അവരെല്ലാം എന്റെ തോന്ന്യവാസം: ശ്യാം പുഷ്കരൻ അഭിമുഖം
Mail This Article
എഴുത്തുകാര്‍ അധികം ആഘോഷിക്കപ്പെടാത്ത സമകാലീന സിനിമ ലോകത്തെ വേറിട്ട കാഴ്ചയാണ് ശ്യാം പുഷ്കരന് തിരക്കഥകള്‍. വരികള്‍ക്കിടയിലൂടെ വായിക്കപ്പെടേണ്ട, വായിച്ചാലും അതേപ്പറ്റി എഴുതിമടുക്കാത്ത ചില പുസ്തകങ്ങള്‍ പോലുള്ള സൃഷ്ടികള്‍. ഒരുപാട് ഉള്ളൊള്ള ഫ്രെയിമുകളും വളഞ്ഞു പുളഞ്ഞ തെളിഞ്ഞ വഴികളുള്ള സംഭാഷണങ്ങളുമുള്ള തിരക്കഥകള്‍. പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ്, ആ രാത്രികളുടെ ഭംഗി പോലെ മനസ്സു കീഴടക്കുമ്പോള്‍ ശ്യാം പുഷ്കരന് സംസാരിക്കുന്നു.
കൂട്ടുകാരന്റെ വീട്ടിലേക്കുള്ള യാത്ര!
എനിക്കൊരു ചങ്ങാതിയുണ്ട് സജി നെപ്പോളി. മുല്ല സിനിമയില്‍ വില്ലനായി അഭിനയിച്ച ആളാണ്. അവന്റെ വീട്ടിലേക്കുള്ള യാത്രയാണ് കുമ്പളങ്ങി നൈറ്റ്സ്. അവന് ഒരു ഡാന്‍സര്‍ ആണ്. ഇപ്പോള്‍ ഒരു സ്കൂളില്‍ ജോലി നോക്കുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്റെ വീട് തുറവൂര്‍ ആണ്. അവിടെ നിന്ന് അകലെയല്ല ഈ സ്ഥലം. അതുകൊണ്ട് കുമ്പളങ്ങി എനിക്ക് അപരിചതമായ സ്ഥലമല്ല. ഒരു സിനിമയിലേക്ക് നയിക്കാന്‍ മാത്രം ഭംഗിയുണ്ട് കുമ്പളങ്ങിക്ക് എന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷേ നാടിന്റെ സംസ്കാരവും ആ നാട്ടുകാരും എനിക്ക് പരിചിതമാണ്. രാത്രിയിലെ കായലും മീന്‍പിടിത്തവുമൊക്കെ ഒരുപാട് ഇഷ്ടമായി. അവനുമായുള്ള ചങ്ങാത്തവും ആ രാത്രിയുമാണ് കുമ്പളങ്ങിയുടെ പശ്ചാത്തലത്തിലുള്ള സിനിമയിലേക്കു നയിച്ചത്. പള്ളിത്തോട് കുമ്പളങ്ങി നാട്ടുകാരൊക്കെ നന്നായി സഹകരിച്ചു.
അവരെല്ലാം എന്റെ തോന്നസ്യവാസം
സ്ഥലവും പേരും അങ്ങനെ കയറി വന്നതാണെങ്കിലും കഥാപാത്രങ്ങളൊന്നും അങ്ങനെയല്ല. അതൊക്കെ എന്റെ തോന്ന്യവാസങ്ങളാണ്. എവിടെ നിന്നൊക്കെയോ കിട്ടിയവര്‍, കുറേ ഞാന്‍ തന്നെ മെനഞ്ഞെടുത്തവര്‍. കഥാപാത്രങ്ങള്‍ക്കു പിന്നില്‍ എടുത്താല്‍ പൊങ്ങാത്ത കഥകളൊന്നുമില്ല. നമ്മളൊക്കെ തന്നെയാണ് അവര്‍. ഫഹദ് അവതരിപ്പിച്ച ഷമ്മി എല്ലാവരിലുമുണ്ട്. എന്നില്‍ തന്നെയുണ്ട്. അതുകൊണ്ട് ഷമ്മിയെ ചിട്ടപ്പെടുത്താന്‍ എനിക്കെങ്ങോട്ടും നോക്കേണ്ടി വന്നില്ല.
ഫഹദിനോടു പറഞ്ഞപ്പോള്‍
രണ്ടു മൂന്നു സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റ് ആയ നടനാണ് ഫഹദ്. അദ്ദേഹം ഈ സിനിമ ചെയ്തത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടു കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ കഥയും അതു പറഞ്ഞ രീതിയും അദ്ദേഹത്തിന് ഇഷ്ടമായി. അതുകൊണ്ട് ഫഹദ് തന്നെയാണ് പറഞ്ഞത്. ‘ഇപ്പോള്‍ തന്നെ ചെയ്യാം. ഇപ്പോള്‍ ചെയ്താല്‍ ചെയ്തതാണ്. കാരണം അടുത്തകാലത്തെ പടങ്ങളൊക്കെ ഹിറ്റായതല്ലേ. ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് നെഗറ്റീവ് റോള്‍ ചെയ്യുന്നതാണ് നല്ലതെന്ന്’.
അവരെല്ലാം നല്ല താരങ്ങള്‍
തിരക്കഥയെഴുതുന്ന സിനിമകളിലെ അഭിനേതാക്കളൊക്കെ മുന്‍പ് കാണാത്ത വിധം റിയലിസ്റ്റിക് ആയി അഭിനയിക്കുന്നവരാണ് എന്നു പറയുന്നതിനേക്കാള്‍ അവരെല്ലാം നല്ല അഭിനേതാക്കളാണ് എന്ന് പറയുന്നതിലാണ് കാര്യം. അവര്‍ നല്ല കലാകാരന്മാരാണ്. അതുകൊണ്ടു മാത്രമാണ് നമ്മള് അവരെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അല്ലാതെ ഒരു അവസരം കൊടുക്കാം വിപ്ലവം സൃഷ്ടിക്കാം എന്ന ചിന്തയില്‍ നിന്നല്ല നടീ നടന്മാരെ തിരഞ്ഞെടുക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ഓരോ അഭിനേതാക്കളും അങ്ങനെ വന്നവരാണ്.
ചിലരെ ഓഡിഷന് ചെയ്ത് എടുത്തു. മറ്റു ചിലരെ സിനിമകള്‍ കണ്ടതില്‍ നിന്ന് തിരഞ്ഞെടുത്തു. ഫഹദിന്റെ ഭാര്യയായി അഭിനയിച്ച ഗ്രേസ് മുന്‍പ് ചെയ്ത സിനിമകളിലൊക്കെ ചെറിയ വേഷം ആയിരുന്നുവെങ്കിലും നല്ല രീതിയിലാണ് ചെയ്തത്. അതാണ് എന്നെ ആകര്‍ഷിച്ചത്. സിമിയെ ചിത്രീകരിച്ചു വന്നപ്പോള്‍ ഗ്രേസുമായി സാമ്യമുണ്ട് എന്നു തോന്നി.
നമ്മുടെ നാട്ടില്‍ നല്ല അഭിനേതാക്കള്‍ ഏറെയുണ്ട.് അവരെ കണ്ടെത്തുന്നതിലാണ് കാര്യം. എനിക്ക് അഭിനേതാക്കള്‍ക്കു വേണ്ടി എഴുതാനും അവര്‍ അത് അവതരിപ്പിക്കുന്നതു കാണാനും ഏറെയിഷ്ടമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിനു വേണ്ട അഭിനേതാക്കളെ കണ്ടത്തെ അവര്‍ അവരായി മാറുന്ന ആ പ്രക്രിയയോട് അങ്ങേയറ്റത്തെ ആവേശമാണ്. എന്റെ തിരക്കഥകളൊക്കെ പൂര്‍ത്തിയാകുന്നത് സെറ്റില്‍ വച്ചാണ്. ഡയലോഗുകളൊക്കെ ജനിക്കുന്നത് ചിലപ്പോഴൊക്കെ അവരുടെ പ്രകടനങ്ങള്‍ കാണുന്നതിലൂടെയാണ്. അത് കൃത്യമായ രൂപമില്ലാത്ത, എന്നാല്‍ തീര്‍ത്തും യുക്തിപൂര്‍വമായ നിഷ്കളങ്കമായൊരു പ്രവര്‍ത്തനമാണ്.
ആ ഡയലോഗുകള്‍
ഡയലോഗ് എഴുതുക എന്നത് എടുത്താല്‍ പൊങ്ങാത്തൊരു കാര്യമൊന്നുമല്ല. കഥ മുന്നോട്ടു പോകാനുള്ള കാര്യം മാത്രമാണിത്. പിന്നെ നമുക്കു ചുറ്റുമുള്ള മനുഷ്യരല്ലേ അവരെങ്ങനെയാണ് സംസാരിക്കുക എന്ന് നമുക്കറിയാമല്ലോ. പക്ഷേ അതേപടി സിനിമയിലെഴുതാറില്ല. സിനിമയുടെ സംസ്കാരത്തോടും രീതിയോടും ചേരുന്ന വിധത്തില്‍ അത് മാറ്റിയെഴുതും. അവരുടെ സംസാരത്തില്‍ നിന്ന് മനസ്സില്‍ കയറുന്നത് കൃത്യമായി അടര്‍ത്തിയെടുത്ത് എഴുതാനാണ് ശ്രമിക്കാറ്.
സിനിമകളിലെ സ്ത്രീ!
കുമ്പളങ്ങി നൈറ്റ്സില്‍ കുറേ സ്ത്രീകളുണ്ട്. അവരെല്ലാം ബോള്‍ഡ് ആയ കഥാപാത്രങ്ങളല്ല. എല്ലാവര്ക്കും അങ്ങനെയാകാന്‍ ആകില്ലല്ലോ. സിനിമകളിലെ സ്ത്രീ എന്നത് പലപ്പോഴും പല തരത്തില്‍ പല രീതിയില്‍ ചര്‍ച്ചയ്ക്കും വിധേയമായതും ഇനിയും അങ്ങനെ തന്നെ ആകേണ്ടതുമായ വിഷയമാണ്. മനപൂര്‍വം ഒരു സ്ത്രീയെ ബോള്‍ഡ് കഥാപാത്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കാറില്ല. പക്ഷേ ഏതൊരാളെയും പോലെ എന്റെ രാഷ്ട്രീയവും നിലപാടുകളും എത്ര വേണ്ടെന്നു വച്ചാലും നമ്മുടെ വര്‍ക്കുകളില്‍ കടന്നു വരും. എന്റെ സിനിമകളിലും അങ്ങനെ തന്നെ.
പിന്നെ ബോധപൂര്‍വം എടുക്കുന്ന നിലപാട് എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരിടം, ഐഡന്റിറ്റി കൊടുക്കുക എന്നതാണ്. കമേഴ്സ്യല്‍ സിനിമകളുടെ പ്രശ്നമായി പലപ്പോഴും തോന്നാറുള്ളത് അതാണ്. ഹീറോയ്ക്ക് വേണ്ടി എഴുതി വരുമ്പോള്‍ ഹീറോയിനും മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കിട്ടാറില്ല. ഹീറോയ്ക്ക് സ്നേഹവും പരിവേഷവും കൊടുക്കാനുള്ള ഉപകരണങ്ങളായി അവര്‍ മാറുന്നു. എന്റെ സിനിമകളില്‍ അങ്ങനെ വരരുതെന്ന് നിര്‍ബന്ധമുണ്ട്. എല്ലാ കഥാപാത്രങ്ങളോടും ഒരുപോലെ ഇഷ്ടമാണ്.
കുമ്പളങ്ങി ഈ കണ്ടതൊന്നുമല്ലല്ലോ
അതേപ്പറ്റി ഞാന്‍ എന്താണ് പറയുക. ഞാന്‍ തന്നെ എന്റെ സിനിമയില്‍ എന്താണ് ഉദ്ദേശിച്ചത് അതിന്റെ രാഷ്ട്രീയമെന്ത് എന്നൊക്കെ പറയുന്നത് എങ്ങനെയാണ്. അതിനേക്കാള്‍ നല്ലത് അതു കണ്ട സമൂഹം പറയുന്നതല്ലേ. കുമ്പളങ്ങിയിലെ രാഷ്ട്രീയം സംസാരിക്കാന്‍ എനിക്ക് തോന്നുന്നില്ല. കുമ്പളങ്ങിയെ പല തലത്തില്‍ നിന്ന് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ ചര്‍ച്ചകളാണ് വേണ്ടത്. സിനിമയ്ക്ക് അനന്തരം നല്ല ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകു്നത് നല്ലതല്ലേ. അതങ്ങനെ തന്നെ വേണം എന്നാണ് എന്റെ ആഗ്രഹം. ഇവിടെയങ്ങനെ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.
കറുപ്പ്, ജാതി...
അവ രണ്ടും കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടുന്ന വിഷയമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ പൊള്ളുന്നത്. അത്രയ്ക്ക് കനലുള്ള വിഷയങ്ങള്‍. തീര്‍ച്ചയായും അതേപ്പറ്റി സംസാരിക്കണം എന്നുണ്ട്. അതിന് കുറേ കൂടി വലിയ കാന്‍വാസിലെ പഠനങ്ങളും അവലോകനങ്ങളും ആവശ്യമാണ്. പരിയേറും പെരുമാള്‍ പോലുള്ള സിനിമകളുണ്ടാകുന്നത് അങ്ങനെയാണ്. എന്നെങ്കിലും അങ്ങനെയൊരു ചിത്രത്തിലേക്ക് എത്തണം എന്നുണ്ട്. സംസാരിക്കാന്‍ ആഗ്രഹമുള്ള വിഷയങ്ങള്‍ ഏറെയാണ് പതിയെ യാത്ര ചെയ്ത് അതിലേക്കൊക്കെ എത്തും എന്നു കരുതുന്നു.
ഞാനും എന്റെ തിരക്കഥകളും
ഏതൊരു എഴുത്തുകാരനേയും അല്ലെങ്കില്‍ സിനിമാക്കാരനേയും പോലെ എന്റെ തിരക്കഥകളും വരുന്നത് യാത്രകളിലൂടെയും പുസ്തകങ്ങളിലൂടെയും തന്നെയാണ്. എന്നാല്‍ ഞാന്‍ ഗംഭീര വായനക്കാരനുമല്ല. വലിയ സംഭവമൊന്നുമല്ല. നമുക്ക് ചുറ്റുമുള്ളത് മാത്രമാണ് ഞാന്‍ തിരക്കഥയാക്കാറ്. അതിനു തീര്‍ത്തും ബുദ്ധിജീവി പരിവേഷമില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. വളരെ സിംപിളാണ്. അതില്‍ ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്റെ രാഷ്ട്രീയവും നിലപാടുകളുമൊക്കെ കയറി വരുന്നുണ്ടാകും. അത്ര തന്നെ. പക്ഷേ മലയാള സിനിമ നമ്മള് ഇന്നോളം കണ്ടതും ഇപ്പോഴും കാണുന്നതുമായ ലോക സിനിമയിലെ ചില സൈദ്ധാന്തിക സിനിമകളുടെ ഒപ്പം നില്‍ക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്.