ആരണ്യകത്തിലെ പ്രിയ താരങ്ങൾ; 31 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച്
Mail This Article
സലീമയെ ഓർമയില്ലേ... 'ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ...' മൊബൈൽ ഫോണിൽ, ‘റൊമാൻസ്’ ഡിസ്‌കൗണ്ട് ഓഫറിൽ കിട്ടാതിരുന്ന കൗമാരകാലത്ത്, അന്നത്തെ ആൺകുട്ടികളുടെ മുഖക്കുരുവിൽ എം.ടിയുടെ ‘നഖക്ഷതങ്ങൾ’ ഏൽപ്പിച്ച് വന്ന പെൺകുട്ടി. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു സലീമ. നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങി മലയാളി ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ നിത്യസാനിധ്യമാകാൻ സലീമയ്ക്കായി.
വർഷങ്ങൾക്കിപ്പുറം സലീമ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. രണ്ട് മലയാളചിത്രങ്ങളിൽ നടി കരാർ ഒപ്പിട്ടുകഴിഞ്ഞു. 29 വർഷങ്ങൾക്ക് ശേഷമാണ് അവരുടെ മടങ്ങി വരവ്. മടങ്ങിവരവിൽ ജീവിതത്തിലെ മറ്റൊരു സുന്ദരനിമിഷം സലീമയെ തേടിയെത്തി.
1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. നടൻ ദേവന്റെയും സലീമയുടെയും പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാനആകർഷണം. ആരണ്യകത്തിലെ പ്രിയ താരങ്ങൾ കാലത്തിന്റെ മാജിക്കിനിപ്പുറം 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിൽ ഒന്നിച്ചപ്പോൾ അണിയറപ്രവർത്തകർക്കും മറക്കാനാകാത്ത നിമിഷങ്ങളായി മാറി.
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്.
1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം എന്നിവയിലായി ഒരു ഡസനോളം ചിത്രങ്ങൾ. മമ്മൂട്ടി നായകനായി എത്തിയ മഹായാനത്തിനു ശേഷം സലീമ സിനിമയിൽ നിന്നും അകന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടുമാണ് സിനിമയില്‍ നിന്ന് മാറി നിന്നത്. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാരണം.
പൂർണമായും റൊമാന്റിക് എന്റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.