‘സാഗർ സൂര്യ ഇത്ര ക്രൂരനായിരുന്നോ, ഇതുപോലെ എങ്ങനെ അഭിനയിക്കും’: അഭിമുഖം
Mail This Article
‘സാഗർ ഇത്രയ്ക്ക് ക്രൂരനായിരുന്നോ?’, നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നതിങ്ങനെയാണ്. ‘പണി’യിൽ എടുത്തു പറയേണ്ടത് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത സാഗർ സൂര്യയുടെയും ജുനൈസ് വി.പി.യുടെയും പ്രകടനമാണ്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തി പൃഥ്വിരാജിന്റെ കുരുതിയിൽ അഭിനയിച്ച പയ്യൻ ‘പണി’യിൽ എത്തിയപ്പോഴേക്കും ഏറെ വളർന്നിരിക്കുന്നു. അഭിനയിച്ചു തഴക്കം വന്ന നടനെപ്പോലെയാണ് പണിയിലെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ സാഗർ സ്‌ക്രീനിലെത്തിച്ചത്. ഇത്രയും വെറുക്കപ്പെട്ട ഒരു വില്ലനെ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി സാഗർ സ്‌ക്രീനിലെത്തുന്ന ഓരോ സീനും പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ എത്തിക്കും. ഭയപ്പെടുത്തി ജനങ്ങളുടെ മനസ്സിൽ നുഴഞ്ഞു കയറിയ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ വിശേഷങ്ങളുമായി സാഗർ സൂര്യ മനോരമ ഓൺലൈനിൽ എത്തുന്നു.
ജോജു ജോർജ് പണിഞ്ഞെടുത്ത വില്ലന്മാർ
ജോജു ചേട്ടൻ ഞങ്ങളെ വിളിച്ച് കഥപറഞ്ഞപ്പോ ഞങ്ങൾക്കും സംശയം ഉണ്ടായിരുന്നു. ഇത്രയും വലിയ കഥാപാത്രം ചെയ്യാൻ ഞങ്ങളെക്കൊണ്ട് പറ്റുമോ? ‘പണി’ സിനിമയുടെ നട്ടെല്ല് ഞങ്ങളുടെ കഥാപാത്രങ്ങളാണ്. ഞങ്ങൾ നന്നായി ചെയ്തില്ലെങ്കിൽ സിനിമയും പാളിപ്പോകും. പക്ഷേ ജോജു ചേട്ടൻ പറഞ്ഞു നിങ്ങളെക്കൊണ്ട് പറ്റും. ഷൂട്ട് തുടങ്ങുന്നതിനു മൂന്നുമാസത്തിനു മുൻപ് ജോജു ചേട്ടൻ ഒരു മാസത്തെ പരിശീലന ക്യാമ്പ് നടത്തി. കഥാപാത്രത്തിലേക്ക് മാറാൻ എനിക്കും ജുനൈസിനും ആ പരിശീലനം ഒരുപാട് സഹായമായി. അതിനു പുറമെ ജോജു ചേട്ടന്റെ സ്‌പെഷൽ ട്രെയിനിങ് ദിവസവും ഉണ്ടായിരുന്നു. ഏകദേശം നൂറ്റിപ്പത്ത് ദിവസത്തോളം തൃശൂർ തന്നെ ഷൂട്ട് ചെയ്ത സിനിമയാണ് പണി.
പടം തുടങ്ങുന്നതിന് മുന്നേ മൂന്നുമാസം ഞങ്ങൾ തൃശൂർ തന്നെ താമസിച്ചു. ജോജു ചേട്ടൻ വരും രാത്രി ഞങ്ങളെ പുറത്തുകൊണ്ടുപോകും. ഞങ്ങളെ തൃശൂർ റൗണ്ടിൽ കൊണ്ടുപോയി വടക്കുന്നാഥന്റെ മുന്നിൽ വച്ചിട്ടാണ് ഓരോ സീക്വൻസും ചെയ്യിച്ചു നോക്കുന്നത്. ഈ സിനിമയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ജോജു ചേട്ടനും സിനിമയുടെ ടെക്‌നീഷ്യൻസിനും ആണ്. സിനിമയിൽ വർക്ക് ചെയ്തത് മുഴുവൻ വേണു സർ, ജിന്റോ ചേട്ടൻ പോലെ ഭയങ്കര പ്രഫഷനൽ ആയ ആൾക്കാരാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്.
ജുനൈസ് ഗംഭീര നടനാണ്
ജുനൈസ് ആദ്യമായിട്ടാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. പക്ഷേ റീൽസിലെ താരമാണ്. വിഡിയോകളിലൂടെ അവൻ ചെയ്യാത്ത കഥാപാത്രങ്ങളില്ല, അതി ഗംഭീരമായിട്ടാണ് അവൻ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ളത്. അത്രയ്ക്ക് അവൻ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ജുനൈസ് മിടുക്കനായ ഒരു നടനാണ്. ‘പണി’യിൽ ജുനൈസ് വളരെ നന്നായി അഭിനയിച്ചു. അത് പ്രേക്ഷകരിൽ എത്തിച്ചേർന്നു എന്നതാണ് സിനിമ പുറത്തിറങ്ങിയപ്പോൾ കിട്ടുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
ഇത് ജോജുവിന്റെ പണി
ഈ പടം എന്താണ് എങ്ങനെ ചെയ്യണം എന്ന വ്യക്തമായ ക്രാഫ്റ്റ് ജോജു ചേട്ടന്റെ മനസിലുണ്ട്. ജോജു ചേട്ടൻ പറഞ്ഞു തന്നത് മാത്രമാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്. ജോജു ചേട്ടന് ഓരോ കഥാപാത്രങ്ങളെക്കുറിച്ചും നല്ല ധാരണ മുന്നേ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ സ്വന്തമായി എന്തെങ്കിലും ഞങ്ങൾക്ക് തോന്നുന്നത് പോലെ ചെയ്‌താൽ അത് ജോജു ചേട്ടന്റെ മനസ്സിലെ കഥാപാത്രം ആകില്ല. ജോജു ചേട്ടൻ പറഞ്ഞത് നിങ്ങൾ കൂടുതൽ ആലോചിക്കേണ്ട ഞാൻ പറയുന്നതിലേക്ക് വരുക അല്ലെങ്കിൽ കൺഫ്യൂഷൻ ആണും. ഞങ്ങൾ കൂടുതൽ അഭിപ്രായം പറയാറില്ല ജോജു ചേട്ടൻ പറഞ്ഞത് അതുപോലെ ചെയ്തു. ഞങ്ങളുടെ കഥാപാത്രങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ആയി എന്നൊരു ഫ്ലാഷ്ബാക്കോ കഥയോ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ ആ കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ ജോജു ചേട്ടൻ ചില ട്രിക്കുകൾ ചെയ്തിട്ടുണ്ട്. അത് സിനിമ കാണുന്നവർക്ക് മനസ്സിലാകും. അതൊക്കെ ജോജു ചേട്ടന്റെ മാത്രം ബ്രില്യൻസ് ആണ്. കഥാപാത്രങ്ങളെപ്പറ്റി ഇപ്പൊ കൂടുതൽ പറയാൻ പറ്റില്ല.
ഡോൺ, ജോജു ജോർജിന്റെ സൃഷ്ടി
ഡോൺ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡോണിന്റെ മാനറിസം എങ്ങനെയായിരിക്കണം എന്ന് ജോജു ചേട്ടൻ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. ഞാൻ ഒന്നും നിരീക്ഷിച്ചു പഠിക്കാനോ ഇനി രീതിയിൽ ചെയ്യാനോ ശ്രമിച്ചില്ല. അങ്ങനെ ചെയ്‌താൽ അത് ജോജു ചേട്ടന്റെ കഥാപാത്രമാകില്ല. ഞങ്ങൾ മൂന്നുമാസം തൃശൂർ നിന്നപ്പോൾ അവിടെയൊക്കെ കറങ്ങുകയും മാർക്കറ്റിലും നിരത്തിലൂടെയുമൊക്കെ നടക്കുകയും ചെയ്തിരുന്നു. ഞാൻ അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സിൽ പതിഞ്ഞ കാര്യങ്ങൾ കഥാപാത്രത്തിലേക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് അറിയില്ല. ഇത്രയും വലിയൊരു സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രയം വരുന്നതിൽ നല്ല സന്തോഷമുണ്ട്. ഹാർഡ്‌വർക്ക് ചെയ്തിട്ട് അതിന്റെ റിസൾട്ട് കിട്ടുന്നത് കാണുമ്പൊൾ സംതൃപ്തി ഉണ്ട്.
ജോജു എന്ന നടൻ സംവിധായകൻ ആയപ്പോൾ
നടൻ ആണ് എന്നുള്ളത് സംവിധായകനായപ്പോൾ ജോജു ചേട്ടനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ പല സംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട് അവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു ജോജു ചേട്ടൻ എന്ന സംവിധായകൻ. ഒരു കഥാപാത്രത്തെ എങ്ങനെ ചെയ്യണം എന്നുള്ളത് ജോജു ചേട്ടൻ അഭിനയിച്ചു കാണിച്ചു തരികയാണ്. ചേട്ടൻ ആണ് ആ കഥാപാത്രം ചെയ്യുന്നത് എങ്കിൽ എങ്ങനെയായിരിക്കും ചെയ്യുക എന്ന് അഭിനയിച്ചു കാണിക്കും അപ്പൊ നമുക്ക് കഥാപാത്രത്തെപ്പറ്റി നല്ലൊരു ക്ലാരിറ്റി കിട്ടും. എല്ലാ സംവിധായകർക്കും അങ്ങനെ പറ്റണമെന്നില്ല. അവർ ഇങ്ങനെ ചെയ്യണം എന്ന് പറയും നമ്മൾ നമുക്ക് തോന്നുന്നതുപോലെ ചെയ്തു കാണിക്കും, ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇത്രയും വർഷത്തെ ജോജു ചേട്ടന്റെ എക്സ്പീരിയൻസ് സംവിധായകനായപ്പോൾ ഗുണം ചെയ്തു.
എനിക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ ?
സിനിമ കണ്ടപ്പോൾ ഞങ്ങളും ഞെട്ടിപ്പോയി. എന്റെ കഥാപാത്രം കണ്ടിട്ട് എനിക്ക് തന്നെ വെറുപ്പ് തോന്നി. ഞാൻ ഇങ്ങനെ ഉള്ള ഒരാളാണോ എന്നുപോലും തോന്നിപോയി. ഇത് ഞാൻ തന്നെ ആണോ ചെയ്തത് എന്ന് അമ്പരന്നുപോയി. എന്റെ സുഹൃത്തുക്കളൊക്കെ വിളിച്ചു ചോദിക്കുന്നത് നീ ഇത് എങ്ങനെയാടാ ചെയ്തത്, ഞാൻ കണ്ടിട്ടുള്ള സാഗർ ഇങ്ങനെ അല്ല, നീ ഒരു പാവം ചെക്കൻ ആണ്, നിനക്ക് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിഞ്ഞത്എന്നൊക്കെ. ‘പണി’ എന്ന സിനിമയിൽ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ വേണ്ട സമയം ഞങ്ങൾക്ക് കിട്ടി. ഞങ്ങൾക്ക് ആവശ്യമായത് എല്ലാം ജോജുച്ചേട്ടൻ ഒരുക്കി തന്നിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഈ സിനിമയിൽ അഭിനയിച്ച എല്ലാവർക്കും എങ്ങനെയായിരിക്കും അഭിപ്രായം.
ഇവിടെവരെ എത്തിയത് കഠിനാധ്വാനത്തിലൂടെ
ഒരു അഭിനേതാവാകണം എന്ന് ഒരുപാട് ആഗ്രഹിച്ച് ഫീൽഡിലേക്ക് വന്ന ആളാണ് ഞാൻ. ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. ഒരുപാട് ഓഡിഷന് പോയിട്ടുണ്ട്. ആദ്യത്തെ ഓഡിഷന് തന്നെ എന്നെ തിരഞ്ഞെടുത്തു. അങ്ങനെയാണ് തട്ടീം മുട്ടീം എന്ന പരമ്പരയിൽ അഭിനയിക്കുന്നത്. അത് കണ്ടിട്ടാണ് ആദ്യത്തെ സിനിമ കിട്ടിയത്. കുരുതിയിലും ഓഡിഷൻ വഴിയാണ് രാജു ചേട്ടൻ (പൃഥ്വിരാജ്) എന്നെ തിരഞ്ഞെടുത്തത്.
പിന്നെ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതിൽ ഞങ്ങളുടെ പെർഫോമൻസ് കണ്ടിട്ടായിരിക്കും ജോജു ചേട്ടൻ കഥ എഴുതിയപ്പോൾ ഞങ്ങളെ കാസ്റ്റ് ചെയ്തത്. എങ്കിലും പണിക്ക് വേണ്ടിയും ജോജു ചേട്ടൻ ചെറിയൊരു ഓഡിഷൻ പരിപാടി ഒക്കെ വച്ചിരുന്നു. ഞങ്ങളെ ഓരോന്ന് ചെയ്യിച്ചു നോക്കിയാണ് ജോജു ചേട്ടൻ തിരഞ്ഞെടുത്തത്. ഇവിടെവരെ എത്തിയതിനു പിന്നിൽ വലിയൊരു കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്. ‘പണി’ ചെയ്തു കഴിഞ്ഞ് സിനിമകൾ ഒന്നും ചെയ്തില്ല, ഓരോ ചർച്ചകൾ നടക്കുന്നതെ ഉള്ളൂ. ‘പണി’ കണ്ടിട്ട് പുതിയ സിനിമകൾ കിട്ടുമെന്ന് കരുതുന്നു.
അച്ഛനും അനിയനും ഹാപ്പിയാണ്
അച്ഛനും അനിയനും ഒക്കെ പടം കണ്ടു അവർക്ക് വലിയ സന്തോഷമായി. എനിക്ക് നല്ലൊരു സിനിമ കിട്ടാനായി അവരും കാത്തിരിക്കുകയായിരുന്നു. പടം കണ്ടിട്ട് വിളിക്കുന്നവരൊക്കെ നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമയെക്കുറിച്ച് ആൾക്കാർ അറിഞ്ഞു വരുന്നതേ ഉള്ളൂ, തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോ ആയി തുടങ്ങുന്നു. സിനിമ പ്രേക്ഷകർ ഏറ്റെടുക്കണം വലിയ വിജയമാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.