ADVERTISEMENT

ഇത് അഹങ്കാരമല്ല, എന്റെ കോൺഫിഡൻസ് ആണ്.–അമർ അക്ബർ അന്തോണിയിലെ ആസിഫ് അലിയുടെ ഡയലോഗ് ആണിത്. ഇതിലും വലിയൊരു പഞ്ച് ഡയലോഗ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അതും സിനിമയിലെ അല്ല യഥാ‍ർഥ ജീവിതത്തിലെ. മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് എട്ടു വർഷം മുമ്പ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഇന്നു നിങ്ങൾ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ 2011 ജൂൺ 28–ന് ടൊവീനോ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.

ഇൗ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയ്ർ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവർക്കു നേരെയും രോഷമിരമ്പുന്നുണ്ട്.

‘നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയിൽ ലൈറ്റ് ബോയ് ആകുമെടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാൾ അന്നു പറഞ്ഞിരുന്നു. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും അന്നും ടൊവീനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവർ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവീനോ മറുപടിയായി എഴുതിയത്.

2012–ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഇടംനേടി. ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ തിരക്കേറിയ നടനാണ് ടൊവീനോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com