ആ രഹസ്യം ഭാര്യയോടു പോലും പറഞ്ഞില്ല; ‘1000 ബേബീസിലെ ബിബിൻ’ അഭിമുഖം
Mail This Article
‘നീ കൊ ഞാ ചാ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സഞ്ജു ശിവറാം. എന്നാൽ, ഒരു ദശാബ്ദക്കാലം സിനിമയിൽ ഉണ്ടായിട്ടും സഞ്ജുവിന് ഒരു ബ്രേക്ക് നൽകുന്ന സിനിമകളൊന്നും സംഭവിച്ചില്ല. പക്ഷേ, കോവിഡിന് ശേഷം സഞ്ജുവിന്റെ സമയം തെളിയുകയായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കിൽ ആസിഫ് അലിയുടെ അനിയനായ അനിൽ, പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിൽ ഹംസധ്വനിയുടെ പൊസസ്സീവ് കാമുകന്റെ വേഷം തുടങ്ങി നിരവധി അഭിനയപ്രാധാന്യമുള്ള വേഷം സഞ്ജുവിനെ തേടി എത്തി. ഇപ്പോൾ തിയറ്ററിൽ തരംഗമാകുന്ന അജയന്റെ രണ്ടാം മോഷണത്തിലും മികച്ചൊരു വേഷം സഞ്ജു ചെയ്തിട്ടുണ്ട്.
സഞ്ജു ശിവറാം പ്രധാന താരമായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘1000 ബേബീസ്’ എന്ന സീരീസ് ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. നിരവധി അടരുകളുള്ള ബിബിൻ എന്ന കഥാപാത്രത്തെ സഞ്ജു ശിവറാം അതിഗംഭീരമായി അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സീരീസിന്റെ സംവിധായകൻ നജിം കോയ ആദ്യം തന്നെ സമീപിച്ചത് മറ്റൊരു വേഷം ചെയ്യാനായിരുന്നുവെന്നും ഒടുവിൽ ബിബിൻ എന്ന കഥാപാത്രത്തെ സഞ്ജു തന്നെ ചെയ്യൂ എന്നു പറഞ്ഞ നിമിഷം ജീവിതത്തിലെ തന്നെ വഴിത്തിരിവായെന്നും പറയുകയാണ് സഞ്ജു ശിവറാം.
നജീം കോയ തന്ന സമ്മാനമാണ് ബിബിൻ
1000 ബേബീസിന്റെ സംവിധായകൻ നജീം കോയയുമായി വർഷങ്ങളായുള്ള പരിചയമാണ് എനിക്കുള്ളത്. അദ്ദേഹം ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ഞാൻ ഒരു സീരീസ് ചെയ്യുന്നുണ്ട് നിനക്ക് അതിൽ ഒരു കഥാപാത്രമുണ്ട് എന്ന്. അദ്ദേഹം ഒരു കഥാപാത്രത്തെപ്പറ്റി എന്നോട് പറഞ്ഞു. സീരീസിന്റെ കഥ മുഴുവൻ കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരു അനുഭവമായിരുന്നു. ബിബിൻ എന്ന കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ആരെയെങ്കിലും നോക്കണം. ഞാൻ പറഞ്ഞു ആരോട് പറഞ്ഞാലും ആ കഥാപാത്രം ചെയ്യും, അത്രയ്ക്ക് ഗംഭീരമായ കഥാപാത്രമാണ് എന്ന്. കുറെ ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ടു ചോദിച്ചു, ആ കഥാപാത്രം സഞ്ജു ചെയ്യുന്നോ എന്ന്. എനിക്ക് ആകെ സർപ്രൈസ് ആയി. ഞാൻ ചെയ്താൽ ശരിയാകുമോ എന്നായി എന്റെ സംശയം. കാരണം ഇത്രയും വലിയ പ്രോജക്ട് ആണ്. അപ്പോൾ ഞാൻ പറഞ്ഞു, ‘ഇക്ക ഓക്കേ ആണെങ്കിൽ പിന്നെ ഞാൻ ഡബിൾ ഓക്കേ’ എന്ന്.
ബിബിൻ എന്ന കീറാമുട്ടി
ഒരുപാട് അടരുകളുള്ള കഥാപാത്രമാണ് ബിബിൻ. സ്ക്രിപ്റ്റ് ഞാൻ ഒറ്റതവണയേ വായിച്ചുള്ളൂ. കഥാപാത്രത്തിന് നാല് ഘട്ടങ്ങളുണ്ട്. നജീമിക്ക പറഞ്ഞത്, നാലു ഘട്ടങ്ങളും നാലു കഥാപാത്രങ്ങൾ പോലെ സമീപിച്ചാൽ മതിയെന്നായിരുന്നു. ഓരോ ഘട്ടവും ഓരോ സമയത്താണ് എടുത്തത്. അതുകൊണ്ട് തന്നെ അത്ര കോംപ്ലക്സ് ആയി തോന്നിയില്ല. ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ആദ്യത്തെ എപ്പിസോഡിലെ ബിബിൻ തന്നെയായിരുന്നു. ആ സമയത്താണ് കഥാപാത്രത്തിന് ഒരുപാട് ഷേഡ്‌സ് ഉള്ളത്. പക്ഷേ, എനിക്ക് കൃത്യമായ ഉപദേശങ്ങൾ നജീമിക്ക തന്നിരുന്നു. കഥാപത്രങ്ങളുടെ ഘട്ടങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. പാലക്കാടുള്ള നൈസാമലി വളരെ സാത്വികനായ മനുഷ്യനാണ്. എന്നാൽ ബെംഗളൂരുവിലുള്ള ഹർഷൻ ആളുകളെ എളുപ്പം കയ്യിലെടുക്കുന്ന ചിരിച്ച മുഖമുള്ള ഒരാളാണ്. ബിബിൻ എല്ലാവരിലും ഉണ്ട്. ബിബിൻ ശ്രമിക്കുന്നത് ഓരോ സമയത്തും ഓരോ ആളായി തോന്നിക്കാനാണ്. അപ്പോൾ ഞാനും അതുപോലെ ചെയ്യാൻ ശ്രമിക്കണമല്ലോ. പൊലീസ് അന്വേഷിക്കുന്നതും ഒരേ ആളിനെ അല്ല. ചാലഞ്ചിങ് ആയ കഥാപാത്രമായിരുന്നു ബിബിൻ.
നീന ഗുപ്ത എന്റെ സാറാമ്മച്ചി
നീന ഗുപ്ത ഗംഭീരയായ ഒരു നടിയാണ്. അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതൊക്കെ ഒരു സ്വപ്നസാക്ഷാൽക്കാരം പോലെയാണ് അനുഭവപ്പെട്ടത്. ഇത്തരത്തിലുള്ള ഒരു മികച്ച അഭിനേതാവ് ഒപ്പം വരുമ്പോൾ നമ്മുടെ അഭിനയവും മെച്ചപ്പെടും. എന്റെ കഥാപാത്രരൂപീകരണത്തിന് ഒരു പരിധി വരെ സാറാമ്മച്ചി എന്ന കഥാപാത്രം സഹായിച്ചു. ഒടുവിൽ ബിബിൻ സാറാമ്മച്ചിയോട് താദാത്മ്യം പ്രാപിക്കുകയാണ്. നീന ഗുപ്തയുടെ അഭിനയം എന്നെ ഒരുപാട് സ്വാധീനിച്ചു. കണ്ടുകൊണ്ടിരിക്കുമ്പോൾ വിസ്മയം തോന്നുന്ന ആളാണ് നീന ഗുപ്ത. വളരെ സിംപിൾ ആയ ഒരു വ്യക്തി. അവരുടെ ജീവിതത്തോടുള്ള സമീപനം വളരെ വ്യത്യസ്തമാണ്. തുറന്നു സംസാരിക്കും. എനിക്ക് ഹിന്ദി അറിയാം. അതുകൊണ്ട് അവരോടു ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് ഉണ്ടായില്ല.
സെറ്റിൽ ഞാനും നീന മാഡവും ആണ് കൂടുതൽ സമയവും ഒരുമിച്ച് ഉണ്ടായിരുന്നത്. ഞങ്ങൾ ഒരുപാട് സംസാരിച്ചു. എത്രയോ കാലം മുന്നേ എന്തുമാത്രം കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിച്ച ആളാണ്. അവർക്ക് ജീവിതത്തോട് ഒരു പരാതിയുമില്ല എന്ന് എനിക്ക് തോന്നി. സിസ്റ്റം ശരിയല്ല എങ്കിലും അതിനോട് പരാതിയോ കലഹമോ പ്രതിഷേധമോ ഇല്ല. നാം സ്വയം നമ്മെത്തന്നെ പരിഷ്കരിക്കുക എന്നതാണ് അവരുടെ രീതി. എല്ലാത്തിനെയും എതിർക്കാതെ ഒരു കാര്യത്തെ നമ്മൾ എങ്ങനെ സമീപിക്കണം എന്നാണ് നോക്കേണ്ടത് എന്ന് അവർ പറഞ്ഞു. പണ്ടത്തെ കാര്യങ്ങളും അവർ നേരിട്ടിട്ടുള്ള പ്രശ്നങ്ങളും ഒക്കെ സംസാരിച്ചു. അവരിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് പഠിക്കാൻ ഒരുപാടുണ്ട്.
താരജാഡകളില്ലാത്ത സൂപ്പർതാരം
റഹ്മാൻ സാർ വളരെ നിഷ്കളങ്കനായ ആളാണ്. താരജാഡകളോ ഗ്ലാമർ ലോകത്തെ കെട്ടുപാടുകളോ ഒന്നും ഇല്ലാത്ത ആളാണ് അദ്ദേഹം. പരിചയമില്ലാത്തവരുമായി പെട്ടെന്ന് അടുക്കില്ല. പക്ഷേ, അടുത്തു കഴിഞ്ഞാൽ മനസ്സു തുറന്നു സംസാരിക്കും. ഞങ്ങൾ ഒരുമിച്ചുള്ള സമയം ഷൂട്ട് കഴിഞ്ഞ് വോളിബോൾ കളിക്കും, ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോവും, അങ്ങനെ ഞങ്ങളോടൊപ്പം എല്ലാത്തിനും നിന്നു. പണ്ടത്തെ സിനിമാ അനുഭവങ്ങളും രീതികളുമൊക്കെ പങ്കുവച്ചു. കുറേനേരം സംസാരിച്ചിരിക്കുമ്പോഴാണ് ഓർക്കുക, നമ്മൾ ആരോടാണ് സംസാരിക്കുന്നത് എന്ന്. നമ്മുടെ ചെറുപ്പകാലത്ത് മലയാളികളുടെ ഹീറോ ആയിരുന്ന ആൾ... ഞാൻ കുട്ടിയായിരുന്നപ്പോൾ ആരാധിച്ചിരുന്ന ആൾ! അദ്ദേഹത്തിനോടൊപ്പം വളരെ കുറച്ചേ എനിക്ക് സ്ക്രീൻ ടൈം ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
1000 ബേബീസിന്റെ കഥ എന്ന രഹസ്യം
കഥ കേട്ടപ്പോൾ തന്നെ ഇത് എല്ലാവരെയും ഞെട്ടിക്കും എന്നു തോന്നിയിരുന്നു. ഞാൻ അതുകൊണ്ട് തന്നെ ഈ കഥയെപ്പറ്റി ആരോടും പറഞ്ഞില്ല. എന്റെ ഭാര്യയോടു പോലും പറഞ്ഞില്ല. കാരണം ഒരു പുതിയ കഥയായി ആളുകൾ അത് കണ്ട് ആസ്വദിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കഥയെപ്പറ്റി എന്നോട് ആരെങ്കിലും ചോദിക്കുമ്പോൾ ഞാൻ അസ്വസ്ഥനാകും. ആ ഒരു രഹസ്യാത്മകതയുടെ പ്രതിഫലം സീരീസ് റിലീസ് ആയപ്പോൾ കിട്ടി. എന്റെ വീട്ടുകാരൊക്കെ സീരീസ് കണ്ടു ഞെട്ടി. സുഹൃത്തുക്കളും അടുപ്പക്കാരും എല്ലാം അതേ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങൾ ഒരു പ്രോഗ്രാമിന് പോയപ്പോൾ കുറെ ഡോക്ടർമാരോട് സംസാരിക്കാനിടയായി. അവർ പറഞ്ഞത് അവിശ്വസനീയമായ കഥ എന്നാണ്.
നല്ല വാക്കിന് നന്ദി
വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഒരുപാടുപേർ വിളിക്കുന്നു. നല്ല അഭിപ്രായം പറയുന്നു. നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ വലിയൊരു സംഭവം ചെയ്തു എന്നൊരു തോന്നൽ നമുക്ക് ഉണ്ടാകില്ലല്ലോ. ആളുകൾ പറയുമ്പോഴാണ് നമുക്ക് ആ ഒരു ഫീൽ കിട്ടുന്നത്. നജീമിക്ക പറഞ്ഞതുപോലെ ഞാൻ ചെയ്തു എന്നല്ലാതെ അഭിനയിക്കുന്ന സമയത്ത് എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ലല്ലോ. പക്ഷേ, ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ ഞങ്ങളെയെല്ലാം സന്തോഷിപ്പിക്കുന്നു. സിനിമയിൽ നിന്ന് ഒരുപാടുപേർ വിളിച്ചു. സംവിധായകരും താരങ്ങളുമൊക്കെ വിളിച്ചു. അത് വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നത്. 1000 ബേബീസിന്റെ അടുത്ത സീസണുകൾ ഉണ്ടാകും. ബിബിന്റെ കഥ ഇനിയും പറയാനുണ്ട്. സാറാമ്മച്ചിക്ക് ശേഷം ബിബിൻ എങ്ങോട്ട് പോയി, എന്തു ചെയ്തു എന്നൊന്നും പറഞ്ഞിട്ടില്ല. ബിബിൻ എങ്ങനെയാണ് മറ്റുള്ളവരെ കണ്ടെത്തിയത് തുടങ്ങി ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഇനി വരുന്ന സീസണുകളും വളരെ മികച്ചതായിരിക്കും എന്നാണ് പ്രതീക്ഷ.
എആർഎമ്മിന്റെ വിജയം
സോണിക്ക് വേണ്ടി മറ്റൊരു വെബ് സീരീസ് ചെയ്തിട്ടുണ്ട്. 1000 ബേബീസ് ചെയ്യുന്നതിന് മുൻപ് ഏറ്റെടുത്തതാണ് അത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞു ഡബ്ബിങ് നടക്കുന്നു. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ത് ആണ് അതിന്റെ സംവിധായകൻ. ഒരു ക്രൈം ത്രില്ലർ ആണ്. അതും നന്നായി വന്നിട്ടുണ്ട് എല്ലാവരും ഹാപ്പി ആണ്. അതിലും പ്രധാന കഥാപാത്രമായിട്ടാണ് ഉള്ളത്. അടുത്ത വർഷം ആദ്യത്തോടെ അതിന്റെ റിലീസ് ഉണ്ടാകും. സിനിമ ചെയ്യുന്നതാണ് എന്നും ഇഷ്ടം. തിയറ്ററിൽ പ്രേക്ഷകരോടൊപ്പം ഇരുന്നു സിനിമ കാണുന്ന സന്തോഷവും ഓളവും ഒന്ന് വേറെയാണ്. എആർഎം ആണ് അവസാനം ചെയ്ത എന്റെ പടം. എആർഎമ്മിന്റെ വിജയം ഇനിയും ആഘോഷിച്ചു തീർന്നിട്ടില്ല. ഇപ്പോഴും തിയറ്ററിൽ ഹൗസ്ഫുൾ ആയി പോവുകയാണ്. വളരെ തിരഞ്ഞെടുത്തു മാത്രം പ്രേക്ഷകർ സിനിമ കാണുന്ന ഇക്കാലത്ത് 150 ഓളം തിയറ്ററുകളിൽ നാൽപ്പതിൽ കൂടുതൽ ദിവസങ്ങളായി എആർഎം ഓടുകയാണ്. അതിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഒന്നു വേറെയാണ്.