‘പ്രേമലു’ ഇല്ലെങ്കിൽ പോലും ഇന്നല്ലെങ്കിൽ നാളെ നസ്ലിൻ സ്റ്റാർ: സജിൻ ചെറുകയിൽ അഭിമുഖം
Mail This Article
ഹാക്കർ എന്നു പറഞ്ഞാൽ ഹൂഡിയും ധരിച്ച് ബർഗറും കഴിച്ച് ചറപറാ ഇംഗ്ലിഷ് ഡയലോഗ് അടിച്ച് ഡാർക്ക് മോഡിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് പൊതുവെ സിനിമാപ്രേക്ഷകരുടെ മനസിൽ തെളിയുക. അത്തരമൊരു കാഴ്ച പരുവപ്പെടുത്തിയതും സിനിമകൾ തന്നെയാണ്. അവിടേക്കാണ്, ഒരു ദേസി ഹാക്കറുടെ കഥ പറയുന്ന ഐ ആം കാതലൻ എന്ന ചിത്രം വരുന്നത്. നസ്ലിൻ അവതരിപ്പിച്ച വിഷ്ണു എന്ന ഹാക്കർ കഥാപാത്രത്തിന് ഹാക്കറുടേതെന്ന് പറയപ്പെടുന്ന കെട്ടുകാഴ്ചകൾ ഒന്നുമില്ല. കൊടുങ്ങല്ലൂർ എന്ന ടൗണിന്റെ പശ്ചാത്തലത്തിൽ അതിസ്വാഭാവികമായി സംഭവിക്കുകയാണ് സിനിമ. പ്രമേയത്തോടുള്ള സത്യതന്ധതയാണ് ഐ ആം കാതലനെ മനോഹരമായ ഒരു കാഴ്ചയാക്കി പരിവർത്തനം ചെയ്യുന്നത്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥാകൃത്ത് സജിൻ ചെറുകയിലിനു കൂടി അവകാശപ്പെട്ടതാണ്.
നടനായിട്ടാണ് സജിൻ ചെറുകയിൽ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിെയങ്കിലും എഴുത്തിനോടുള്ള ഇഷ്ടം എപ്പോഴും സജിൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. അള്ള് രാമേന്ദ്രൻ എന്ന സിനിമയുടെ എഴുത്തിന്റെ ഭാഗമായാണ് തിരക്കഥയെഴുത്തിൽ സജിൻ തുടക്കമിടുന്നത്. അതിനുശേഷം സ്വതന്ത്ര തിരക്കഥാകൃത്തായുള്ള ആദ്യ ചിത്രമാണ് ഐ ആം കാതലൻ. 2021ൽ ഷൂട്ട് പൂർത്തിയായ ചിത്രം റിലീസ് ആകാൻ കുറച്ചധികം വർഷം കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പ് സമ്മാനിച്ച നിരാശയെല്ലാം ഐ ആം കാതലന്റെ റിലീസിനു ശേഷം ലഭിച്ച അഭിനന്ദന വാക്കുകളിൽ ഇല്ലാതായി. സ്വന്തം ചുറ്റുപാടുകളിൽ നിന്നാണ് സജിൻ കഥയും കഥാപാത്രങ്ങളും കണ്ടെത്തുന്നത്. ഐ ആം കാതലനിലുമുണ്ട് അത്തരം ചില കണ്ടെത്തലുകളും ചേർത്തുവയ്ക്കലുകളും. സിനിമയ്ക്ക് പ്രചോദനമായ റിയൽ ലൈഫ് കഥാപാത്രങ്ങളെയും സംഭവങ്ങളെയും പരിചയപ്പെടുത്തി സജിൻ ചെറുകയിൽ മനോരമ ഓൺലൈനിൽ.
നായകനു വേണ്ടി കാത്തു നിന്ന സിനിമ
2017ലാണ് ഈ സിനിമയുടെ ത്രെഡ് മനസ്സിലുടക്കുന്നത്. കുറെക്കാലം അതങ്ങനെ മനസ്സിൽ കിടന്നു. അള്ള് രാമേന്ദ്രൻ വർക്ക് ചെയ്യുമ്പോഴും ഇതെന്റെ മനസ്സിൽ ഉണ്ട്. ഏതു സിനിമയ്ക്കും നായകൻ വളരെ പ്രധാനമാണല്ലോ. ആ സമയത്ത് തണ്ണീർമത്തൻ ദിനങ്ങൾ എഴുതിയിട്ടും ആ പ്രൊജക്ട് ഓൺ ആകാതെ, ആർടിസ്റ്റുകളെ തേടി ഗിരീഷ് നടക്കുകയാണ്. ഈ ത്രെഡ് കിട്ടിയ സമയത്ത് സിനിമയിലെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ പ്രായത്തിലുള്ള താരമൂല്യമുള്ള ആർടിസ്റ്റുകൾ സിനിമയിൽ ഇല്ല. അതുകൊണ്ട്, കഥാപാത്രത്തിന്റെ പ്രായം അൽപം കൂട്ടിയാലോ എന്നൊക്കെ ആലോചിച്ചു. പക്ഷേ, എനിക്കു തന്നെ അത് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്, കഥാപാത്രത്തിന്റെ പ്രായത്തിൽ തന്നെ ഞാനുറച്ചു നിന്നു. മറ്റൊരു സബ്ജക്ടിലും ഞാനിങ്ങനെ ഉറച്ചു നിന്നിട്ടില്ല. അപ്പോഴേക്കും തണ്ണീർമത്തൻ ദിനങ്ങൾ സംഭവിച്ചു.
അതിൽ നസ്ലിനെ കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി. അപ്പോഴും എഴുത്ത് നടന്നില്ല. ഒടുവിൽ ലോക്ഡൗൺ വന്നപ്പോഴാണ് ഇരുന്ന് എഴുതി തീർത്തത്. ഗിരീഷിനോടു ഫോണിൽ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വർക്ക് ആയി. നസ്ലിലിന് കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് പുഷ്പം പോലെ ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് അത്. എന്റെ മനസ്സിൽ ഞാൻ കണ്ടിരുന്ന കഥാപാത്രത്തിന്റെ അതേ പ്രായത്തിലാണ് നസ്ലിൻ. ഒരു സിനിമ ലീഡ് ചെയ്യാനുള്ള ടാലന്റ് നസ്ലിന് ഉണ്ട്. കൂടാതെ, പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഒരു charm ഉം ഉണ്. വളരെ നന്നായിട്ട് അതുപയോഗിക്കാൻ നസ്ലിന് അറിയുകയും ചെയ്യാം. ഏതെങ്കിലും സപ്പോർട്ട് സിസ്റ്റത്തിന്റെ ബലത്തിലാണ് നസ്ലിൻ ഇവിടെ എത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രേമലു ഇല്ലെങ്കിൽ പോലും ഇന്നല്ലെങ്കിൽ നാളെ നസ്ലിൻ സ്റ്റാർ ആയി തന്നെ വരും.
വൈകിയത് ആരുടെയും കുറ്റമല്ല
സിനിമയുടെ റിലീസ് വൈകിയതുമൂലമുണ്ടായ കാത്തിരിപ്പ് ശരിക്കും നിരാശാജനകമായിരുന്നു. 2021 അവസാനത്തോടു കൂടി ഷൂട്ട് പൂർത്തിയായതാണ്. 2022ൽ പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയായി. പിന്നെ ഇത്രയും കാലം കാത്തിരിക്കേണ്ടി വരിക എന്നത് ശരിക്കും സങ്കടകരമായിരുന്നു. വലിയ വിഷമം ഉണ്ടായിരുന്നു ആ കാര്യത്തിൽ. എന്റെയോ ഗിരീഷിന്റെയോ നസ്ലിന്റെയോ കരിയർ അത്രയും പോസ്റ്റ് ആകേണ്ട സമയമായിരുന്നില്ല അത്. പല സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് വൈകിപ്പോയി. സിനിമയിൽ അത് ആരുടെയും കുറ്റമല്ല. റി–എഡിറ്റ് ചെയ്തു എന്നല്ലാതെ മറ്റൊന്നും സിനിമയിൽ ചെയ്യാൻ പറ്റുമായിരുന്നില്ല. ചെയ്തു വച്ചതല്ലേ എഡിറ്റ് ചെയ്യാനും പറ്റൂ.
സിനിമയിലെ മോഹൻലാൽ കണക്ഷൻ
മോഹൻലാലിന്റെ പേജ് ഒരിക്കൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതു കണ്ടപ്പോഴാണ് ഒരു ഹാക്കറുടെ വ്യക്തിഗത ജീവിതം പ്രമേയമാക്കി സിനിമ ചെയ്താലോ എന്ന ആശയം തോന്നിയത്. മോഹൻലാലിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതിന്റെ തുടർച്ചയായി വേറെയും സമാന സംഭവങ്ങൾ നടന്നിരുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ജീവിക്കുന്ന ഒരു ഹാക്കറുടെ കഥ പറയുക എന്നതായി ചിന്ത. ഞാൻ ആ സമയത്ത് ഒരു ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അതുപോലൊരു സ്ഥാപനം ഹാക്ക് ചെയ്താൽ എങ്ങനെയിരിക്കും എന്നു ആലോചിച്ചു. അതിനുള്ള കാരണം കണ്ടെത്തിയാണ് കഥ വികസിപ്പിച്ചത്. ഹാക്കിങ് ആണ് സബ്ജക്ട് എന്നു പറയുമ്പോൾ ആർക്കെങ്കിലും മനസിലാകുമോ? ഇതിൽ എന്റർടെയ്ൻമെന്റ് ഉണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഇത് വർക്ക് ആകുമെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു.
എല്ലാവരും എന്റെ ചുറ്റുവട്ടത്തുള്ളവർ
ഐ ആം കാതലനിൽ എനിക്ക് അത്രയും പരിചയമില്ലാത്ത ഒരേയൊരു കഥാപാത്രം നായകൻ വിഷ്ണു മാത്രമാണ്. അനീഷേട്ടൻ എന്ന കഥാപാത്രം എന്റെ വളരെ അടുത്ത സുഹൃത്താണ്. ഒരു കംപ്യൂട്ടർ സ്ഥാപനം നടത്തുകയാണ് കക്ഷി. ആ സ്ഥാപനത്തിന്റെ പേര് തന്നെയാണ് ഞാൻ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്, കംപ്യൂട്ടർ പ്ലസ്. ഞാൻ ചെയ്ത പ്രവീൺ കുമാർ എന്ന ഐടി കൺസൾട്ടന്റ് ആയ കഥാപാത്രത്തെയും എനിക്ക് അറിയാം. അതേ പേര് തന്നെയാണ് ഞാൻ ആ കഥാപാത്രത്തിനും നൽകിയിരിക്കുന്നത്. ദിലീഷ് പോത്തൻ ചെയ്ത കഥാപാത്രവും ആളുടെ മകളുടെ കഥാപാത്രവും ഇതുപോലെ യഥാർഥ ജീവിതത്തിൽ എനിക്ക് അറിയാവുന്നവരാണ്. അച്ഛൻ ചെയർമാനും മകൾ ആ കമ്പനിയുടെ ഐടി ഹെഡ് ആയുമുള്ള രണ്ടു പേർ. അവരുടെ പേരുകൾ മാറ്റിയിട്ടുണ്ട്. ചുരുക്കത്തിൽ എനിക്കു പരിചയമുള്ള ലോകമാണ് ഈ സിനിമയിൽ ഞാൻ എഴുതിയിരിക്കുന്നത്.
സിനിമ ഇരിങ്ങാലക്കുടയിലേക്ക്
കാസ്റ്റിങ് നൂറു ശതമാനവും ഗിരീഷാണ് ചെയ്തത്. എന്നെയും കാസ്റ്റ് ചെയ്തത് ഗിരീഷ് ആണ്. ഞാനെഴുതിയ സ്ക്രിപ്റ്റിൽ ധനകാര്യ സ്ഥാപനം നിന്നിരുന്നത് തൃശൂർ ടൗണിലായിരുന്നു. തൃശൂരും കൊടുങ്ങല്ലൂരുമായിരുന്നു കഥ നടന്നിരുന്നത്. ഗിരീഷ് ആ സമയത്ത് ലൊക്കേഷൻ കാണാൻ വേണ്ടി ഇരിങ്ങാലക്കുട പോയി. സ്ഥലമൊക്കെ കണ്ടതിനുശേഷം എന്നെ വിളിച്ചു. തൃശൂർ കുറെ സിനിമകളിൽ വന്നിട്ടുണ്ടല്ലോ. ഇരിങ്ങാലക്കുട ആകുമ്പോൾ അതിലൊരു പുതുമയുണ്ട്. ആ സ്ഥലത്തിനു തന്നെ ഒരു ക്യാരക്ടറുണ്ട്. ഈ ആശയം പറഞ്ഞപ്പോൾ എനിക്കും ഓകെ ആയി. ആ സമയത്ത്, ദിലീഷ് പോത്തന്റെ കഥാപാത്രം തൃശൂർ ശൈലിയിൽ സംസാരിക്കുന്ന ഒരാളായിരുന്നു. ദിലീഷേട്ടൻ വന്നപ്പോൾ ആ ശൈലി പിടിക്കാമെന്ന കാര്യം ഞങ്ങൾ വിട്ടു. പെര്‍ഫോമൻസിൽ അതൊരു പ്രശ്നമായി വരില്ലെന്ന് ഗിരീഷ് പറഞ്ഞു.
ഞെട്ടിച്ചത് ലിജോമോൾ
എത്തിക്കൽ ഹാക്കറായ സിമി എന്ന കഥാപാത്രത്തെയാണ് ലിജോമോൾ ഇതിൽ അവതരിപ്പിക്കുന്നത്. ആദ്യ ദിവസം ലിജോമോൾ വന്നു ചെയ്തതു കണ്ടിട്ട് ഞെട്ടിപ്പോയി. അവർക്ക് ഈ ഹാക്കിങ്ങും കാര്യങ്ങളുമൊന്നും അറിയില്ല. പക്ഷേ, വഴക്കത്തോടെ അവർ അതു ചെയ്തു. ഹാക്കിങ്ങിൽ നല്ല പരിചയമുള്ള ഒരാളെപ്പോലെയാണ് അവർ ചെയ്തത്. ഹാക്കർ കമ്യൂണിറ്റിയിലെ ഒരു സ്ത്രീയെക്കൂടി കാണിക്കുക എന്നതായിരുന്നു ആ കഥാപാത്രത്തിലൂടെ ഞാൻ ആഗ്രഹിച്ചത്. എനിക്ക് അതുപോലെയുള്ള ഒരാളെ നേരിൽ പരിചയമുണ്ട്. ഹാക്കർ അല്ല, കോഡിങ് ചെയ്യുന്ന കക്ഷി. കണ്ടാൽ ഒരു സാധാരണ വീട്ടമ്മയെപോലെ തോന്നിക്കും. പക്ഷേ, എത്ര രൂപ വേണമെങ്കിലും കൊടുത്ത് അവരെ ജോലിക്കെടുക്കാൻ പല കമ്പനികളും തയാറായിരുന്നു. അങ്ങനെയുള്ള ആളായിരുന്നു അവർ. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ലിജോമോളുടെ സിമിയെ എഴുതിയത്.
ഇന്റർനെറ്റിലെ മലയാള ഭാഷ മികച്ചതാക്കാൻ അഹോരാത്രം പണിയെടുക്കുന്ന സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പോലുള്ള കമ്യൂണിറ്റി നിലവിലുണ്ട്. ലിജോമോൾ അവരുടെ കൂടി പ്രതിനിധിയാണ്. ലിജോമോവുടെ ലാപ്ടോപ് ശ്രദ്ധിച്ചാൽ അതിൽ ഒരുപാടു സ്റ്റിക്കറുകൾ കാണാം. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്, വിക്കി മലയാളം പോലുള്ള കമ്യൂണിറ്റികളുടെ സ്റ്റിക്കറുകളാണ് അവരുട ലാപ്ടോപ്പിലുള്ളത്. അത് ഫസ്റ്റ് ഡ്രാഫ്റ്റിൽ തന്നെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. കോപ്പലെഫ്റ്റ് എന്നു വിളിക്കുന്ന അല്ലെങ്കിൽ ഫ്രീ സോഫ്ട്‍വെയറിനു വേണ്ടി വാദിക്കുന്ന ഒരു കമ്യൂണിറ്റിയുണ്ട്. ലാഭേച്ഛ ഇല്ലാതെയാണ് അവർ പ്രവർത്തിക്കുന്നത്. അവരെ മെൻഷൻ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ വിഷ്ണുവിനെക്കാൾ എന്റെ പ്രിയപ്പെട്ട കഥാപാത്രം സിമിയാണ്.
വിമർശനങ്ങൾ പ്രശ്നമല്ല
ഒരു ഐഡിയ ആദ്യം കത്തും. അതു കൂട്ടുകാരോടൊക്കെ പറഞ്ഞു നോക്കും. അങ്ങനെ ഒരു ഐഡിയ മനസിലുള്ളപ്പോൾ കാണുന്ന സിനിമയും വായിക്കുന്ന പുസ്തകവുമെല്ലാം അതിലേക്ക് പ്രചോദനം നൽകുന്നതായി തീരും. ഒരു പോയിന്റ് എത്തുമ്പോൾ എഴുതാറായെന്നു തോന്നും. നോട്സ് ഞാനെപ്പോഴും തയ്യാറാക്കിക്കൊണ്ടേയിരിക്കും. അതിന് ആവശ്യമായ ഡാറ്റ എപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കും. ചില ഐഡിയകൾ, സംഭാഷണങ്ങൾ അങ്ങനെ എന്തും ആകാം. മനസിൽ വരുന്നത് വേഗം നോട്ട് ചെയ്തു വയ്ക്കും. പിന്നെയാണ് ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതാനിരിക്കുക. അതു ഞാൻ പരമാവധി പരത്തിയാകും എഴുതുക. പെർഫെക്ഷൻ നോക്കാതെ എഴുതും. എഴുത്തിനെ കൂട്ടുകാരാണ് വിമർശനബുദ്ധിയോടെ സമീപിക്കുന്നത്. വിമർശനം എനിക്ക് പ്രശ്നമില്ല. വ്യക്തിപരമായി ഒരു എക്സൈറ്റ്മെന്റ് വരുമ്പോഴാണ് എഴുതുക. ആരു വിമർശിച്ചാലും ആ എക്സൈറ്റ്മെന്റ് ഉണ്ടെങ്കിൽ എഴുതും.
സംവിധാനം തൽക്കാലമില്ല
നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് അകത്തു നിന്നു പുറത്തു നിന്നും ലഭിക്കുന്നത്. പലരുടെയും സംഭാഷണങ്ങളിൽ സിനിമയുടെ തിരക്കഥയും പരാമർശിക്കപ്പെടുന്നതിൽ സന്തോഷം. ഞാൻ അഭിനയിച്ച കഥാപാത്രങ്ങൾ മാത്രമെ പ്രേക്ഷകർക്ക് പരിചയമുള്ളൂ. അതു വച്ചാണ് പ്രേക്ഷകർ എന്നെ വിലയിരുത്തുന്നത്. സിനിമയ്ക്കു പുറത്തു നിന്നുള്ള ചിലർ പറഞ്ഞു, എന്നിൽ നിന്ന് ഇങ്ങനെയൊരു സ്ക്രിപ്റ്റ് അല്ല പ്രതീക്ഷിച്ചതെന്ന്! അങ്ങനെ ചില പ്രതികരണങ്ങൾ കൂടി ലഭിച്ചിരുന്നു. പിന്നെ, സംവിധാനം തൽക്കാലമില്ല. സുരാജ് വെഞ്ഞാറമൂട് നിർമിക്കുന്ന ഇ.ഡി എന്ന ചിത്രം, ബിബിനും വിഷ്ണുവും അഭിനയിക്കുന്ന വിശുദ്ധ പുത്രന്മാർ, ഉണ്ണിലാലുവും സിദ്ധാര്‍ഥ് ഭരതനും അഭിനയിക്കുന്ന ഒരു പടം അങ്ങനെ ചില ചിത്രങ്ങൾ വൈകാതെ റിലീസ് ആകും. എഴുത്തും സമാന്തരമായി പോകുന്നു. എഴുത്തിനു വേണ്ടി സമയം നീക്കി വയ്ക്കാറുണ്ട്.