ബേസിലിന്റെ ‘സഹോദരി’: സൂക്ഷ്മദർശിനിയിലെ ‘ഡയാന’ ഇവിടുണ്ട്
Mail This Article
സ്ത്രീകൾ പ്രധാന വേഷത്തിലെത്തി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് എംസി ജിതിൻ അണിയിച്ചൊരുക്കിയ ‘സൂക്ഷ്മദർശിനി’. ചിത്രത്തിൽ നിഗൂഢത ഏറെയുള്ള ഒരു കഥാപാത്രമായാണ് ബേസിലെത്തുന്നത്. ബേസിലിന്റെ സഹോദരി ഡയാനയും പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു കഥാപാത്രമാണ്. ജനനി റാം ആണ് ഡയാനയെ സിനിമയിൽ അവതരിപ്പിക്കുന്നത്. ‘ഡിയർ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജനനി ഒരു ആർക്കിടെക്റ്റും വസ്ത്രവ്യാപാര ബിസിനസ്സ് ഉടമയുമാണ്. ഹാപ്പി അവേഴ്സ് എന്ന നിർമാണ കമ്പനിയുടെ ചിത്രത്തിൽ വീണ്ടും എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജനനി. സൂക്ഷ്മദർശിനിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ജനനി റാം മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.
ഹാപ്പി അവേഴ്‌സിനൊപ്പം വീണ്ടും
ഞാൻ ആദ്യമായി അഭിനയിച്ചത് ‘ഡിയർ ഫ്രണ്ട്’ എന്ന സിനിമയിൽ ആണ്. ഹാപ്പി അവേഴ്സ് പ്രൊഡക്‌ഷൻസ് ചെയ്ത സിനിമയായിരുന്നു അത്. പിന്നീട്, ജയ് ഗണേഷ്, കൊണ്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. അങ്ങനെയിരിക്കെയാണ് ഹാപ്പി അവേഴ്‌സിന്റെ വിളി വീണ്ടും വരുന്നത്. ‘ഡിയർ ഫ്രണ്ട്’ മുതൽ അവരെ അറിയാമല്ലോ! അങ്ങനെ സൂക്ഷ്മദർശിനി ചെയ്യുന്ന സമയത്ത് ഓഡിഷന് വിളിച്ചതാണ്.
അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക്
അഭിനയം എന്റെ അജണ്ടയിലേ ഇല്ലാത്ത കാര്യമായിരുന്നു. ഞാൻ കോഴിക്കോട് എൻഐടിയിൽ ആണ് പഠിച്ചത്. ആർക്കിടെക്റ്റ് ആണ്. ഒരു ചെറിയ വസ്ത്രവ്യാപാര ബിസിനസ്സ് ഉണ്ട്. അതാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്. ബെംഗളൂരിൽ ആണ് ‘ഡിയർ ഫ്രണ്ട്’ ഷൂട്ടിങ് നടന്നത്. എന്റെ ഒരു സുഹൃത്ത് അതിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ അത്യാവശ്യമായി വേണ്ടി വന്നപ്പോൾ ആ സുഹൃത്ത് എന്നെ സമീപിച്ചു. എനിക്ക് പറ്റില്ല എന്നൊക്കെ ഞാൻ കുറേ പറഞ്ഞു നോക്കി. സത്യത്തിൽ, ആ ഒരു നിമിഷം വരെ ഞാൻ അഭിനയിച്ചിട്ടേ ഇല്ല. നാടകമോ സ്റ്റേജ് ഷോയോ ഒന്നും ചെയ്തിട്ടില്ല.
അവർ എന്നെ നിർബന്ധിച്ചു കൊണ്ട് പോകുകയായിരുന്നു. വെറുതെ ചെയ്തു നോക്കാമെന്നേ ഞാൻ കരുതിയുള്ളൂ. അവർ പറഞ്ഞതുപോലെ ഒക്കെ ഞാൻ ചെയ്തു. അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ പടത്തിൽ അഭിനയിച്ചത്. അഭിനയിക്കാൻ കഴിയുമെന്ന് എനിക്കും എന്റെ വീട്ടുകാർക്കുമൊക്കെ പുതിയ അറിവായിരുന്നു. അതിനു ശേഷം കോവിഡ് കാലത്ത് എനിക്ക് ജോലിയിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് തോന്നി. ബ്രേക്ക് എടുത്തു നിൽക്കുന്ന സമയത്ത് ഓഡിഷന് പോയി തുടങ്ങി. അങ്ങനെയാണ് സിനിമകൾ വീണ്ടും കിട്ടിയത്. ഇപ്പോൾ സൂക്ഷ്മദർശിനിയിൽ അഭിനയിച്ചത് ഒരു വലിയ വഴിത്തിരിവാണ്.
ആസ്വദിച്ചു ചെയ്ത സിനിമ
രസകരമായ അനുഭവമായിരുന്നു സൂക്ഷ്മദർശിനി. സെറ്റിൽ എല്ലാവരും തന്നെ നല്ല വൈബ് ആയിരുന്നു. ബേസിലും നസ്രിയയും ഈ അഭിമുഖങ്ങളിൽ കാണുന്നതു പോലെ തന്നെയായിരുന്നു സെറ്റിലും. ഭയങ്കര എനർജി ഉള്ള രണ്ടുപേർ. പിന്നെ പൂജ, അഖില, മെറിൻ, മഹേശ്വരി ചേച്ചി, കോട്ടയം രമേശ് ചേട്ടൻ തുടങ്ങി എല്ലാവരും തമ്മിൽ വളരെ സൗഹൃദമായിരുന്നു. നന്നായി ആസ്വദിച്ച് വർക്ക് ചെയ്ത ഒരു സെറ്റാണ്. സംവിധായകൻ എംസി വളരെ നന്നായി സഹായിച്ചു.
ഒരു ചെറിയ കാര്യംപോലും പറഞ്ഞു തന്ന് വളരെ നന്നായി എന്നെ ഗൈഡ് ചെയ്തു. മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഒരു ക്രൂ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. സമീർ താഹിർ സാർ, ഷൈജു ഖാലിദ് സർ തുടങ്ങിയവരൊക്കെ. ഹാപ്പി അവേഴ്സ് എന്നത് ഒരു നല്ല ടീം ആണ്. ക്യാമറ ചെയ്ത ശരൺ, കോസ്റ്റ്യൂം ചെയ്ത മഷർ, എഡിറ്റർ ചമൻ അങ്ങനെ വളരെ പ്രഫഷനൽ ആയ ഒരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. വളരെ രസകരമായ അനുഭവമായിരുന്നു അത്.
സ്വതന്ത്രയും ധീരയുമായ സ്ത്രീ
എന്റെ കഥാപാത്രത്തെപ്പറ്റി എംസി പറഞ്ഞത് സ്വതന്ത്രമായി ചിന്തിക്കുന്ന, ജീവിക്കുന്ന ഒരു ബിസിനസ്സുകാരി എന്നാണ്. ഡയാന എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ ശക്തയായ സ്ത്രീ. എന്റെ സ്വന്തം സ്വഭാവരീതി ആ കഥാപാത്രത്തിന് വരാതിരിക്കാൻ ഞാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു. ബിസിനസ്സ് വുമൻ എങ്ങനെയാണ് എന്ന് എനിക്കറിയാം. ഞാൻ ഒരു ബിസിനസ് വുമൺ ആണ്. പക്ഷേ, ആ കഥാപാത്രത്തെപ്പോലെ അത്ര ഗൗരവക്കാരി അല്ല ഞാൻ. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ കുറച്ച് ലൈറ്റ് ആണ്. ഈ കഥാപാത്രത്തിന് മറ്റുള്ളവരുമായുള്ള ബോണ്ടിങ് എങ്ങനെയാണ്, സ്വഭാവം എങ്ങനെയാണ് എല്ലാം എംസി പറഞ്ഞു തന്നിരുന്നു. അവർ പറഞ്ഞതുപോലെ തന്നെയാണ് ചെയ്തത്. എം സി യും, സമീർ ഇക്കയും, തിരക്കഥാകൃത്തുക്കളും എല്ലാം വളരെ നന്നായി സഹായിച്ചു.
സ്വിച്ച് ഇട്ടതുപോലെ മാറുന്ന ബേസിലും നസ്രിയയും
ബേസിലും നസ്രിയയും ഒക്കെ വളരെ അനുഭവപരിചയം ഉള്ള താരങ്ങളാണല്ലോ. ഷോട്ടിന് തൊട്ടു മുൻപ് വരെ ചിരിച്ചു കളിച്ച് നിൽക്കുന്നവർ, ആക്ഷൻ പറയുമ്പോൾ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറും. പക്ഷേ, ഞാൻ അപ്പോഴും സെറ്റിൽ ഉണ്ടായിരുന്ന മൂഡിൽ ആയിരിക്കും. ഞാൻ ചിരിച്ചു കഴിഞ്ഞിട്ടുണ്ടാകില്ല. അവർക്ക് കഥാപാത്രമാകാൻ ഒരു സെക്കൻഡ് മതി. പക്ഷേ, സെറ്റിൽ ഭയങ്കര തമാശ, കളി, ചിരി ഒക്കെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ഷോട്ട് ചെയ്യുമ്പോൾ ബേസിൽ എന്നെ സഹായിക്കും. ഞാനൊരു തുടക്കക്കാരി ആയതുകൊണ്ട് അഭിനയിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എനിക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ, ‘ടെൻഷൻ അടിക്കേണ്ട... ചെയ്തു നോക്ക്, ഇല്ലെങ്കിൽ നമുക്ക് മാറ്റിപിടിക്കാം’, എന്ന് അവർ പറയും. എനിക്ക് കൂടുതൽ ടേക്ക് പോവുകയാണെങ്കിലും ഞാൻ ടെൻഷൻ ആകാതെ അവർ നോക്കുമായിരുന്നു. ഒരു തവണ പോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല.
‘സമാധാനമായി ചെയ്യൂ, ജനനിയുടെ പേസിന് തന്നെ ചെയ്യാം, കുഴപ്പമില്ല’ എന്നു പറയും. വളരെ സന്തോഷമായി ചെയ്ത ഒരു സിനിമയായിരുന്നു ഇത്. കഥാപാത്രം നന്നായി ചെയ്യാൻ ഇവരുടെയെല്ലാം സഹകരണം ഒരുപാട് സഹായിച്ചു. ബേസിൽ എന്നെ വളരെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. നസ്രിയയും വളരെ നന്നായി പിന്തുണച്ചു.
ഇത് ആ കുട്ടി അല്ലേ ?
‘സൂക്ഷ്മദർശിനി’ റിലീസ് ചെയ്തു കഴിഞ്ഞ് എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. എന്നെ കാണുമ്പോൾ ‘ഇത് സൂക്ഷ്മദര്ശിനിയിൽ ഉള്ള കുട്ടി അല്ലേ’ എന്ന് പറയും. ഞാൻ കൂട്ടുകാരുടെ ഒപ്പം വളരെ കാഷ്വൽ ആയി പുറത്തിറങ്ങുന്ന ആളാണ്. പടം ഇത്രയും ഹിറ്റ് ആയതുകൊണ്ട് പുറത്തിറങ്ങുമ്പോഴൊക്കെ നമ്മുടെ കഥാപാത്രത്തെയും എല്ലാവരും തിരിച്ചറിഞ്ഞ് വന്നു സംസാരിക്കുന്നുണ്ട്. എനിക്ക് കൂടുതൽ സന്തോഷം വന്നത് കുറെ പെൺകുട്ടികൾ എന്നോട് വന്നു സംസാരിച്ചു. കഥാപാത്രത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. അത്തരത്തിൽ ഒരുപാട് മെസ്സേജുകളും എനിക്ക് വരുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നസ്രിയ
എന്റെ അമ്മ നസ്രിയ കുട്ടിയായിരുന്നപ്പോൾ മുതൽ ടിവിയിൽ കണ്ട് ഇഷ്ടപ്പെട്ടിരുന്ന ആളാണ്. അമ്മയ്ക്ക് നസ്രിയയെ ഭയങ്കര ഇഷ്ടമാണ്. നസ്രിയയുടെ വളർച്ച നമ്മൾ നേരിട്ട് കണ്ടിട്ടുള്ളതാണ്. എല്ലാവർക്കും അവരുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ ആണ് നസ്രിയ. അവർ ഒരു വീട്ടമ്മയുടെ റോളിൽ എത്തിയപ്പോൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നസ്രിയ ഇപ്പോഴും എല്ലാവരുടെയും മനസ്സിൽ ഒരു കുഞ്ഞുകുട്ടി ആണ്. നസ്രിയയുടെ വർത്തമാനവും കുസൃതികളുമെല്ലാം അമ്മയ്ക്ക് വളരെ ഇഷ്ടമാണ്. സത്യത്തിൽ എന്റെ അമ്മ നസ്രിയയുടെ സിനിമ കാണാനാണ് കാത്തിരുന്നത്. ഇടയ്ക്ക് ഞാൻ പറയും, ‘അമ്മാ ഞാനുമുണ്ട് സിനിമയിൽ’ എന്ന്.
അതുപോലെ, കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ബേസിൽ. അഖില, പൂജ, മെറിൻ എല്ലാവരും നല്ല ആർട്ടിസ്റ്റുകൾ ആണ്. അഖിലയെ കാണുമ്പോൾ, ‘ഇത് പ്രേമലുവിലെ ചേച്ചി അല്ലേ’ എന്ന് കുട്ടികൾ ചോദിക്കുമായിരുന്നു.എല്ലാവരും ഇഷ്ടപ്പെടുന്ന കുറെ താരങ്ങളും വളരെ നല്ലൊരു പ്രൊഡക്ഷൻ ഹൗസും ആയിരുന്നു സൂക്ഷ്മദർശിനിയുടേത്. ഹാപ്പി അവേർസിന്റെ രണ്ടു പടങ്ങൾ ചെയ്യാൻ പറ്റി എന്നത് വലിയൊരു കാര്യമാണ്.
ബൗദ്ധിക നിലവാരം കൂടിയ പ്രേക്ഷകർ
പണ്ടത്തെ കാലത്ത് സിനിമ കാണുന്നതുപോലെ അല്ല ഇപ്പോൾ. കേരളത്തിലെ പ്രേക്ഷകർ വളരെ ബൗദ്ധിക നിലവാരം കൂടിയവരാണ്. സംവിധാനം, തിരക്കഥ, മ്യൂസിക്, ക്യാമറ, എഡിറ്റിങ് തുടങ്ങി എല്ലാ ഡിപ്പാർട്മെന്റും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കേരളത്തിലേത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യുക എന്നത് വലിയ ടാസ്‌കാണ്. അവിടെയാണ് സൂക്ഷ്മദർശിനിയിലെ എല്ലാ ഡിപ്പാർട്മെന്റും ആളുകൾ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത്. അത് ഈ സിനിമയെ സംബന്ധിച്ച് വലിയൊരു വിജയമാണ്.