ADVERTISEMENT

സംസാരിക്കാനോ കേൾക്കാനോ പറ്റാത്ത ഒരാൾക്ക് സിനിമ കണ്ട് ആസ്വദിക്കാൻ പറ്റുമോ? സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? അതിനുള്ള ഉത്തരമാണ് ഈ നായിക; അഭിനയ. തെന്നിന്ത്യൻ സിനിമകളിൽ തന്റെ അഭിനയശൈലി കൊണ്ട് ശ്രദ്ധ നേടിയ ഈ നായികയ്ക്ക് ജന്മനാ കേൾവിശക്തിയും സംസാരശക്തിയും ഇല്ല. അഭിനയയുടെ ഏറ്റവും പുതിയ വിശേഷം ഒരു മലയാള സിനിമയാണ്; ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി അഭിനയ മനോരമ ഓൺലൈനിൽ...

കേൾവിശക്തിക്ക് എന്തുപറ്റി? 

അമ്മ പറഞ്ഞുള്ള അറിവാണ്. ജനിച്ച സമയത്ത് ഞാൻ കേൾവിശക്തിയുള്ള ഒരു കുട്ടിയാണെന്നാണ് അവർ കരുതിയിരുന്നത്. പക്ഷേ ഒരു ആറ് മാസത്തിനു ശേഷം എന്തെങ്കിലും ശബ്ദമൊക്കെ കേട്ടാൽ ഞാൻ പ്രതികരിക്കാൻ കൂടുതൽ‍ സമയമെടുക്കുന്നത് അമ്മ ശ്രദ്ധിച്ചു. എന്തെങ്കിലും സാധനങ്ങൾ നിലത്തുവീഴുമ്പോഴൊന്നും ഞാൻ പ്രതികരിക്കില്ല. അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയി, ചെക്കിങ്ങിനു ശേഷമാണ് മനസ്സിലായത് ഞാൻ ഡെഫ് (അഭിനയ ഇങ്ങനെ വിശേഷിപ്പിക്കാനാണ് താൽപര്യപ്പെടുന്നത്) ആണെന്ന്. മറ്റു ചില ശാരീരിക പ്രശ്നങ്ങളുമുണ്ടായിരുന്നു, പിന്നെ ചികിത്സയിലൂടെ മെച്ചപ്പെട്ടു വന്നതാണ്. പിന്നെ വർഷങ്ങൾക്കു മുൻപ് ഈ സൈൻ ലാംഗ്വേജ് അധികമാരും ഉപയോഗിച്ചിരുന്നില്ല. ഞാനും ഉപയോഗിച്ചിരുന്നില്ല. ഡെഫ് കമ്യൂണിറ്റി ഉപയോഗിക്കുന്ന ആംഗ്യഭാഷ ഒരു വിഷ്വൽ ലാംഗ്വേജ് ആണ്. അങ്ങനെ ഞാൻ ശ്രമിച്ചു, പഠിച്ചു. വീട്ടിലായിരിക്കുമ്പോൾ ലിപ് റീഡിങ് വഴി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും, പുറത്ത് ഇറങ്ങുമ്പോൾ സൈൻ ലാംഗ്വേജ് ഉപയോഗിക്കും.

അഭിനയത്തിന്റെ വഴിയിൽ അഭിനയ

ആദ്യമായി നാടോടികൾ എന്ന തമിഴ് സിനിമയിലാണ് അഭിനയിക്കുന്നത്. അഭിനയം എന്ന കരിയറിനോട് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല; അതെന്റെ ലക്ഷ്യവുമായിരുന്നില്ല. സിനിമ കാണാറുണ്ട്, ആസ്വദിക്കാറുണ്ട് അങ്ങനെ പതിയെ പതിയെ ഒരു താല്പര്യം വന്നു. പക്ഷേ കുട്ടിക്കാലത്തൊന്നും ഞാനൊരു അഭിനേത്രി ആകുമെന്ന് വിചാരിച്ചിട്ടില്ല. പിന്നെ വളരെ സ്വാഭാവികമായി ഞാൻ ഇൻഡസ്ട്രിയിലേക്കു വരികയായിരുന്നു. 

ഈസനിലെ കഥാപാത്രം എളുപ്പം

ആദ്യം ഞാൻ തമിഴിൽ ‘നാടോടികളി’ലാണ് അഭിനയിച്ചത്. ഒരുപാട് റീടേക്കുകളോ ഒന്നും ഞാൻ പോയിട്ടില്ല. ‘ഈസനി’ൽ എന്റേത് ബധിരതയുള്ള ഒരു കഥാപാത്രമാണ്. അത് എനിക്ക് വളരെ പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. ‘ഗാമി’യിൽ ക്യാൻസർ ബാധിതയായ കുട്ടിയാണ്. അവരുടെ മാനറിസങ്ങൾ മനസ്സിലാക്കി സ്വാഭാവികമായി ചെയ്യാൻ ശ്രമിച്ചു. മറ്റ് അഭിനേത്രികളെ പോലെ തന്നെ എനിക്ക് കഥാപാത്രങ്ങൾ ഉൾക്കൊള്ളാൻ പറ്റി എന്നാണ് വിശ്വസിക്കുന്നത്.  

abhinaya-actress23

തമിഴ് അല്ല മലയാളം

ഞാൻ മുൻപ് വിചാരിച്ചിരുന്നത് മലയാളം, തമിഴ് സിനിമാമേഖലകൾ ഏകദേശം ഒരുപോലെയാണെന്നാണ്. പക്ഷേ രണ്ട് ഇൻഡസ്ട്രിക്കും കുറച്ച് വ്യത്യാസങ്ങളുണ്ട്. കഥാപാത്രങ്ങളിലും ഭാവങ്ങളിലുമെല്ലാം ആ വ്യത്യാസമുണ്ട്. സൂക്ഷ്മമായ ഭാവങ്ങളാണ് മലയാളത്തിൽ വേണ്ടത്. ജോജു സാറിൽ നിന്ന് അങ്ങനെ കുറേ കാര്യങ്ങൾ ഈ സിനിമയിലൂടെ എനിക്ക് പഠിക്കാൻ പറ്റി.

സെറ്റുകളിലെ ആശയവിനിമയം 

ഏത് സിനിമയാണെങ്കിലും ആദ്യം സ്ക്രിപ്റ്റ് കേൾക്കും. എന്റെ സഹോദരനാണ് കഥ കേട്ട് എനിക്കു പറഞ്ഞു തരുന്നത്, ഇഷ്ടപ്പെട്ടാൽ സിനിമ കമ്മിറ്റ് ചെയ്യും. അമ്മ കൂടെയുണ്ടാകാറുണ്ട്. തമിഴും തെലുഗുവും ആണെങ്കില്‍ അമ്മ എന്നെ സഹായിക്കും. മലയാളത്തിൽ എനിക്കൊരു സഹായിയുണ്ടായിരുന്നു. മലയാളം സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റിയാണ് സ്ക്രിപ്റ്റ് ഞാൻ മനസ്സിലാക്കുന്നതും അഭിനയിക്കുന്നതും. സെറ്റിലുള്ളവർക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ എഴുതിക്കാണിക്കും. ഇതുവരെ നല്ല ടീമിനൊപ്പം മാത്രമേ ജോലി ചെയ്യേണ്ടി വന്നിട്ടുള്ളൂ.

abhinaya-actress32

സിംപതി കാണിക്കുന്നവരോട്

സിംപതി അല്ലെങ്കിൽ പാവം എന്നൊക്കെ പറയുന്നത് എനിക്ക് ഇഷ്ടമല്ല. എല്ലാവരും ഒരുപോലെ തന്നെയാണ്. ഡെഫ് ആയിട്ടുള്ള ആളുകളെക്കുറിച്ച് അറിയാത്തതുകൊണ്ടായിരിക്കും ആളുകൾക്ക് അങ്ങനെയൊരു സിംപതി. സത്യത്തിൽ ഡെഫ് ആയിട്ടുള്ള ആളുകളും മറ്റുള്ളവരെ പോലെ ജീവിതത്തിൽ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്. ഡെഫ് ആയിരിക്കുന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. വളരെ സമാധാനമുള്ള ജീവിതമാണ്. പുറത്തുനിന്നുള്ള ശബ്ദമോ ഒന്നുമില്ല, അതുകൊണ്ട് സമാധാനവും സന്തോഷവുമുണ്ട്. ഡെഫ് ആയിട്ടുള്ള ആളുകൾ സ്വയം അവരെ മനസ്സിലാക്കണം. അവർക്ക് ഒരു പാഷനും അതിനു വേണ്ടി അധ്വാനിക്കാനുള്ള മനസ്സും വേണം. സൈൻ ലാംഗ്വേജ് കൂടുതൽ ശ്രദ്ധിക്കപ്പെടണം, അത് പ്രൊമോട്ട്  ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. 

abhinaya-actress2

നെഗറ്റീവ് കമന്റുകൾ

കുറേ ആളുകൾ നെഗറ്റീവ് കമന്റുകൾ പറയാറുണ്ട്. ഡിവോഴ്സ് ആയി, അഫയർ ഉണ്ട് തുടങ്ങി ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്. അതൊക്കെ പ്രൊഫഷന്റെ ഭാഗമായി മാത്രം കാണുന്നു. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

English Summary:

Hearing No, Speaking No, Acting YES! Meet Abhinaya, South India's Inspiring Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com