ADVERTISEMENT

ഗംഭീര പ്രകടനങ്ങളിലൂടെ അഭിനേതാക്കൾ മലയാള സിനിമയെ ഞെട്ടിച്ച വർഷമായിരുന്നു 2019. നായകൻ, നായിക, സഹതാരങ്ങൾ, നെഗറ്റീവ് കഥാപാത്രങ്ങൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപിത അതിർവരമ്പുകളെ പൊളിച്ചടുക്കി അഭിനേതാക്കളും സംവിധായകരും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കി. അക്കൂട്ടത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച നടനാണ് സൈജു കുറുപ്പ്. ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു സൈജു കുറുപ്പിന്റെ 2019ലെ പകർന്നാട്ടങ്ങൾ. 

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നൻ, ഡ്രൈവിങ് ലൈസൻസിലെ ജോണി പെരിങ്ങോടൻ എന്ന രാഷ്ട്രീയക്കാരൻ, ജാക്ക് ആന്റ് ഡാനിയേലിലെ ഡിവൈഎസ്പി ഫിലിപ്പ്, പ്രതി പൂവൻ കോഴിയിലെ പൊലീസ് ഉദ്യോഗസ്ഥൻ, കോടതി സമക്ഷം ബാലൻ വക്കീലിലെ വിദ്യാധരൻ, പ്രണയമീനുകളുടെ കടലിലെ എസ്ഐ എൽദോ, ജനമൈത്രിയിലെ സംയുക്തൻ... എന്നിങ്ങനെ അഭിനയിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. 

 

2019ലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതെന്നു ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ സൈജു കുറുപ്പ് പറയും– ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നൻ– എന്ന്! അതിനു കാരണമുണ്ട്. ഈ കഥാപാത്രം തന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന ആശങ്കയിൽ, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകി ഇറങ്ങിപ്പോയാലോ എന്നു ചിന്തിച്ച വ്യക്തിയാണ് സൈജു കുറുപ്പ്. എന്നാൽ, സിനിമ റിലീസ് ആയപ്പോൾ നിഷ്കളങ്കനായ പ്രസന്നനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. തന്റെ കരിയറിലെ ഏറ്റവും മികച്ച 15 കഥാപാത്രങ്ങളിൽ ഒന്നായി സൈജു കുറുപ്പ് മനസോടു ചേർത്തു നിറുത്തുന്നതും പ്രസന്നനെ തന്നെ! 

 

saiju-suraj-2

2019ലെ കഥാപാത്രങ്ങളെക്കുറിച്ചും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ കഥാപാത്ര പരിണാമത്തെക്കുറിച്ചുമുള്ള വിശേഷങ്ങളുമായി സൈജു കുറുപ്പ് മനോരമ ഓൺലൈനിൽ: 

 

ടെൻഷൻ അടിപ്പിച്ച പ്രസന്നൻ‌

 

പയ്യന്നൂർ സ്ലാങ്ങിലാണ് ഡയലോഗുകൾ പറയേണ്ടതെന്ന് എനിക്കറിയുമായിരുന്നില്ല. അക്കാര്യം സംവിധായകൻ രതീഷ് എന്നോടു പറഞ്ഞതായി ഓർക്കുന്നില്ല. ഷൂട്ടിനായി കണ്ണൂരെത്തിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഏതൊക്കെ രംഗങ്ങളാണ് അടുത്ത ദിവസം എടുക്കുന്നതെന്ന് അറിയാൻ അസോസിയേറ്റിനെ വിളിച്ചപ്പോൾ സ്ക്രിപ്റ്റിലുള്ള സംഭാഷണങ്ങൾ പയ്യന്നൂർ സ്ലാങ്ങിൽ പറയണമെന്നു അറിയിച്ചു. അതോടെ എനിക്ക് ടെൻഷനായി. 

saiju-prithvi

 

ഞാൻ നേരെ ചീഫ് അസോസിയേറ്റ് സുധീഷ് ഗോപിനാഥനെ വിളിച്ചു. ഒന്നും പറ്റിയില്ലെങ്കിൽ അഡ്വാൻസ് തുക തിരികെ കൊടുത്ത് തിരിച്ചു പോരാം എന്നായിരുന്നു ഞാൻ കരുതിയത്. സുധീഷിനെ വിളിച്ച്, അറയ്ക്കൽ അബുവിന്റെ ഡയലോഗ് പ്രയോഗിച്ചു– ‘എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല സുധീഷേ’! പക്ഷേ, സുധീഷ് എന്നെ വിട്ടില്ല. എന്നെക്കൊണ്ടു കഴിയുമെന്നു ആവർത്തിച്ചു. ആദ്യ രംഗം മുതൽ അവസാനത്തെ രംഗത്തിന് കട്ട് പറയുന്നതു വരെ അത്രയും ടെൻഷൻ അടിച്ചാണ് ഞാൻ അഭിനയിച്ചത്. രാത്രി കിടക്കുമ്പോൾ അടുത്ത ദിവസം എങ്ങനെ ചെയ്യും എന്നു ആലോചിച്ച് ടെൻഷനടിക്കാറുണ്ടായിരുന്നു. 

 

ക്ലിപ്പിട്ട അഭിനയം

 

dileep-saiju

പയ്യന്നൂർ സ്ലാങ്ങിലാണ് പ്രസന്നൻ സംസാരിക്കുന്നത്. അതുകൂടാതെ, ആ കഥാപാത്രത്തിനായി എന്റെ താഴത്തെ താടിയെല്ലിൽ ക്ലിപ് ഇട്ടിരുന്നു. കവിൾ അൽപം കൂട്ടുന്നതിനാണ് അതു ചെയ്തത്. പിന്നെ കുടവയർ വച്ചിരുന്നു. ഇതൊക്കെ അഭിനയത്തെ കുറച്ചു തടസപ്പെടുത്തും. ഈ വച്ചുകെട്ടലിലേക്ക് ശ്രദ്ധ പോകും. വയർ വലിയൊരു പ്രശ്നമായിരുന്നില്ല. പക്ഷെ, താടിയെല്ലിലെ ക്ലിപ് വലിയ അസ്വസ്ഥതയായിരുന്നു. ഓരോ ഷോട്ടും കഴിയുമ്പോൾ അതു വെള്ളത്തിൽ ഇട്ടു വയ്ക്കണം. ഷോട്ടു പറയുമ്പോൾ വീണ്ടും അതെടുത്ത് വയ്ക്കണം. അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നു. 

 

mamta-saiju

ഡ്രൈവിങ് ലൈസൻസും ജനമൈത്രിയും

 

ജോണി പെരിങ്ങോടൻ എന്ന കഥാപാത്രത്തിനു വേണ്ടി ഞാൻ ഒരുപാടു കഷ്ടപ്പെട്ടിട്ടില്ല. അയാളൊരു സാധാരണ രാഷ്ട്രീയക്കാരനാണ്. അയാൾക്ക് പ്രത്യേകമായൊരു ശൈലിയോ ഭാഷാപ്രത്യേകതകളോ ഇല്ല. പ്രേക്ഷകർ ആ കഥാപാത്രത്തെ ഇത്രയധികം ശ്രദ്ധിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഷൂട്ട് കഴിഞ്ഞ സമയത്ത്, അണിയറപ്രവർത്തകരിൽ പലരും മികച്ച അഭിപ്രായം പറഞ്ഞിരുന്നെങ്കിലും ഞാനതു കാര്യമായി എടുത്തില്ല. 

 

എന്നെ സന്തോഷിപ്പാക്കാനും എനിക്ക് പ്രചോദനം നൽകാനും പറയുന്നതാകുമെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, തിയറ്ററുകളിൽ നിന്ന് പ്രേക്ഷകപ്രതികരണം ലഭിച്ചപ്പോൾ നേരത്തെ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. 2019ലെ മറ്റൊരു കഥാപാത്രം 'ജനമൈത്രി'യിലെ സംയുക്തനായിരുന്നു. താരനിരയുടെ കുറവു കൊണ്ടാണോ എന്നറിയില്ല, തീയറ്ററുകളിൽ പ്രതീക്ഷിച്ച പ്രതികരണം ജനമൈത്രിക്ക് ലഭിച്ചില്ല. എങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആ സിനിമ ക്ലിക്ക് ആയി. 

 

നാല് പൊലീസ് കഥാപാത്രങ്ങൾ

 

പോയ വർഷം നാലു പൊലീസ് കഥാപാത്രങ്ങളാണ് ചെയ്തത്. അതെല്ലാം വ്യത്യസ്ത ഷെയ്ഡ്സിലുള്ള കഥാപാത്രങ്ങളായിരുന്നു. വാർത്തകൾ ഇതുവരെ, പ്രതി പൂവൻ കോഴി, ജാക്ക് ആന്റ് ഡാനിയേൽ, പ്രണയമീനുകളിലെ കടൽ എന്നീ സിനിമകളിലെല്ലാം എന്റെ കഥാപാത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. നാലും നാലു തരത്തിലുള്ള പൊലീസുകാരായിരുന്നു. പൊലീസ് വേഷങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്. ചെറുപ്പത്തിൽ ആരാകണം എന്നു ചോദിക്കുമ്പോഴൊക്കെ ഞാൻ പറഞ്ഞിരുന്നത്, പൊലീസ് ആകണമെന്നായിരുന്നു. സിനിമയിൽ വന്നതിനു ശേഷം പൊലീസായി വേഷമിടേണ്ട കഥപാത്രങ്ങൾ വരുമ്പോൾ എനിക്ക് അവ ചെയ്യാൻ വലിയ ഇഷ്ടമായിരുന്നു. 

 

ആവർത്തനമല്ല, അവസരമാണ് പ്രധാനം

 

ഇപ്പോൾ ഒരുപാടു പൊലീസ് വേഷമായി. ഇനിയൊന്നു മാറ്റി പിടിച്ചൂടെ എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നെ വച്ചുള്ള സിനിമകൾ വരുന്നുണ്ടല്ലോ എന്നാണ് എന്റെ ആശ്വാസം. പിന്നെ, ട്രിവാൻഡം ലോഡ്ജ് റിലീസു ചെയ്യുന്നതിനു മുൻപുള്ള എന്റെ അവസ്ഥ, വളരെ മോശമായിരുന്നു. എനിക്ക് സിനിമകളെ ഉണ്ടായിരുന്നില്ല. അന്നു, ഈ പറയുന്ന ഈ ആൾക്കാർ ആരും എന്നെ വിളിച്ച് സിനിമ തന്നിട്ടില്ല. നമുക്ക് ജോലിയുണ്ടാവുക എന്നതല്ലേ പ്രധാനം. പിന്നെ, കിട്ടുന്ന വേഷങ്ങൾ ഏറ്റവും ആത്മാർത്ഥമായി നല്ല രീതിയിൽ ചെയ്യാൻ ഞാൻ നോക്കുന്നുണ്ട്. 

 

ചാൻസ് ചോദിക്കുമ്പോൾ ചോയ്സ് ഇല്ല

 

ഞാൻ നിരവധി പേരോടു ചാൻസ് ചോദിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം എനിക്ക് മൂന്നു സിനിമകളിൽ അവസരം കിട്ടി. ഹോട്ടൽ കാലിഫോർണിയ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, റെഡ് വൈൻ എന്നീ സിനിമകളിലെ വേഷങ്ങളാണ് ലഭിച്ചത്. ഈ മൂന്നു പടങ്ങളും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും ഞാൻ ചാൻസ് ചോദിച്ച് പലരെയും സമീപിച്ചിട്ടുണ്ട്. അങ്ങനെ എനിക്ക് ഒരുപാടു സിനിമകൾ കിട്ടിയിട്ടുണ്ട്. എന്റെ ഭാഗ്യം എന്നു പറയുന്നത്, ഞാൻ കറക്ട് സ്ഥലത്ത് ചാൻസ് ചോദിച്ചു, എനിക്ക് കറക്ട് റോളുകൾ കിട്ടി! ചാൻസ് ചോദിക്കുമ്പോൾ നമുക്ക് മുൻപിൽ മറ്റു ചോയ്സ് ഇല്ല. അവർ തരുന്നത് ചെയ്യേണ്ടി വരും. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയ കഥാപാത്രങ്ങളൊക്കെ നല്ലതായിരുന്നു. 

 

2020ൽ ഗുണ്ട ജയൻ

 

ഇനി വരാനുള്ളത് ഫോറൻസിക് എന്ന ചിത്രമാണ്. പിന്നെ, ജിസ് ജോയിയുടെ കുഞ്ചാക്കോ ബോബൻ ചിത്രത്തിലും എനിക്കൊരു നല്ല വേഷമുണ്ട്. ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആ ചിത്രത്തിൽ ഒരുപാടു പ്രതീക്ഷയുണ്ട്. അരുൺ വൈഗയാണ് സംവിധായകൻ. ഒരു കല്ല്യാണ വീടിനെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നല്ല നർമ നിമിഷങ്ങളുള്ള ചിത്രമായിരിക്കും അത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com