ADVERTISEMENT

റിറിലീസുകളുടെ കാലമാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും കണ്ടാഘോഷിച്ച മലയാളികൾക്കിടയിലേക്ക് അവരുടെ ‘വല്ല്യേട്ടൻ’ എത്തുകയാണ്. 4കെ ഡോൾബി അറ്റ്‌മോസിൽ ചിത്രം 24 വർഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിൽ നിറയുന്നതിനു മുന്നോടിയായി വല്ല്യേട്ടന്റെ നിർമാതാവ് ബൈജു അമ്പലക്കര മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ഷൂട്ടിങ് ഓർമകളെപ്പറ്റിയും രഞ്ജിത്ത്–ഷാജി കൂട്ടുകെട്ടിനെക്കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് ബൈജു അമ്പലക്കര...

വല്ല്യേട്ടൻ വീണ്ടും...

ഈ പടം വലിയ ഹിറ്റായിരുന്നു. ഈ സിനിമ കഴിഞ്ഞതിനു േശഷം കുറേക്കാലം ഞാൻ സിനിമയുമായുള്ള ബന്ധങ്ങളൊക്കെ മാറ്റി വച്ച് എന്റെ ബിസിനസുമായി പോവുകയായിരുന്നു. അപ്പോഴാണ് ‘സ്ഫടികം’ എന്ന ഹിറ്റ് സിനിമ റീ റിലീസ് െചയ്യുന്നു എന്ന പോസ്റ്ററുകൾ പലയിടത്തും കണ്ടത്, അതെന്താണ് പരിപാടി എന്നെനിക്കു മനസ്സിലായില്ല. ഞാൻ ഷാജി കൈലാസിനെ വിളിച്ചു ‘സ്ഫടികം’ വീണ്ടും റീറിലീസ് എന്നു പറഞ്ഞു കാണുന്നുണ്ടല്ലോ എന്നു പറഞ്ഞു. അന്നേരം ഷാജി പറഞ്ഞു അത് 4കെ ഡോള്‍ബിയിലേക്ക് കൺവേർട്ട് ചെയ്ത് വീണ്ടും ഇറക്കാനുള്ള പരിപാടിയാണെന്ന്. എന്തൊക്കെയാണ് അതിന്റെ ഡീറ്റെയിൽസ് എന്നു ചോദിച്ചപ്പോൾ ഷാജി കുറേ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. അങ്ങനെ സ്ഫടികം റിറിലീസ് വന്ന സമയത്ത് ഞാന്‍ കൊല്ലം പ്രിയ തിയറ്ററിൽ പോയി കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം ആദ്യം കണ്ട രീതിയിൽ നിന്ന് ഭയങ്കര വ്യത്യസ്തമായിട്ടാണ് പടം വന്നത്. 

അതുമാത്രമല്ല ഒരുപാട് ചെറുപ്പക്കാർ, അതായത് 22 നും 20 നും ഇടയിലുള്ള ചെറുപ്പക്കാരാണ് കൂടുതലും സിനിമ കാണാൻ വന്നത്, പുതിയ ഒരു പടം കാണുന്ന രീതിയിൽ അവരിത് ഭയങ്കരമായി കയ്യടിച്ച് ആസ്വദിച്ചു കാണുന്നതു കണ്ടപ്പോൾ ഞാൻ തിയറ്ററിൽ നിന്ന് പുറത്തിറങ്ങി ഷാജിയെ വീണ്ടും വിളിച്ചു. ‘ഷാജി, നമ്മുടെ വല്ല്യേട്ടൻ എന്ന സിനിമ നമുക്ക് എന്തുകൊണ്ടിങ്ങനെ ചെയ്തുകൂടാ? അതിനെന്തു കോസ്റ്റു വരും’ എന്നു ചോദിച്ചു. അങ്ങനെയാണ് വല്ല്യേട്ടൻ സംഭവിക്കുന്നത്. ഹൊറർ ക്ലാസിക്കൽ സിനിമ അല്ലെങ്കിൽ ആക്‌ഷൻ മാത്രമുള്ള കമേഷ്യൽ സിനിമ; ഇത്തരം സിനിമകൾ മാത്രമേ 4കെയിലേക്ക് കൺവർട്ട് ചെയ്തിട്ട് കാര്യമുള്ളൂ. അല്ലാതെ പാലേരിമാണിക്യം പോലെയുള്ള അവാർഡ് സിനിമ എടുത്തു, അത് ഫ്ലോപ്പായി പോയി. അതൊന്നും 4 കെയിലേക്ക് കൺവർട്ട് ചെയ്യേണ്ട സിനിമ അല്ല. 

അങ്ങനെ വല്ല്യേട്ടൻ ചെയ്യാനുറച്ച് മുന്നോട്ടു പോയി. ഇതിനകത്തെ മറ്റൊരു പ്രശ്നം പഴയ സിനിമകളുടെയെല്ലാം നെഗറ്റീവ് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എയർകണ്ടീഷൻ റൂമിൽ സ്റ്റോർ ചെയ്തു വച്ചാൽ മാത്രമേ നെഗറ്റീവ് ഉപയോഗപ്പെടുത്താൻ പറ്റൂ. പക്ഷേ ലാബില്‍ തിരക്കിയപ്പോൾ നമ്മുടെ സിനിമയുടെ നെഗറ്റീവെല്ലാം നശിച്ചു പോയിരുന്നു. അങ്ങനെ സോമനെ ഞാൻ വിളിച്ചപ്പോൾ സോമൻ എങ്ങനെയോ ഇതിന്റെ ഹാർഡ് ഡിസ്ക് ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. അതെനിക്കൊരു ഭാഗ്യമായി. ഇപ്പോൾ തന്നെ ഒരുപാട് നല്ല നല്ല സിനിമകൾ വരുന്നുണ്ട്. ആ സിനിമകളൊക്കെ 4 കെയിലേക്ക് കൺവർട്ട് ചെയ്യാൻ പറ്റുന്നില്ല. കാരണം അതിന്റെയൊന്നും നെഗറ്റീവില്ല. നമ്മുടെ സിനിമ ഹാർഡ് ഡിസ്ക് ഉണ്ടാക്കി വച്ചതു കൊണ്ട് അത് ചെയ്യാൻ പറ്റി. അങ്ങനെ ഇതിന്റെ വർക്കുകൾ ആരംഭിച്ചു. ആ സമയത്ത് മണിച്ചിത്രത്താഴ് ഹിറ്റായി. ദേവദൂതൻ ഇറങ്ങിയ സമയത്ത് പരാജയപ്പെട്ടതായിരുന്നു. പക്ഷേ 4കെയിലേക്ക് വന്നപ്പോൾ അത് അവർ കട്ട് ചെയ്തു ഷോർട്ടാക്കി, ആ പടവും ഹിറ്റായി.  

വല്ല്യേട്ടൻ എന്ന സിനിമയുടെ വിഷ്വൽ യുഎസ്എയിൽ വിട്ടാണ് സോഫ്റ്റ് വെയറിൽ ചെയ്യിച്ചത്. ആദ്യമായാണ് ഒരു മലയാള സിനിമയിൽ അങ്ങനെ ഒരു കാര്യം നടന്നത്. അതുകൊണ്ട് അതിന് അതിന്റേതായ ക്ലാരിറ്റി ഉണ്ട്. വളരെ മനോഹരമായിട്ടുണ്ട്. ഓഡിയൻസ് അത് എങ്ങനെ എടുക്കുമെന്നുള്ളത് കാണാം. ഞങ്ങൾ എറണാകുളത്ത് ഒരു തിയേറ്ററിൽ ഇട്ട് സിനിമ കണ്ടിരുന്നു. ഷാജിക്ക് തന്നെ അദ്ഭുതം വന്നു. ഷാജി എന്നോട് ചോദിച്ചു, ‘ഞാൻ 25 വർഷം മുൻപ് ചെയ്ത സിനിമയാണോ ഇത്’.  25 വർഷത്തിനു ശേഷം ആണ് ഷാജി വീണ്ടും ഈ സിനിമ തിയറ്ററിൽ കാണുന്നത്.

ഷാജി–രഞ്ജിത്ത് കൂട്ടുകെട്ട്

ഷാജിയും രഞ്ജിത്തും എന്റെ ബാല്യകാല സുഹൃത്തുക്കളാണ്. ഷാജിയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. കിലുക്കാംപെട്ടി എന്ന സിനിമ 88ൽ ഷൂട്ട് ചെയ്ത് 91ലാണ് റിലീസ് ചെയ്തത്. അതിനുശേഷം കുറച്ചു ഗ്യാപ് വന്നു. അതിനുശേഷമാണ് ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഷാജിയെ വിളിച്ചു പറയുന്നത്. ഷാജി െചയ്യാമെന്നു പറഞ്ഞു. ആ സമയത്ത് ഷാജിയുടെയും ര‍ഞ്ജിത്തിന്റെയും സിനിമകൾ ഭയങ്കര ഹിറ്റായി ഓടുന്ന സമയമാണ്. ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ സിനിമകൾ നന്നായി പോകുന്ന സമയം. ആ സമയത്താണ് ഈ സിനിമയെപ്പറ്റി ഞാൻ പറയുന്നത്. അങ്ങനെ ര‍ഞ്ജിത്തിനും ഷാജിക്കും അഡ്വാൻസ് കൊടുത്തു. മറ്റു രണ്ടു പടങ്ങളും ഹിറ്റായപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി ഇനി ചെയ്യാൻ പോകുന്ന പടത്തിൽ മമ്മൂക്കയാണ്. അങ്ങനെയാണ് വല്ല്യേട്ടൻ എന്ന പടത്തിലേക്ക് കടക്കുന്നത്. 

പക്ഷേ തുടങ്ങാൻ കുറച്ച് ലാഗുണ്ടായി. കാരണം രഞ്ജിത്ത് കഥ എഴുതിക്കൊണ്ടു വരും പക്ഷേ പുള്ളിക്ക് ഒരു തൃപ്തി കിട്ടുന്നില്ലായിരുന്നു. കഥ എഴുതിക്കൊണ്ടു വരും, വലിച്ചു കീറിക്കളയും വീണ്ടും കൊണ്ടു വരും അതും ഇഷ്ടപ്പെടാതെ വലിച്ചു കീറിക്കളയും. അങ്ങനെയിരുന്ന് ഒരു ദിവസം കഥ ശരിയായെന്നു വിളിച്ചു പറഞ്ഞു. ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. 58 ദിവസങ്ങൾ കഴിഞ്ഞാൽ ഓണം ആണ്. ഓണത്തിന് റിലീസ് ചെയ്യണം. ഷാജി കൈലാസ് വളരെ ഹാർഡ് വർക്ക് െചയ്യുന്ന ആളാണ്. കഥ കിട്ടി കഴിഞ്ഞാൽ അദ്ദേഹം രാപ്പകലില്ലാതെ വർക് െചയ്യും. അങ്ങനെ ഉറക്കം പോലുമില്ലാെത രാപ്പകൽ വർക് ചെയ്ത് 58 ദിവസം കൊണ്ടാണ് ഈ പടം തിരുവോണത്തിന്റെ അന്ന് റിലീസ് ചെയ്തത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ജനം പടം സ്വീകരിച്ചു, പടം വലിയ ഹിറ്റായി. 

valleyttan-location-mammootty

വല്ല്യേട്ടന്റെ രണ്ടാം ഭാഗം

ഇതിന്റെ രണ്ടാം ഭാഗം എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. വല്ല്യേട്ടൻ കഴിഞ്ഞപ്പോൾ തന്നെ ഇതിന്റെ സെക്കൻഡ് പാർട്ട് ചെയ്യണമെന്ന് പറഞ്ഞ് ഞാൻ ഓടി നടക്കുകയായിരുന്നു. അത് നടക്കാതെ പോയതിന് ഒരു കാരണമുണ്ട്. അന്ന് എറണാകുളത്ത് ലാബും സ്റ്റുഡിയോയും ഒന്നും ഇല്ലാത്തതു കൊണ്ട്  എഡിറ്റിങ്ങും ബാക്കി എല്ലാ വർക്കും ചെന്നൈയിൽ വച്ചാണ് ചെയ്യുന്നത്. വല്ല്യേട്ടൻ ഓണത്തിന് റിലീസ് ചെയ്യേണ്ടതുകൊണ്ട് രഞ്ജിത്ത് ഷാജിയോട് പറഞ്ഞു, ‘‘വല്ല്യേട്ടനിലെ ശിവമല്ലി പൂ വിരിഞ്ഞു എന്ന പാട്ട് ഞാൻ ചെയ്തോളാം, നീ ബാക്കി വർക്കൊക്കെ നോക്കിക്കോ’’ എന്ന്. അങ്ങനെ ഷാജി ചെന്നൈയിലേക്കു പോയി. രഞ്ജിത്ത് ആദ്യമായി വല്ല്യേട്ടൻ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഷൂട്ട് ചെയ്യുന്നത്. വല്ല്യേട്ടൻ എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷം ഹിറ്റ് മേക്കേഴ്സ് ആയ രഞ്ജിത്ത്–ഷാജി കൈലാസ് എന്ന കൂട്ടുകെട്ടിൽ നിന്ന് രഞ്ജിത്ത് മാറി സ്വന്തമായി മോഹൻലാലിനെ വച്ച് രാവണപ്രഭു എന്ന സിനിമ ചെയ്തു. അങ്ങനെ ഷാജിക്ക് നല്ല സബ്ജക്റ്റ് എഴുതാൻ ആളില്ലാതെ വന്നു. 

മമ്മൂട്ടി
മമ്മൂട്ടി

രഞ്ജി രഞ്‍ജിയുടെ വഴിക്കും ഷാജി ഷാജിയുടെ വഴിക്കും പോയി. വല്ല്യേട്ടൻ എന്ന സിനിമയുടെ രണ്ടാം ഭാഗം നടക്കാതെ പോയത് ഇതുകാരണമാണ്. ഇവരെ രണ്ടു പേരെയും യോജിപ്പിക്കാനായി ഞാൻ രഞ്ജിയോടു പറഞ്ഞു, ഒരു കഥ എഴുതി താ, ഷാജി ചെയ്യും നമുക്ക് വല്ല്യേട്ടന്റെ സെക്കൻഡ് എടുക്കാമെന്ന്. അന്ന് ഇവർ ചെറുതായിട്ട് മാനസികമായി അകന്നിരുന്നു. അങ്ങനെ കുറേ കാലം ഞാൻ ശ്രമിച്ചു. ഈ അടുത്ത കാലത്തും ഞാൻ രഞ്ജിത്തിനെ വിളിച്ചു പറഞ്ഞു ‘രഞ്ജീ, സമയം പോകുന്നു... അടുത്ത ഓണം ആകുമ്പോൾ ഇതൊന്ന് ചെയ്യണമല്ലോ’... അപ്പോൾ രഞ്ജി എന്നോടു പറഞ്ഞു ‘ഞാൻ മീഡിയയുടെ ഒക്കെ ചെയർമാനായി, നീ ഒരു കാര്യം ചെയ്യ് നീ നന്നായി എഴുതുന്ന ആരെയെങ്കിലും കൊണ്ട് ഒരു കഥ എഴുതിക്ക് കറക്‌ഷൻ എന്തെങ്കിലും വരുത്തണമെങ്കിൽ ഞാൻ ചെയ്തു തരാം’. ഞാൻ ഒരാളെ വച്ച് സബ്ജക്റ്റ് എഴുതി കൊണ്ടു ചെന്നപ്പോൾ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. 

എംടിയുടെ അസിസ്റ്റന്റിനെ വച്ച് ഒരു കഥ എഴുതിക്കൊണ്ടു ചെന്നപ്പോൾ രഞ്ജി പറഞ്ഞു, ഇത് നല്ല ഒരു സിനിമയ്ക്കുള്ള കഥയാണ് പക്ഷേ വല്ല്യേട്ടന്റെ സെക്കൻഡ് ആയി എടുക്കാൻ പറ്റില്ല. മമ്മൂക്കയുെട വേറെ സിനിമയായിട്ട് വേണമെങ്കിൽ എടുക്കാം എന്നു പറഞ്ഞു. എനിക്കതല്ല വേണ്ടത് എനിക്ക് ഈ വല്ല്യേട്ടന്റെ സെക്കൻഡ് ആണ് േവണ്ടതെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അതങ്ങ് നീണ്ടു നീണ്ടു പോയി. ഇപ്പോൾ വേറെ ഒരാളെക്കൊണ്ട് ഒരു കഥ റെഡിയാക്കി വച്ചിട്ടുണ്ട് അതിനി സ്ക്രിപ്റ്റ് ആക്കണം. മമ്മൂക്ക സമ്മതിച്ചാൽ വല്ല്യേട്ടന്റെ രണ്ടാം ഭാഗം ചെയ്യും. അതുകൂടി മനസ്സിൽ കണ്ടാണ് ഇപ്പോൾ ഈ റീ റിലീസിലേക്ക് ഇറങ്ങിയത്. ഈ പടം ഇപ്പോൾ നന്നായിട്ട് പോകുകയും മമ്മൂക്ക സമ്മതിക്കുകയും ആണെങ്കിൽ ഇതിന്റെ സെക്കൻഡിന് ഒരു ചാൻസ് ഉണ്ട്. 

valliettan-bence

വല്ല്യേട്ടന്റെ ബെൻസ്

ഏത് പുതിയ വണ്ടികളും എന്റെ കൊച്ച് പ്രായം മുതൽ വാങ്ങാറുണ്ട്. മാറി മാറി എടുത്തുകൊണ്ടേയിരിക്കും. ബെൻസ് കമ്പനികൾ 15 വർഷം കൂടുമ്പോൾ മോഡൽ മാറ്റിക്കൊണ്ടിരിക്കും. ജർമനിക്കാർ ഇന്ത്യയില്‍ പ്രൊഡക്‌ഷൻ തുടങ്ങിക്കഴിഞ്ഞതിനു ശേഷമാണ് വർഷത്തിലൊരിക്കൽ പല പല രീതിയിൽ വണ്ടികൾ ഇറക്കുന്നത്. 1999 ലാണ് ഞാന്‍ ബെൻസ് വാങ്ങുന്നത്. കൊല്ലം ജില്ലയിൽ ഞാനാണ് ആദ്യമായി ഈ വണ്ടി വാങ്ങുന്നത്. ആ സമയത്താണ് ഈ സിനിമയും പ്ലാൻ ചെയ്യുന്നത്. അന്ന് ഷാജി പറഞ്ഞു ഈ ബെൻസ് സിനിമയിൽ മമ്മൂക്കയ്ക്ക് ഉപയോഗിക്കാൻ വേണം. അന്നത്തെ 35 ലക്ഷത്തിന്റെ കാർ സിനിമയിൽ ഉപയോഗിക്കണം എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ രണ്ടു കോടിയോളം വരും. അങ്ങനെ സിനിമയിൽ ഉപയോഗിക്കാൻ ഈ വണ്ടി വിട്ടു കൊടുക്കാൻ എനിക്കും മടി. ഞാൻ പറഞ്ഞു വേറെ വണ്ടി ഞാൻ അറേഞ്ച് ചെയ്തു തരാമെന്ന്. പക്ഷേ ഷാജി ഈ വണ്ടി തന്നെ വേണം എന്നു നിർബന്ധം പിടിച്ചു. 

valleyttan-location32

ഞാനൊരു ബെൻസ് വാടകയ്ക്ക് എടുത്തു തരാമെന്ന് വരെ പറഞ്ഞു. ഷാജി സമ്മതിച്ചില്ല. എന്താ കാരണം എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ ഫാമിലിയുടെ കഥയാണിത്, അപ്പോൾ നിങ്ങളുടെ വണ്ടി തന്നെ വേണം എന്നു പറഞ്ഞു. അന്ന് ഞങ്ങൾക്ക് രണ്ടു മൂന്ന് ആനയുണ്ട്. ആനയെയും പറ്റുമെങ്കിൽ കൊണ്ടു വരണം എന്നു പറഞ്ഞു. വലിയ ആന കുറച്ച് പ്രശ്നക്കാരനാണ് ചെറിയ ആനയെ കൊണ്ടു വരാം എന്നു ഞാൻ പറഞ്ഞു. എന്നാൽ ആനയെ വേറെ നോക്കാം പക്ഷേ ബെൻസ് കാറ് തന്നേ പറ്റൂ എന്നാണ് ഷാജി പറഞ്ഞത്. രഞ്ജിത്തും പറഞ്ഞു തന്നേ പറ്റൂ എന്ന്. സിനിമയുടെ വിജയത്തിനു വേണ്ടിയല്ലേ എന്നു കരുതി, 35 ലക്ഷം എന്നതൊന്നും നോക്കിയില്ല, വണ്ടി വിട്ടു കൊടുത്തു. അങ്ങനെ വണ്ടി സിനിമയിൽ ഉപയോഗിച്ചു, അത് ഇടിക്കേണ്ടിടത്തൊക്കെ ഇടിച്ച് അതിന്റെ ബമ്പറൊക്കെ പോയി ഒരുപാട് പൈസ ചെലവായി.

അന്നു തൊട്ട് കലാഭവൻ മണിയോട് ഇഷ്ടമാണ്...

മണിയെക്കുറിച്ച് എനിക്ക് ഒരുപാട് ഓർമകൾ ഉണ്ട്. എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. അറേബ്യൻ ഡ്രീംസ് എന്നു പറഞ്ഞ് സുരേഷ് ഗോപി നയിച്ച എൺപതോളം ആർട്ടിസ്റ്റുകൾ പങ്കെടുത്ത ഒരു ഗൾഫ് പ്രോഗ്രാം നടത്തിയിരുന്നു. യുഎഇ, യുകെ തുടങ്ങി ഒരുപാട് രാജ്യങ്ങളിൽ അത് വലിയ ഹിറ്റായി. കിലുക്കാംപെട്ടി കഴിഞ്ഞ സമയമായിരുന്നു. ഈ പ്രോഗ്രാം എല്ലായിടത്തും ഹിറ്റായതിന്റെ പേരിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിൽ ഒരു പ്രോഗ്രാം നടത്തിയിരുന്നു. ആ സമയത്ത് സുരേഷ് ഗോപി എന്നെ വിളിച്ചു. ഞാനും ഷാജി കൈലാസും എന്റെ വേറൊരു സുഹൃത്തും കൂടി ഈ പ്രോഗ്രാം കാണാൻ പോയി. ഇവിടെയും പ്രോഗ്രാം വലിയ വിജയമായിരുന്നു. അബാദ് പ്ലാസയിലായിരുന്നു ആർട്ടിസ്റ്റുകളെല്ലാം സ്റ്റേ ചെയ്തിരുന്നത്. അന്ന് അവിടെ വച്ച് സുരേഷ് ഗോപി എന്നോട് ചോദിച്ചു, നമ്മൾ രണ്ടു പേരും കൊല്ലംകാരാണ്, കൊല്ലത്തു വച്ച് ഈ പ്രോഗ്രാം നിനക്ക് നടത്താൻ പറ്റുമോ എന്ന്. 

ഭയങ്കര റിസ്കാണത്. ഞാൻ ആലോചിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഈ പ്രോഗ്രാം കൊല്ലത്തു വച്ചു നടത്തി. കൊല്ലത്ത് ഞങ്ങൾക്ക് രണ്ട് ഹോട്ടലുകൾ ഉണ്ട്. അമ്പലക്കരയിലാണ് മണിയൊക്കെ താമസിച്ചത്. അങ്ങനെയാണ് മണിയെ ഞാൻ പരിചയപ്പെടുന്നത്. അന്നു തൊട്ട് എനിക്ക് മണിയോട് വലിയ ഇഷ്ടമാണ്. കൊല്ലത്തും ഈ പ്രോഗ്രാം വലിയ വിജയമായിരുന്നു. അതിനുശേഷം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഒന്നാം ഉത്സവം നടത്തുന്നത് ഞങ്ങളുെട വീടിന്റെ വകയായിട്ടാണ്. ഫിലിം ആർട്ടിസ്റ്റുകളുടെ പ്രോഗ്രാം ഒക്കെയായിരിക്കും അന്ന് നടത്തുന്നത്. ചിത്രയുടെ ഗാനമേളയൊക്കെ കാണും. അങ്ങനെ നാദിർഷ നയിക്കുന്ന മിമിക്സും ഗാനമേളയും കൂടി ഞാനന്ന് വച്ചു. നാദിർഷ എന്നോടു പറഞ്ഞു, നമുക്ക് മണിയേയും കൂടി വിളിച്ചാൽ നന്നായിരിക്കും. 

valleyttan-location3322

മണി എന്റെ പ്രോഗ്രാമിന് വരില്ല. ചേട്ടൻ വിളിച്ചാൽ വരുമായിരിക്കും. അങ്ങനെ മണിയും വന്നു. ഞാനും ഗണേഷ് കുമാറും കൂടി ഗുരുവായൂരിൽ പോയിട്ട് വരുന്ന സമയങ്ങളിൽ മണിയുടെ വീട്ടിൽ കേറുമായിരുന്നു. അങ്ങനെ ഒരു ദിവസം ഭയങ്കര മഴയുള്ള ദിവസം മണിയുടെ വീട്ടിൽ ചെന്നു. മണി അവിടെ ഇല്ലായിരുന്നു. പുഴയില്‍ കുളിക്കാൻ പോയിരിക്കുവായിരുന്നു. സൂപ്പർ നടനായിട്ടിരിക്കുന്ന സമയമാണ്. ഞങ്ങൾ കാറുമെടുത്ത് പുഴയിൽ പോയി. അവിടെ ചെന്നപ്പോൾ കണ്ടത് പുഴയില്‍ നിന്ന് കേറി കൈലിയൊക്കെ ഉടുത്ത് തലേക്കെട്ടൊക്കെ കെട്ടി, ഒരു നാടൻ പാട്ടൊക്കെ പാടി മഴയും നനഞ്ഞു വരികയാണ്. ഏറ്റവും നല്ല നടനാണ്. അത്രയും നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം മരിച്ച സമയത്ത് ഞാനവിടെ ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹവുമായി നല്ല ഒരു ബന്ധമായിരുന്നു. 

ടിവി ചാനലും വല്ല്യേട്ട‌‌‌‌‌‌‌‌‌നും

ഒരു ചാനലിൽ തന്നെ ഈ സിനിമ വീണ്ടും വീണ്ടും വരുന്നതു കൊണ്ടെന്താണ്? ചാനലിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാലു മാസം കഴിഞ്ഞാണ് വല്ല്യേട്ടന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ചാനൽ ആദ്യമായി ഒരു സാറ്റലൈറ്റ് സിനിമ വാങ്ങിക്കുന്നത് എന്റെ കയ്യിൽ നിന്നാണ്. ഈ ചാനലിന്റെ ആദ്യത്തെ സിനിമയും വല്ല്യേട്ടന്‍ ആണ്. അന്നത്തെ കാലത്ത് 15 ലക്ഷം രൂപയ്ക്കാണ് ഈ സാറ്റലൈറ്റ് വാങ്ങിയത്. ഇന്ന് അതുണ്ടെങ്കിൽ 10 കോടിയാണ്. അന്ന് സാറ്റലൈറ്റിനൊന്നും വലിയ റേറ്റില്ല. അങ്ങനെ ചാനലിൽ വന്നു. ചാനലിന് ഒരുപാട് പൈസ അതിൽ നിന്നും കിട്ടി. കാരണം സിനിമ നന്നായി പോയിക്കൊണ്ടിരിക്കുകയാണ്. ജനം സ്വീകരിച്ചതു കൊണ്ടല്ലേ അവരത് കാണുന്നത് അല്ലാതെ ചുമ്മാ ഒരു സിനിമാ രാവിലെ തൊട്ട് എല്ലാ ദിവസവും ഇട്ടോണ്ടിരിക്കുമോ? അവർക്ക് നന്നായിട്ട് മാർക്കറ്റിങ്ങിൽ പരസ്യത്തിന്റെ പൈസ കിട്ടുന്നുണ്ട്. 

ജനം ഇത് കാണാൻ ടിവിയുടെ മുമ്പിൽ ഇരിക്കുന്നു. ഇനി എല്ലാവരും 4 കെയിൽ കണ്ടാൽ മതി. മാത്രമല്ല അതിനൊരു റെക്കോർഡുമുണ്ട് 1900 ദിവസം ഈ സിനിമ ചാനലിൽ വന്നു ഒരു ഹോളിവുഡ് സിനിമ പോലും ഇങ്ങനെ പ്രദർശിപ്പിച്ചിട്ടില്ല. ചില ആൾക്കാർക്ക് നമ്മൾ പ്രമോഷൻ കൊടുക്കുമ്പോൾ കമന്റിടാറുണ്ട് ഇത് ചാനലിന് നഷ്ടമാണെന്നൊക്കെ പറഞ്ഞ്. ടിവിയിൽ കാണേണ്ടവർ ടിവിയിൽ കാണുക. തിയറ്ററിൽ കാണേണ്ടവർ തിയറ്ററിൽ പോയി കാണുക. 4 കെ കണ്ടു കഴിഞ്ഞാൽ ടിവിയിൽ ആരും കാണില്ല.

English Summary:

Valyettan Returns: Exclusive Interview with Producer Biju Ambalakkara on the 4K Re-release and Sequel Possibilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com