വരുമാനത്തിൽ ജാക്കി ചാനെയും പിന്നിലാക്കി അക്ഷയ് കുമാർ; സമ്പാദ്യം 444 കോടി
Mail This Article
ലോകത്തില്‍ കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്‌സ്. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്. 18.5 കോടി ഡോളറുമായി 29-കാരിയും ഗായികയുമായ ടെയിലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. 17 കോടി ഡോളര്‍ വരുമാനത്തോടെ 2016-ലും താരം ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച ഏകതാരം അക്ഷയ് കുമാറാണ്. 444 കോടി രൂപ (65 മില്യണ്‍ യുഎസ് ഡോളര്‍) ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി മാഗസിന്‍ കണക്കാക്കുന്നത്. ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാറിന്റെ സ്ഥാനം 33 ആണ്. 37.7 ഡോളറിന്റെ വരുമാനവുമായി 2018ലെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ 82ാം സ്ഥാനം നേടിയിരുന്നു. 2017ല്‍ അക്ഷയ് കുമാറിനൊപ്പം ഷാരൂഖ് ഖാന്‍ 65ാം സ്ഥാനം പങ്കിട്ടെങ്കിലും 2018ലെ പട്ടികയില്‍ നിന്ന് ഷാരൂഖ് പുറത്തായിരുന്നു.
2018ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തിനു ശേഷം 444 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നത്. ഈ കാലയളവില്‍ ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നു. മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഉടന്‍ റിലീസ് ആകാനുള്ള ചിത്രം. ഹോളിവുഡ് താരങ്ങളായ റിഹാന, സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍, ക്രിസ് ഇവാന്‍സ്, കാറ്റി പെറി, ലേഡി ഗാഗ എന്നിവരെ എല്ലാം പിന്തള്ളിയാണ് അക്ഷയ് 2019ലെ പട്ടികയില്‍ 33ാം സ്ഥാനം സ്വന്തമാക്കിയത്.
17 കോടി ഡോളര്‍ സമ്പാദ്യവുമായി റിയാലിറ്റി ടെലിവിഷന്‍ താരവും മോഡലുമായ കെയ്‍ലി ജെന്നര്‍ രണ്ടാം സ്ഥാനത്തെത്തി. 12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്.
ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്. അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയര്‍ 31ാമതും ക്രിസ് ഹെംസ്‌വർത്ത് (തോർ താരം) 24ാമതും എത്തിയപ്പോൾ ജാക്കി ചാൻ 39ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.