ചാർലി തമിഴ് റീമേക്ക്; സായി പല്ലവി പുറത്ത്; പകരം ശ്രദ്ധ ശ്രീനാഥ്
Mail This Article
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം 'ചാര്‍ലി'യുടെ തമിഴ് റീമേക്ക് 'മാര' ചിത്രീകരണം പുരോഗമിക്കുന്നു. മാധവന്‍ നായകനാകുന്ന ചിത്രം ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരാകുന്നു.
ശ്രദ്ധയാണ് മലയാളത്തില്‍ പാര്‍വതി കൈകാര്യം ചെയ്ത വേഷത്തില്‍ എത്തുന്നത്. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദയ്ക്ക്. തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ചാര്‍ലിയുടെ മറാഠി റീമേക്കും പുറത്തുവന്നിരുന്നു.
മാധവനെ നായകനാക്കി എ.എൽ. വിജയ് ആയിരുന്നു സിനിമയുടെ തമിഴ് റീമേക്ക് പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങളാൽ ആ പ്രോജക്ട് നീണ്ടുപോയി. സായി പല്ലവിയെയായിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചതും. വിജയ് തിരക്കായതോടെ ദിലിപ് കുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഡേറ്റ് പ്രശ്നങ്ങൾ മൂലം സായി പല്ലവി ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തു.