ADVERTISEMENT

അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയ അഭിനേതാക്കളിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയ നടി ഐശ്വര്യ ലക്ഷമി. അഭിനയ മികവുകൊണ്ട് തുടക്ക കാലത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഐശ്വര്യ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വെള്ളിത്തിരയിൽ മിന്നിനിന്നിരുന്ന താരത്തിന്റെ സാന്നിധ്യം മലയാള സിനിമയില്‍ നിന്നും കുറഞ്ഞ് മറ്റു ഭാഷകളിലേക്കെത്തിയിരുന്നു. 2023ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്കു ശേഷം ഹലോ മമ്മി എന്ന ഹൊറർ കോമഡി ചിത്രത്തിലൂടെ നായികയായി ഐശ്വര്യ വീണ്ടുമെത്തുമ്പോൾ പുതിയ വിശേഷങ്ങളും മലയാളത്തിൽ ചിത്രങ്ങൾ കുറയാൻ കാരണവും  മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് താരം 

മോഡലിങ്ങിൽ നിന്ന് അപ്രതീക്ഷിതമായി സിനിമയിലേക്ക് 

ആദ്യ സിനിമയ്ക്കു ശേഷമാണ് ഞാൻ സീരിയസ് ആകുന്നത്. ആ സിനിമയുടെ ഷൂട്ട് തീരുന്ന അന്ന് ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു.  ‘ഞണ്ടുകളുടെ നാട്ടിൽ ഇടവേള’ എന്ന സിനിമയിൽ  വളരെ കുറച്ചേ അഭിനയിക്കാൻ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എനിക്കതിൽ ഒരു പൂർണത തോന്നിയില്ല. കുറച്ചു കൂടി ശരിയാക്കാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു.  എന്താണ് ശരിയാക്കേണ്ടതെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനുശേഷം ഒരു മാസം മുംബൈയിൽ ഒരു ആക്ടിങ് വർക് ഷോപ്പിനു പോയി. പക്ഷേ അതുകൊണ്ട് എല്ലാം പഠിച്ചു എന്നല്ല പറയുന്നത് ഞാൻ ശ്രമിച്ചു എന്നു പറയാം. 

ഞണ്ടുകളുടെ നാട്ടിൽ ഇടവേള, മായാ നദി എന്നീ സിനിമകൾക്കാണ് ഫിലിം ഫെയറിൽ പുതുമുഖ നടിക്കുള്ള അവാർഡ് കിട്ടിയത്. അതിനു ശേഷം ഒരു നല്ല അഭിനേതാവാകാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുമായിരുന്നു. പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ കേൾക്കും. നല്ല സംവിധായകരുടെ കയ്യിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ നോക്കി, അതിൽ വർക് ചെയ്യാൻ നോക്കിയിട്ടുണ്ട്. അതിനനുസരിച്ചു അഭിനയത്തിൽ മാറ്റങ്ങൾ വരുത്തി. എന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കി അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇപ്പോഴും ഞാൻ ആലോചിച്ചു ചിരിക്കുന്ന ഒരു കാര്യമുണ്ട്. ആദ്യ സിനിമയിൽ സ്റ്റഡി ഫോക്കസ് എന്നു പറഞ്ഞത് ക്യാമറ ഫോക്കസ് ചെയ്യാനായിരുന്നു. എനിക്കിതു പോലും അറിയില്ലായിരുന്നു. ഞാൻ കരുതി സീനിനു മുൻപ് ഞാൻ ഫോക്കസ് ചെയ്യാൻ വേണ്ടി പറയുന്നതായിരിക്കും എന്നോർത്ത്  ഞാൻ കണ്ണ് അടച്ച് അനങ്ങാതെ നിന്നിട്ടുണ്ട്.

മലയാള ചിത്രങ്ങൾ കുറയാൻ കാരണം ?

നല്ല കഥകൾ കിട്ടിയാലേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനത്തിലാണ്. മലയാളത്തിൽ നിന്നും കഥകൾ വരുന്നത് കുറവാണ്. ഞാൻ കഥകൾ കേൾക്കുന്നത് നിർത്തിയതല്ല. നേരിട്ട് സമീപിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണെങ്കിൽ ഇപ്പോൾ ഒരു ഏജൻസിയെ വച്ചിട്ടുണ്ട്. അവരുവഴി കഥകൾ വരട്ടെ എന്നു കരുതി. പക്ഷേ നല്ല കഥകൾ വരുന്നില്ല. അതേസമയം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നല്ല വേഷങ്ങൾ ലഭിക്കുന്നുമുണ്ട്. അഭിനേതാവ് എന്ന നിലയിൽ മറ്റുള്ള ഭാഷകൾ ചെയ്യാൻ പറ്റുന്നത് വലിയ ഒരുവസരമാണ്. ഒരു മലയാളി എന്ന രീതിയിൽ മറ്റു ഭാഷകളിൽ അംഗീകരിക്കപ്പെടുന്നതും വലിയ കാര്യമാണ്. ഹലോ മമ്മി ഒരു എന്റർടെയ്നിങ് കഥയാണ്. അതിൽ എന്റെ ക്യാരക്ടർ എത്രത്തോളം ഉണ്ട് എന്നതിലുപരി എങ്ങനെ അതിൽ നന്നായി ചെയ്യാം എന്ന് ചിന്തിച്ചാണ് ഈ സിനിമയിലേക്കെത്തിയത്.

aishwarya-lekshmi2

സിനിമയിൽ കഴിവുമാത്രം പോരാ

ഞാൻ പഠിക്കുന്ന സമയത്തോ പഠിച്ചു കഴിഞ്ഞോ സിനിമയിലേക്കു വരുമെന്ന്  കരുതിയിരുന്നില്ല. ആദ്യം സിനിമയിലേക്കു വിളിച്ചപ്പോൾ താൽപര്യമില്ല എന്നാണ് പറഞ്ഞത്. ആദ്യ സിനിമ കഴിയുന്നതു വരെ അഭിനയം എന്നൊരു താൽപര്യം വരുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്.  നമ്മള്‍ മുൻപു ചെയ്ത സിനിമകളിലെ അഭിനയം നല്ലതാണോ എന്നു നോക്കിയാണ് അടുത്ത സിനിമ കിട്ടുന്നത്. വലിയൊരു താരം ആകുന്നതു വരെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇതൊന്നും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യമല്ല. 

കാസ്റ്റ് ചെയ്യുന്നവർ‍ക്ക് നമ്മളെ ഇഷ്ടപ്പെടണം, നമ്മുെട കൂടെ വർക് ചെയ്യാൻ ഇഷ്ടപ്പെടണം അതിന് നമുക്ക് ഭാഗ്യം കൂടി വേണം. എനിക്ക്  ചെയ്യാൻ പറ്റുന്ന രണ്ടു കാര്യം എന്റെ അഭിനയവും എങ്ങനെയാണ് ഒരു സെറ്റിൽ പെരുമാറുന്നതും എന്നതു മാത്രമാണ്  .പരിശ്രമിക്കുന്നതിനനുസരിച്ച് എവിടെയും എത്താൻ കഴിഞ്ഞില്ലങ്കിൽ പിന്നീടൊരു നിരാശ തോന്നാതിരിക്കാൻ  നമുക്കൊരു ഒരു ബാക്അപ് കരിയർ ഉള്ളത് നല്ലതാണ്. 

English Summary:

Chat with actress Aishwarya Lekshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com