ADVERTISEMENT

‘വരത്തൻ’ എന്ന ചിത്രത്തിൽ തന്റെ വില്ലനായി വന്ന ഷറഫുദ്ദീനെ ഐശ്വര്യലക്ഷ്മി വീണ്ടും കാണുന്നത് ആറു വർഷങ്ങൾക്കു ശേഷം പുതിയ ചിത്രത്തിന്റെ പൂജ നടക്കുമ്പോഴാണ്. പൂജയ്ക്കു മുൻപേ ഷറഫുദ്ദീൻ ഐശ്വര്യയ്ക്കു നേരെ കൈ നീട്ടി. ‘ഹലോ മമ്മി..’ പുതിയ ചിത്രത്തിൽ ഐശ്വര്യയുടെ നായകനാണ് ഷറഫുദ്ദീൻ. വൈശാഖ് എലൻസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായും നായികയുടെ ‘മമ്മി’ ആയും ഇരട്ട വേഷത്തിലാണ് ഐശ്വര്യലക്ഷ്മി എത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഹിറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്ന ഐശ്വര്യയ്ക്കു ചെറിയ ഇടവേളയ്ക്കു േശഷം മലയാളത്തിലേക്കുള്ള തിരിച്ചു വരവു കൂടിയാണ് ഈ ഫാന്റസി ഹൊറർ കോമഡി ചിത്രം. 

പുതിയൊരു സിനിമാനുഭവം

മലയാളത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ച ‘കിങ് ഓഫ് കൊത്ത’യ്ക്കു ശേഷം തമിഴിൽ ‘ഗാർഗി’, ‘ഗാട്ടാ ഗുസ്തി’, തെലുങ്കിൽ ‘അമ്മു’ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മലയാളത്തിൽനിന്നു നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്കുകൂടി പ്രാധാന്യമുള്ള സിനിമകളാണു പ്രതീക്ഷിക്കുന്നത്. ഓരോ സിനിമയിൽനിന്ന് അടുത്ത സിനിമയിലേക്കുള്ള ഒരു വളർച്ചയാണ് ഓരോ താരവും ആഗ്രഹിക്കുന്നത്. അതുകൊണ്ട് കൂടുതൽ അഭിനയ സാധ്യതയുള്ള തിരക്കഥകൾക്കു വേണ്ടി കാത്തിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്താലേ പ്രേക്ഷകർ നമ്മെ ഓർത്തിരിക്കുകയുള്ളൂ. അത്തരത്തിലൊന്നാണു ‘ഹലോ മമ്മി’യിലെ കഥാപാത്രം. വളരെ എന്റർടെയ്നിങ് ആയൊരു കോമഡി ത്രില്ലറായാണു ചിത്രത്തിന്റെ തുടക്കമെങ്കിലും പതിയെ ഹൊററും ഫാന്റസിയുമെല്ലാം ചേർന്നു പ്രേക്ഷകർക്ക് പുതിയൊരു സിനിമാനുഭവമാകും. ജഗദീഷും ജോണി ആന്റണിയും അജു വർഗീസും ബിന്ദു പണിക്കരും ഉൾപ്പെടെ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. 

തമിഴകം നിറഞ്ഞ്

നായിക കേവലം പ്രണയരംഗങ്ങളിലും പാട്ടുസീനുകളിലും മാത്രം വന്നുപോകുന്ന പതിവു ഫോർമുലകളിൽ നിന്നു തെന്നിന്ത്യൻ സിനിമകൾ മാറിക്കഴിഞ്ഞു. ആ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പൊള്ളാച്ചിയിലെയും കാരെക്കുടിയിലെയും ഉൾഗ്രാമങ്ങളിൽ പോലും ഷൂട്ടിങ്ങിനു പോകുമ്പോൾ ജനങ്ങൾ തിരിച്ചറിയുന്നതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഭാഷ ഏതായാലും നല്ല സിനിമകൾ ചെയ്യാൻ കഴിയണം എന്നതാണ് ആഗ്രഹം. സിനിമ ഒരു പാഷനായി കണ്ട് ഈ രംഗത്തേക്കു കടന്നു വന്നതാണു ഞാൻ. പിന്നീട് അതെന്റെ പ്രഫഷൻ കൂടിയായി. എന്നാൽ സിനിമയെ ഒരു ആർട്ട് കൂടിയായി എങ്ങനെ കാണാം എന്നു പഠിച്ചതോടെയാണ് അഭിനയം ഞാൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയത്. കമലഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന, ‘തഗ് ലൈഫിൽ’ അഭിനയിക്കുന്നുണ്ട്. ചില തമിഴ്, തെലുങ്ക് സിനിമകളുടെയും വെബ്സീരീസിന്റെയും ഷൂട്ടിങ്ങും നടക്കുന്നു. 

മലയാളത്തിൽ ഇടവേള

മലയാളത്തിൽ മനഃപൂർവം  സിലക്ടീവ് ആയതല്ല. എല്ലാ ഭാഷയിലുമുള്ള സിനിമകളുടെയും മലയാളം ഡബ്ഡ് വെർഷൻ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ ഒടിടി കാലത്ത് മലയാള സിനിമ, അന്യഭാഷാ സിനിമ എന്നുള്ള വേർതിരിവിന് ഒരു പ്രസക്തിയും ഇല്ലെന്നു തോന്നുന്നു. ഏതു ഭാഷയിലാണെങ്കിലും അഭിനയത്തിനും അവതരണത്തിനും ലഭിക്കുന്ന സ്വീകാര്യതയാണ് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനം. മലയാളവും തമിഴും തെലുങ്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

English Summary:

Aishwarya Lekshmi opens up about new movie Hello Mummy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com