ലാലേട്ടന്റെ കണ്ണില്‍ ചുവപ്പ്, കൺപീലി പോലും അഭിനയിക്കുന്നു, പേടിച്ചുപോയി: ‘സദയ’ത്തിലെ ആ പെൺകുട്ടി പറയുന്നു
Mail This Article
എം.ടി. വാസുദേവൻനായർ രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ‘സദയം’ എന്ന ചിത്രവും അതിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന സത്യനാഥൻ എന്ന മോഹൻലാൽ കഥാപാത്രവും മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ചിത്രത്തിൽ സത്യനാഥനായെത്തിയ മോഹൻലാൽ കുട്ടികളെ കൊല്ലുന്ന രംഗം നെഞ്ചിടിപ്പോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല.
ഈ രംഗത്തിൽ കുട്ടികളായെത്തിയ രണ്ട് പെൺകുട്ടികളിൽ ഒരാൾ തെന്നിന്ത്യൻ താര സുന്ദരിയായി തിളങ്ങിയ കാവേരിയാണ്. എന്നാൽ മറ്റേ പെൺകുട്ടി ആരാണെന്നോ എവിടെയാണെന്നോ പലർക്കുമറിയില്ലായിരുന്നു. ‘ഓർമയിൽ എന്നും’, ‘ഈ തണലിൽ ഇത്തിരി നേരം’, ‘ഉണ്ണികളെ ഒരു കഥ പറയാം’ തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ചൈതന്യയാണ് ആ പെൺകുട്ടി. ഇപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ചൈതന്യ നർത്തകി കൂടിയാണ്. പഴയ ഓർമകൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈന്റെ 'ഓർമയുണ്ടോ ഈ മുഖം' എന്ന പരിപാടിയിലൂടെ ചൈതന്യ.
∙ മോനിഷയുടെ കസിൻ, ആഗ്രഹം ഡോക്ടറാകാൻ
ഞാനിപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടറാണ്. ഡെർമറ്റോളജിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഭർത്താവും രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. എല്ലാവരും ഓസ്ട്രേലിയയില്‍ തന്നെയാണ്. എന്റെ മുത്തച്ഛൻ ഡോക്ടറായിരുന്നു. മുത്തച്ഛനെപ്പോലെയാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. എന്റെ കസിൻ സിസ്റ്ററായിരുന്നു നടി മോനിഷ. ഞാൻ മോനിഷയെപ്പോല നടി ആകും എന്ന് അന്നൊക്കെ എല്ലാവരും പറയുമായിരുന്നു. എനിക്ക് മോനിഷ ചേച്ചിയെ വലിയ ഇഷ്ടവുമായിരുന്നു. ചേച്ചിയുടെ കൂടെ ‘തലസ്ഥാനം’ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. പക്ഷേ എന്റെ മനസ് നിറയെ ഒരു ഡോക്ടർ ആകണം എന്ന ചിന്തയായിരുന്നു. അങ്ങനെയാണ് പതിയെ അഭിനയം വിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിച്ചതും യുകെയിലേക്ക് പോയതു. അവിടെ നിന്നാണ് ഓസ്ട്രേലിയയിലേക്ക് വരുന്നത്. ഇപ്പോൾ ഡെർമറ്റോളജിയിൽ ശ്രദ്ധിച്ച് സ്വന്തമായി സ്കിൻ ബ്രാൻഡ് തുടങ്ങി അതിന്റെ ജോലികളിലാണ്.
∙ ലാലേട്ടന്റെ കൺപീലി പോലും അഭിനയിച്ചു
‘ഈ തണലിൽ ഇത്തിരി നേരം’ എന്ന വിശ്വംഭരൻ സാറിന്റെ സിനിമയിൽ ബാലതാരത്തെ വേണമെന്ന പരസ്യം കണ്ടാണ് അച്ഛനും അമ്മയും എന്നെ കൊണ്ടു പോകുന്നത്. അന്ന് മൂന്നു വയസാണെനിക്ക്. മമ്മൂട്ടി സാറിന്റെയും ശോഭനചേച്ചിയുടെയും മകളായാണ് ആ സിനിമയിൽ അഭിനയിച്ചത്. അതിനുശേഷം ‘പത്താമുദയം’, ‘അധ്യായം ഒന്നു മുതൽ’, ‘ടിപി ബാലഗോപാലൻ എംഎ’, ‘ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി’, ‘സദയം’ തുടങ്ങി പതിമൂന്നിലധികം സിനിമകളിൽ അഭിനയിച്ചു.
‘സദയം’ പിന്നീട് കണ്ടപ്പോള്‍ എനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞിരുന്നില്ല. ലാലേട്ടൻ എന്നെ കൊല്ലുന്ന ഒരു സീനുണ്ട്. ഇപ്പോഴും അത് പറയുമ്പോൾ കുളിരു കോരും. ആ സീനിൽ ഞാന്‍ കാവേരിയെ തേടി ചെല്ലുമ്പോൾ കാവേരി അവിടെ കിടക്കുകയാണ്. ലാലേട്ടൻ എന്നെ അകത്തേയ്ക്കു വിളിക്കുന്നു. അത്രയും നാൾ ഞാൻ കണ്ടിട്ടുള്ള ലാലേട്ടനെ അല്ല ഞാൻ ആ സീനിൽ അഭിനയിക്കുമ്പോൾ കണ്ടത്. ലാലേട്ടന്റെ കണ്ണിലുള്ള ആ ചുവപ്പും, ഭാവവും എന്തിന് അദ്ദേഹത്തിന്റെ കൺപീലി പോലും അഭിനയിക്കുകയായിരുന്നു. ഞാൻ ആകെ പേടിച്ചു പോയിരുന്നു. അത്രയും നേരം എല്ലാവരും സെറ്റിൽ ചിരിച്ച് ഹാപ്പിയായിട്ടാണ് ഇരുന്നത്. പക്ഷേ ഈ സീനിൽ ആ സെറ്റു മുഴുവൻ ആ ഫീലിലായി പോയി. അതൊന്നും ഒരുകാലത്തും എനിക്ക് മറക്കാൻ പറ്റില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ‘സദയം’ ആണ്. പക്ഷേ ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും കൂടുതൽ റോൾ ഉള്ള മൂവി ‘ഓർമയിൽ എന്നും’ ആണ്. അതിൽ വീൽചെയറിലുള്ള ഒരു അനാഥക്കുട്ടിയുടെ വേഷമാണ്.
∙ ഒ. ചന്തുമേനോന്റെ പിന്മുറക്കാരി
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ‘ഇന്ദുലേഖ’ എഴുതിയ ഒ. ചന്തുമേനോന്റെ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. വ്യക്തമായി പറഞ്ഞാൽ ഞാൻ അഞ്ചാം തലമുറയിലുള്ള ആളാണ്. ഞാൻ ജനിച്ചു വളർന്ന വീട്ടിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്. ഇന്ദുലേഖ നൂറുശതമാനം സ്വാധീനിച്ചിട്ടുണ്ട്. കാരണം ഒരു സ്ത്രീ എങ്ങനെയാവണം എന്നതാണ് ആ ക്യാരക്ടറിലൂടെ കാണിച്ചു തരുന്നത്. അവരുടെ സൗന്ദര്യം മാത്രമല്ല, അവരുടെ വ്യക്തിത്വവും എടുക്കുന്ന തീരുമാനങ്ങളും സ്വാധീനിച്ചിട്ടുണ്ട്.
ആരെയും പേടിക്കാത്ത സ്വഭാവം, കാലത്തിനതീതമായിട്ടുള്ള ചിന്തകളുള്ള സ്ത്രീ അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ഭയങ്കര അഭിമാനം തോന്നും. ചന്തുമേനോൻ എന്ന എന്റെ മുതുമുത്തച്ഛന് ആ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കാൻ സാധിച്ചല്ലോ. നമ്മുടെ ഭാഷയിലെ എഴുത്തുകാരില്‍ ആദ്യ ഫെമിനിസ്റ്റ് അദ്ദേഹമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി എഴുതാൻ പറ്റുക എന്നത് വലിയൊരു കാര്യമാണ്. ഇന്ദുലേഖ ഒരു മ്യൂസിക്കൽ ആൽബമാക്കി ചെയ്യാനുള്ള പദ്ധതിയുണ്ട്. വിനീത് കുമാറാണ് മാധവനായി വരുന്നത്. കുട്ടികൾക്കു വേണ്ടി ഒ. ചന്തുമേനോന്റെ പേരിൽ ഒരു ഫൗണ്ടേഷനും ഉണ്ടാക്കിയിട്ടുണ്ട്.