‘എനിക്ക് ആകെ 45 കിലോ, സാരിക്കും ആഭരണത്തിനും 15’: അനശ്വര പെട്ടപാട്
Mail This Article
ബിജു മേനോൻ ചിത്രം ആദ്യരാത്രി സിനിമയിൽ നവവധുവായി വേഷമിട്ട അനുഭവം പങ്കുവച്ച് നടി അനശ്വര രാജൻ. അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വിവാഹം ആലോചിക്കുന്ന കുട്ടിയുടെ വേഷത്തിലാണ് അനശ്വര എത്തിയത്. സിനിമയിലെ വധുവായുള്ള അണിഞ്ഞൊരുങ്ങൽ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് അനശ്വര പറയുന്നു. നവവധുമായി അണിഞ്ഞൊരുങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്:
അനശ്വരയുടെ വാക്കുകൾ:
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് ഞാൻ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓർക്കാറുണ്ട്.
അത് സിനിമയിൽ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാൻ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങൾ അണിഞ്ഞ് ഇങ്ങനെ നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നിൽക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.
ആദ്യരാത്രി സിനിമയിൽ ഞാൻ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കിൽ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയുമാണ്. സത്യത്തിൽ നേരെചൊവ്വേ ശ്വാസം വിടാൻപോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തിൽ ഇനി അൽപം നിയന്ത്രണംവയ്ക്കണം.