ കഥാപാത്രമായി മാറാൻ ഇതെല്ലാം എന്നെ സഹായിച്ചു. 

ട്രാക്ടർ ഡ്രൈവിങ്ങും ഇറച്ചി വെട്ടും

ഈ സിനിമയ്ക്കു വേണ്ടി ട്രാക്ടർ ഓടിക്കാൻ പഠിച്ചു. മൂവാറ്റുപുഴയിൽ വീടിനടുത്തുള്ള ഒരു ചേട്ടനാണ് എന്നെ സഹായിച്ചത്. രണ്ടാഴ്ച പാടത്ത് പോയി ട്രാക്ടർ ഓടിച്ചു പഠിച്ചു. കാരണം, ട്രാക്ടർ ഓടിച്ചു വരുന്നത് ഇൻട്രോ ഷോട്ടാണെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മുഖത്ത് ആറ്റിറ്റ്യൂഡ് വേണം. ട്രാക്ടർ ഓടിക്കാൻ ആത്മവിശ്വാസം ഇല്ലെങ്കിൽ അതു മുഖത്തും ശരീരഭാഷയിലും പ്രകടമാകും. അതുകൊണ്ടാണ് നേരത്തെ അതിനായി തയാറെടുപ്പ് നടത്തിയത്. അതുപോലെ ഇറച്ചിവെട്ടുന്നതും കൃത്യമായി പരിശീലിച്ചിരുന്നു. വീടിനടുത്തുള്ള ഇറച്ചി കടയിൽ ഒരാഴ്ച പോയി കാര്യങ്ങൾ പഠിച്ചു. രക്തമുള്ള ഇറച്ചി കൈ കൊണ്ട് എടുക്കുമ്പോൾ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടാകാൻ പാടില്ലല്ലോ. ഈ കാര്യങ്ങളെല്ലാം ഒന്നു പരിചിതമായിക്കഴിഞ്ഞാൽ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പറ്റുമല്ലോ. ആക്ടിവിറ്റി ആലോചിച്ച് ടെൻഷൻ അടിക്കണ്ട. അതാണ് ഇങ്ങനെ ചില കാര്യങ്ങൾ ഷൂട്ടിനു മുൻപെ പഠിച്ചെടുക്കാൻ തീരുമാനിച്ചത്. ഇത്രയും കാര്യങ്ങൾ പഠിച്ചിട്ടു പോയിട്ടും ഒരു അബദ്ധം പറ്റി. എനിക്ക് ടുവീലർ ഓടിക്കാൻ അറിയാം. പക്ഷേ, സ്ഥിരം ഓടിച്ചുള്ള പരിചയം ഇല്ല. സിനിമയിൽ ടുവീലർ ഓടിക്കുന്ന രംഗമുണ്ട്. ഞാൻ ഇതു വിട്ടു പോയി. അതുകൊണ്ട് ടുവീലർ ഓടിക്കുന്ന സീൻ കുറച്ചധികം ടേക്ക് പോയി. ഞാൻ ഓടിച്ചു പോകുമ്പോൾ വണ്ടി നിന്നു പോകുന്ന പ്രശ്നം!

swasika-vijay122

വെല്ലുവിളി ആയ രംഗം

സിനിമയിൽ അമ്മായിഅമ്മയുമായുള്ള വൈകാരിക രംഗം പലരും എടുത്തു പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ തന്നെ ഭംഗിയായി എഴുതി വച്ച സീൻ ആയിരുന്നു അത്. വായിക്കുമ്പോൾ തന്നെ ഇമോഷനൽ ആയിപ്പോകും. യശോദയുടെ ഒരു കണ്ണ് നിറഞ്ഞുനിൽക്കണം. മറ്റെ കണ്ണിൽ നിന്നു മാത്രം കണ്ണുനീർ വരണം. ഇക്കാര്യത്തിൽ സംവിധായകന് വലിയ നിർബന്ധം ആയിരുന്നു. എനിക്ക് ആണെങ്കിൽ രണ്ടു കണ്ണിൽ നിന്നും ഒരുമിച്ച് കണ്ണുനീർ വരും. സംവിധായകൻ ആഗ്രഹിച്ച പോലെ തന്നെ കിട്ടാൻ കുറെ ടേക്ക് പോയി. രാവിലെ 11 മുതൽ സീൻ എടുക്കാൻ നോക്കിയിട്ട് ഉച്ചയ്ക്ക് ബ്രേക്ക് പോലും എടുക്കാതെ ഷൂട്ട് തുടർന്നു. 

കൃത്യം ആ ഷോട്ട് കിട്ടുന്നതു വരെ അദ്ദേഹം തുടർന്നു. അത്രയും ക്ലാരിറ്റി ഉള്ള സംവിധായകനാണ് തമിഴരസൻ പച്ചമുത്തു. ആ സെറ്റ് മുഴുവൻ എന്നെ പിന്തുണച്ചു. അത്രയും ടേക്ക് പോയിട്ടും ആ സീനിന്റെ വൈകാരികത ചോർന്നു പോകാതെ ചെയ്യാൻ കഴിഞ്ഞതിനു കാരണം ആ സെറ്റ് കൂടെയാണ്. എല്ലാവരും ഒരു മടുപ്പും കാണിക്കാതെ ഊർജ്ജ്വസ്വലരായി നിന്നു.  ഞാനും എന്റെ ഭർത്താവായി അഭിനയിച്ച ദിനേശ് സാറും പിണക്കം മാറി കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ട്. അതും ഇതുപോലെ കുറെ ടേക്ക് പോയി. പക്ഷേ, ആ സീൻ കുറെ തരത്തിൽ ചെയ്തു നോക്കാനായിരുന്നു റിപ്പീറ്റ് ടേക്ക് പോയത്. രാത്രി 9 മണിക്ക് തുടങ്ങിയ ഷൂട്ട് പുലർച്ചെ രണ്ടു വരെ നീണ്ടു. അങ്ങനെ പല തരത്തിൽ ചെയ്തതിൽ ഏറ്റവും മികച്ചതെന്നു തോന്നിയതാണ് സംവിധായകൻ സിനിമയിൽ ഉൾപ്പെടുത്തിയത്. 

swasika-director2

അഭിനയം അങ്ങനെ വിടില്ല

എന്തൊക്കെ വന്നാലും ഇവിടെ പിടിച്ചു നിന്നേ പറ്റൂ. കാരണം അത്രയും ആഗ്രഹമാണ് അഭിനയത്തോട്! എനിക്കു കഴിവുണ്ടെന്ന് തെളിയിക്കേണ്ടത് എന്റെ ആഗ്രഹമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഞാൻ തയാറാണ്. കഴിഞ്ഞ വർഷം ചതുരം എന്ന സിനിമ മലയാളത്തിൽ എനിക്കു കിട്ടി. അതിലൂടെ നിരൂപകശ്രദ്ധ നേടാൻ കഴിഞ്ഞു. കരിയറിന്റെ തുടക്കത്തിലും ഞാൻ തമിഴ് സിനിമ ചെയ്തിരുന്നു. അതൊന്നും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ലബർ പന്ത് റിലീസ് ആയി രണ്ടാം ദിവസം മുതൽ വലിയ സ്വീകാര്യതയാണ് കിട്ടികൊണ്ടിരിക്കുന്നത്.  

swasika-vijay12

അന്നു നിരാശ, ഇന്ന് അഭിമാനം   

ഈ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് അമ്മയാണ്. ഏറ്റവും ആദ്യം തമിഴിൽ അഭിനയിക്കാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്നത് അമ്മയാണ്. അന്നെനിക്ക് 16 വയസ്സാണ്. കുറെ സ്വപ്നങ്ങളുമായാണ് അന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയത്. പക്ഷേ, ഒന്നും നടന്നില്ല. ഒരു വർഷം അവിടെ നിന്നിട്ടും കാര്യമായി ഒന്നും സംഭവിക്കാതെ വന്നപ്പോൾ വലിയ നിരാശയോടെയാണ് പെട്ടിയും കിടക്കയും എടുത്ത് അവിടെ നിന്ന് മടങ്ങിയത്. വീണ്ടും വർഷങ്ങൾക്കു ശേഷം ഈ സിനിമയ്ക്കു വേണ്ടിയാണ് ചെന്നൈയിൽ പോകുന്നത്. ഞാനും അമ്മയും കൂടിയാണ് ഷൂട്ടിനു പോയത്. അമ്മയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു. രണ്ടാമതു പോകുമ്പോഴും ആദ്യത്തെ പോലെ ആകുമോ എന്നുള്ള ആശങ്ക. ഷൂട്ട് കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് സിനിമ ഇറങ്ങിയത്. റിലീസ് വൈകിയപ്പോഴും അമ്മ ടെൻഷനടിച്ചു. ഇപ്പോൾ ആ സിനിമയിലൂടെ വലിയ സ്വീകാര്യത കിട്ടുമ്പോൾ അമ്മ ഹാപ്പിയാണ്. ഞാനും.   

English Summary:

Actress Swasika Vijay Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com